മസ്‍കത്ത്: ഒമാനില്‍ ചെറിയ പെരുന്നാളിനോടനുബന്ധിച്ചുള്ള അവധി ദിനങ്ങള്‍ പ്രഖ്യാപിച്ചു. ഭരണാധികാരി സുല്‍ത്താന് ഹൈതം ബിന്‍ താരിഖിന്റെ നിര്‍ദേശ പ്രകാരം രാജ്യത്ത് അഞ്ച് ദിവസത്തെ അവധിയാണ് തൊഴില്‍ മന്ത്രാലയം പ്രഖ്യാപിച്ചിരിക്കുന്നത്. എന്നാല്‍ വാരാന്ത്യ അവധി ദിനങ്ങള്‍ കൂടി കണക്കിലെടുക്കുമ്പോള്‍ ആകെ ഒന്‍പത് ദിവസം അവധി ലഭിക്കും.
ഞായറാഴ്‍ച പുറത്തിറക്കിയ അറിയിപ്പ് പ്രകാരം മേയ് ഒന്ന് ഞായറാഴ്‍ച (റമദാന്‍ – 29) മുതല്‍ മേയ് അഞ്ച് വ്യാഴാഴ്‍ച വരെയാണ് രാജ്യത്തെ പൊതു – സ്വകാര്യ മേഖലകള്‍ക്ക് പെരുന്നാള്‍ അവധി ലഭിക്കുക. വെള്ളി, ശനി ദിവസങ്ങളിലെ വാരാന്ത്യ അവധികള്‍ കൂടി കണക്കിലെടുക്കുമ്പോള്‍ ആകെ ഒന്‍പത് ദിവസം അവധി ലഭിക്കും. ഫലത്തില്‍ ഏപ്രില്‍ 29 വെള്ളിയാഴ്‍ച മുതല്‍ മേയ് ഏഴ് ശനിയാഴ്‍ച വരെ രാജ്യത്ത് പെരുന്നാള്‍ അവധിയായിരിക്കും. മേയ് എട്ടിന് സര്‍ക്കാര്‍, സ്വകാര്യ മേഖലകളില്‍ പ്രവര്‍ത്തനം പുനഃരാരംഭിക്കും.