24.5 C
Kottayam
Monday, May 20, 2024

കൊവിഡ് കാലത്ത് ജീവന്‍പോലും പണയംവെച്ച് ജോലിനോക്കുന്ന നഴ്‌സുമാരുടെ പിരിച്ചുവിടല്‍ ഒരു വശത്ത്,പുതിയ ഇരകള്‍ക്കായി വലവിരിച്ച് റിക്രൂട്ടിംഗ് ഏജന്‍സികള്‍ മറുവശത്ത്,ഒമാന്‍ ഭരണകൂടം മഹാമാരി കാലത്ത് നഴ്‌സുമാരോട് ചെയ്യുന്ന ചതി ഇങ്ങനെ

Must read

കൊച്ചി:സ്വദേശിവത്കരണത്തിന്റെ പേരില്‍ ഒമാനിലെ കൊവിഡ് ആശുപത്രികളില്‍ പോലും ജോലി നോക്കുന്ന മലയാളി നഴ്‌സുമാരെയടക്കമുള്ളവരെ പിരിച്ചുവിടുന്ന നടപടി ഊര്‍ജ്ജിതമായി തുടരുന്നതിനിടെ ഒമാനിലേക്ക് വീണ്ടും നഴ്‌സുമാരെ റിക്രൂട്ട് ചെയ്യുന്നതിനായി ഏജന്‍സികള്‍ സജീവം.

ചുരുങ്ങിയത് അഞ്ചുവര്‍ഷം പരിചയമുള്ള ജനറല്‍ നഴ്‌സുമാരെയും മൂന്നുവര്‍ഷം പരിചയമുള്ള ബി.എസ്.സി നഴ്‌സുമാരെയും ആവശ്യമുണ്ടെന്ന് ചൂണ്ടിക്കാട്ടിയാണ് മാരിസാജോബ്‌സ്അപ്പ് എന്ന സ്ഥാപനം വാട്‌സ് ആപ്പ് ഗ്രൂപ്പുകളില്‍ പരസ്യം ചെയ്തിരിയ്ക്കുന്നത്.പ്രതിമാസം 650 ഒമാനി റിയാലാണ് ശമ്പളം വാഗ്ദാനം ചെയ്തിരിയ്ക്കുന്നത്. പരസ്യം ശ്രദ്ധയില്‍പ്പെട്ട ബ്രേക്കിംഗ് കേരള പ്രതിനിധി റിക്രൂട്ടിംഗ് ഏജന്‍സിയെ ബന്ധപ്പെട്ടപ്പോള്‍ ജൂണ്‍ എട്ടിനു നടക്കുന്ന സ്‌കൈപ്പ് ഇന്റര്‍വ്യൂവില്‍ പങ്കെടുക്കണമെന്ന നിര്‍ദ്ദേശമാണ് ലഭിച്ചത്.രജിസ്‌ട്രേഷനും വിസ ലഭിയ്ക്കുന്നതിനുമായി ഏഴു ലക്ഷം രൂപ നല്‍കണം.രണ്ടുവര്‍ഷത്തേക്കാണ് പ്രാഥമിക കരാറെങ്കിലും ഇത് അനിശ്ചിതമായി നീട്ടി നല്‍കുമെന്നും ഏജന്‍സി ഉറപ്പ് നല്‍കുന്നു.

ഒമാനി പൗരന്‍മാര്‍ക്ക് ജോലി നല്‍കാനെന്ന പേരില്‍ കൊവിഡ് വാര്‍ഡുകളില്‍ ജോലി ചെയ്യുന്ന നഴ്‌സുമാരടക്കം നിരവധി പേര്‍ക്കാണ് മൂന്നുമാസത്തിനുള്ളില്‍ പിരിഞ്ഞുപോകണമെന്ന് ചൂണ്ടിക്കാട്ടി ആരോഗ്യമന്ത്രാലയം നോട്ടീസ് നല്‍കിയിരിയ്ക്കുന്നത്. ഇതിനിടയിലാണ് പുതിയ റിക്രൂട്ട്‌മെന്റിനുള്ള ശ്രമം കേരളത്തില്‍ ആരംഭിച്ചിരിയ്ക്കുന്നത്.

ഇപ്പോള്‍ നിയമനം നടത്തുമ്പോഴുള്ള വാഗ്ദാനം പോലെതന്നെ ദീര്‍ഘനാള്‍ ജോലിനല്‍കാമെന്ന ഉറപ്പുനല്‍കിയാണ് റിക്രൂട്ടിംഗ് ഏജന്‍സികള്‍ ഒമാനില്‍ നിന്നും പിരിച്ചുവിടപ്പെട്ട നഴ്സുമാര്‍ അടക്കമുള്ളവരെ ഒമാനിലെത്തിച്ചത്. നാട്ടില്‍ അഭിമുഖത്തിനും പരീക്ഷയ്ക്കുമായെത്തിയ ഒമാന്‍ സര്‍ക്കാര്‍ പ്രതിനിധികള്‍ ഇക്കാര്യം സമ്മതിയ്ക്കുകയും ചെയ്തിരുന്നു. എന്നാല്‍ ജോലി ആരംഭിച്ചശേഷം സ്വദേശിവത്കണത്തിന്റെ പേരില്‍ പിരിച്ചുവിടല്‍ നടപടികളുമായി മുന്നോട്ടുപോകുകയാണ് ഭരണകൂടം ചെയ്യുന്നത്.

നാലുലക്ഷത്തിലധികം രൂപ നല്‍കിയാണ് മിക്കയാളുകളും ഒമാനിലെത്തിയത്.രണ്ടും മൂന്നും വര്‍ഷം പരിചയമുള്ള ആളുകളെ ഒഴിവാക്കി പുതിയ ആളുകളെ നിയമിയ്ക്കുമ്പോള്‍ കോടികളാണ് ഇടനിലക്കാര്‍ക്കും ഉദ്യോഗസ്ഥര്‍ക്കും കിട്ടുന്നത്. 2015 അഭിമുഖം പാസായവര്‍ക്കുപോലും വിസ ലഭിച്ചത് 2017 ലായിരുന്നു.ഒമാനിലെത്തി രണ്ടു വര്‍ഷം കഴിയുമ്പോള്‍ പിരിച്ചുവിടുകയും ചെയ്യും.

മന്ത്രാലയ പ്രതിനിധികളുടെയും റിക്രൂട്ടിംഗ് സ്ഥാപനങ്ങളുടെയും വാക്കുവിശ്വസിച്ച് ജോലിയ്ക്കെത്തിയശേഷം വീടുപണിയുന്നതിനും നാട്ടിലെ മറ്റാവശ്യങ്ങള്‍ക്കുമായി ലക്ഷക്കണക്കിന് രൂപയുടെ വായ്പകള്‍ വിവിധ ബാങ്കുകളില്‍ നിന്നായി എടുത്തവരുമുണ്ട്. ജോലി നഷ്ടമായി മടങ്ങമ്പോള്‍ ഈ തുക തിരിച്ചടയ്ക്കാന്‍ പോലും പലരുടെയും കയ്യില്‍ പണമില്ല. പണം തിരിച്ചടിയ്ക്കണമെങ്കില്‍ നാട്ടില്‍ നിന്ന് ഒമാനിലേക്ക് പണം അയയ്ക്കേണ്ട അവസ്ഥയിലാണ് പലരും. പിരിച്ചുവിടല്‍ സമയത്ത് ലഭിയ്ക്കുന്ന പണം കൊണ്ട് വിമാനം ലഭ്യമാകും വരെ ഒമാനില്‍ തങ്ങുന്നതുപോലും ദുഷ്‌കരമാണെന്ന് ചൂണ്ടിക്കാണിയ്ക്കപ്പെടുന്നു.

കോവിഡ്-19 സൃഷ്ടിച്ച പ്രതിസന്ധികളില്‍ പകച്ചുവില്‍ക്കുന്ന പ്രവാസികള്‍ക്ക് അക്ഷരാര്‍ത്ഥത്തില്‍ തിരിച്ചടിയാണ് പിരിച്ചുവിടല്‍.സര്‍ക്കാര്‍ മേഖലയിലെ മുഴുവന്‍ വിദേശികളെയുംപിരിച്ചുവിട്ടുകൊണ്ടുള്ള ചരിത്രത്തിലെ ഏറ്റവും വലിയ സ്വദേശിവത്കരണത്തിനു ഒമാന്‍ ഭരണകൂടം നേരത്തെ പദ്ധതി തയ്യാറാക്കിയിരുന്നു.

സര്‍ക്കാര്‍ മേഖലയിലെ മുഴുവന്‍ വിദേശ ജീവനക്കാരെയും ഘട്ടംഘട്ടമായി പിരിച്ചുവിടും. പകരം ഒമാന്‍ പൗരന്മാരെ ആ തസ്തികകളില്‍ നിയമിക്കും. ഇതിനുവേണ്ട തുടര്‍ നടപടി കൈക്കൊള്ളാന്‍ ഒമാന്‍ ഭരണകൂടം ധനകാര്യ മന്ത്രാലയത്തെ ചുമതലപ്പെടുത്തിയിരുന്നു. സര്‍ക്കാര്‍ ജോലിക്ക് യോഗ്യരായ സ്വദേശി പൗരന്മാരെ ഉടന്‍ കണ്ടെത്തി മതിയായ പരിശീലനം നല്‍കും.ജൂലായ് മാസത്തോടെ ഈ പദ്ധതി നടപ്പാക്കാനാണ് ധനകാര്യ മന്ത്രാലയത്തിന് ലഭിച്ച നിര്‍ദേശം.

അപ്രതീക്ഷിതമായി കൊവിഡ് മഹാമാരി പൊട്ടിപ്പുറപ്പെട്ടതോടെ യാതൊരു സമയക്രമവും പാലിയ്ക്കാതെ രാപ്പകല്‍ കഷ്ടപ്പെടുകയാണ് ആരോഗ്യമേഖലയിലെയടക്കം പ്രവാസികള്‍.സ്വദേശിവത്കരണ പദ്ധതി നടപ്പാകുന്നതോടെ ഒമാനിലെ പതിനായിരക്കണക്കിന് മലയാളികള്‍ക്ക് തൊഴില്‍ നഷ്ടമാകും.

വിമാന സര്‍വീസുകള്‍ പുനരാരംഭിച്ചാല്‍ സ്വകാര്യ സ്ഥാപനങ്ങള്‍ക്ക് വിദേശ തൊഴിലാളികളെ അവരവരുടെ മാതൃരാജ്യത്തേക്ക് തിരിച്ചയക്കാമെന്ന് ഭരണകൂടം നേരത്തെ തന്നെ പ്രഖ്യാപിച്ചിരുന്നു. ഇതിനിടയിലാണ് പുതിയ റിക്രൂട്ട്‌മെന്റ് നടത്തി രാജ്യത്തേക്ക് വീണ്ടും ാരോഗ്യപ്രവര്‍ത്തകരെ കൊണ്ടുപോകുന്നത്.

സ്വദേശിവത്കരണം അതത് രാജ്യത്തിന്റെ നയപരമായ പദ്ധതിയാണെങ്കിലും പ്രതികൂല സാഹചര്യത്തില്‍ രാജ്യത്ത് തങ്ങുന്നവരെ തിരിച്ചയച്ച് പുതിയ ആളുകളെ കയറ്റി അയയ്ക്കാനുള്ള നീക്കത്തിനെതിരെയെങ്കിലും രാജ്യം നയതന്ത്രസമ്മര്‍ദ്ദം ചൊലുത്തണമെന്നാണ് പ്രവാസി സംഘടനകളും നഴ്‌സിംഗ് മേഖലയിലെ സംഘടനകളും ആവശ്യപ്പെടുന്നത്.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

More articles

Popular this week