2016 റിയോ ഒളിമ്പിക്സ് മീരാഭായ് ചാനുവിന് ഒരു കറുത്ത സ്വപ്നമാണ്. 48 കിലോ വിഭാഗത്തിൽ ചാനു മത്സരിച്ചു. സ്നാച്ചിൽ മികച്ച പ്രകടനം. പിന്നെ ചാനു തളർന്നു. ക്ലീൻ ആന്‍റ് ജെർക്കിൽ മൂന്നവസരങ്ങളും പരാജയപ്പെട്ടു. മത്സരം പൂർത്തിയാക്കാതെ തല കുമ്പിട്ട് കണ്ണീരോടെ മടക്കം. നിരാശയിലായ ചാനു ഒരുവേള വിഷാദത്തിലേക്കും വഴുതിവീണു.
പക്ഷേ മണിപ്പൂരിന്‍റെ പോരാട്ട വീര്യം ചാനുവിന്‍റെ സിരകളിൽ ഉണ്ടായിരുന്നു. സഹോദരനെക്കാളും മുതിർന്നവരേക്കാളും വിറകുകെട്ടുകൾ ഉയർത്തി വീട്ടുകാരെ അമ്പരപ്പിച്ചിരുന്നു ചാനു. പന്ത്രണ്ടാം വയസ്സിൽ സ്വയം വിറകുവെട്ടി, ഏറെ ദൂരം ചുമന്നുകൊണ്ടുവരുമായിരുന്നു അവൾ. മീരാഭായിക്ക് കായികതാരം ആവാനുള്ള ശാരീരികക്ഷമതയുണ്ടെന്ന് വീട്ടുകാർക്ക് ഉറപ്പായിരുന്നു.ഒരു കായികതാരത്തിന് കിട്ടുന്ന പരിഗണനയും സ്നേഹവും ജോലിയും സാധാരണ കുടുംബത്തിൽ ജനിച്ച മീരയെയും കൊതിപ്പിച്ചു. അതേക്കുറിച്ച് മീര മുൻപ് പറഞ്ഞതിങ്ങനെ-” സഹോദരങ്ങൾ ഫുട്ബോൾ കളിച്ച് വൈകീട്ട് വീട്ടിലെത്തിയിരുന്ന് ചളിയിൽ കുളിച്ചാണ്. കുറച്ചുകൂടി വൃത്തിയുള്ള ഒരു കായികയിനം തെരഞ്ഞെടുക്കാൻ ഞാൻ ആഗ്രഹിച്ചു. അങ്ങനെ അമ്പെയ്ത്ത് പരിശീലിക്കാൻ ഞാൻ
ആഗ്രഹിച്ചു”
മണിപ്പൂർ തലസ്ഥാനമായ ഇംഫാലിൽ നിന്നും 20 കിലോമീറ്റർ അകലെയുള്ള നോങ്‍പോക് കാക്‍ചിങ്
ഗ്രാമത്തിലാണ് മീരയും കുടുംബവും താമസിച്ചിരുന്നത്. 2008ൽ അമ്പെയ്ത്ത് പരിശീലിക്കാനുള്ള മോഹവുമായി ഒരു ബന്ധുവിനേയും കൂട്ടി മീര ഇംഫാലിലെ സായി പരിശീലകേന്ദ്രത്തിൽ എത്തി. എന്നാൽ അന്ന് അവർക്ക് പരിശീലകനെ കാണാൻ സാധിച്ചില്ല. നിരാശയായി മടങ്ങി. പക്ഷേ അത് മറ്റൊരു തരത്തിൽ മീരാഭായിയുടെ ജീവിതത്തിൽ ഗുണകരമായി എന്നുവേണം കരുതാൻ.
ആർച്ചറാവാനുള്ള ശ്രമം ഉപേക്ഷിച്ച മീര ആയിടക്കാണ് മണിപ്പൂരിൽ നിന്നുള്ള പ്രശസ്ത ഭാരദ്വേഹക കുഞ്ചറാണി ദേവി മത്സരിക്കുന്ന വീഡിയോകൾ കാണുന്നത്. അത് അവരെ വല്ലാതെ പ്രചോദിപ്പിച്ചു.തന്‍റെ വഴി കണ്ടെത്തിയെന്ന് മീരാഭായിക്ക് തോന്നി. അങ്ങനെ അന്തർദ്ദേശീയ താരമായിരുന്ന അനിതാ ചാനുവിന്‍റെ പരിശീലനകേന്ദ്രത്തിൽ മീരയെത്തി. അത് അവരുടെ ജീവിതം തന്നെ മാറ്റിമറിച്ചു.മീരയിലെ പ്രതിഭയെ അനിതാചാനു കണ്ടെത്തുകയും പരിശീലിപ്പിക്കുകയും ചെയ്തു.
22 കിലോ മീറ്റർ അകലെയുള്ള പരിശീലന കേന്ദ്രത്തിൽ ഓടിയും ബസുകൾ മാറിക്കയറിയും ആണ് പുലർച്ചെ
ആറുമണിക്ക് മീരാഭായി എത്തിയത്. പക്ഷേ ആ കഠിനാധ്വാനത്തിന് ഫലം കണ്ടു. റെയിൽവേയിൽ ചീഫ് ടിക്കറ്റ് ഇൻസ്പെക്ടറായതോടെ ലോക നിലവാരത്തിലുള്ള പരിശീലനം നേടാൻ ചാനുവിന് അവസരം ലഭിച്ചു. ദേശീയ അന്തർദ്ദേശീയ മത്സരങ്ങളിൽ ചാനു തിളങ്ങി. പിന്നാലെ തന്‍റെ റോൾ മോഡൽ കുഞ്ചാറാണിദേവിയുടെ കീഴിൽ തന്നെ പരിശീലിക്കാൻ മീരയ്ക്ക് സാധിച്ചു. 2014 കോമൺവെൽത്ത് ഗെയിംസിൽ വെള്ളിമെഡൽ നേടിയതോടെ, ഒളിമ്പിക്സ് പ്രതീക്ഷകൾ വാനോളമുയർന്നു. മേരികോമിന് പിന്നാലെ വടക്കുകിഴക്കൻ സംസ്ഥാനങ്ങളിൽ നിന്നും മറ്റൊരു കായിക പ്രതിഭയെന്ന് രാജ്യം പ്രതീക്ഷയോടെ ചാനുവിനെ കണ്ടു.
റിയോ ഒളിമ്പിക്സിലെ നിരാശ മറി കടന്ന്, ചിട്ടയായ പരിശീലനത്തിലൂടെ അതിശയകരമായി തിരിച്ചുവരവാണ്
ചാനു നടത്തിയത്. 2017ൽ ലോക ചാമ്പ്യൻഷിപ്പിൽ സ്വർണം നേടിയ ചാനു തൊട്ടടുത്ത വർഷം കോമൺവെൽത്ത് ഗെയിംസിലും സ്വർണം നേടി. രാജ്യം പത്മശ്രീയും രാജീവ് ഗാന്ധി ഖേൽരത്ന പുരസ്കാരവും നൽകി മീരയെ ആദരിച്ചു. ടോക്കിയോ ഒളിമ്പിക്സ് ലക്ഷ്യമാക്കി പരിശീലിക്കുമ്പോഴും പരിക്കുകൾ
വിടാതെ പിൻതുടർന്നു. തോളെല്ലുകളുടെയും ഇടുപ്പെല്ലുകളുടെയും പരിക്ക് ചാനുവിനെ വലച്ചു.
2020ൽ പരിശീലകൻ വിജയ് ശർമ്മക്കൊപ്പം ചാനു അമേരിക്കയിലേക്ക് തിരിച്ചു. മുൻ ഭാരദ്വേഹകനും സ്പോട്സ് ഫിസിയോതെറാപ്പിസ്റ്റുമായ ഡോ.ആരോൻ ഹോസ്‍ചിക്ക് ചാനുവിന് തുണയായെത്തി.ചികിത്സയും പരിശീലനവും ഒരുമിച്ച് കൊണ്ടുപോയ ചാനു ഏഷ്യൻ ചാമ്പ്യൻഷിപ്പിൽ ലോക റെക്കോർഡിട്ടു. ഇപ്പോളിതാ ടോക്കിയോയിൽ വെള്ളിമെഡൽ നേട്ടവുമായി രാജ്യത്തിന്‍റെ പെൺകരുത്തിന്‍റെ അഭിമാനമായിരിക്കുന്നു. വീഴ്ചകളിൽ തളരാത്ത പോരാട്ടവീര്യവുമായി മറ്റ് കായികതാരങ്ങൾക്കും ലോകത്തിന് ആകമാനവും പ്രചോദനമാവുകയാണ് മീരാഭായ് ചാനുവെന്ന മണിപ്പൂരി പെൺകുട്ടി.