ആ നടന്റെ മരണം മമ്മൂട്ടിക്ക് വലിയ ഗുണം ചെയ്തു: മമ്മൂട്ടിക്ക് ശബ്ദവും മോഹന്‍ലാലിന് അഭിനയവുമാണ് ശക്തി
മോഹന്‍ലാല്‍ അഭിനയം കൊണ്ടും മമ്മൂട്ടി ശബ്ദം കൊണ്ടും ജീവിക്കുന്ന താരങ്ങളാണെന്ന് സംവിധായകനും നിർമ്മാതാവുമായ കുര്യന്‍ വർണ്ണശാല. മമ്മൂട്ടിയുടെ ശബ്ദം എന്ന് പറയുന്നത് ഭയങ്കരമാണ്. മോഹന്‍ലാല്‍ പോലും അത്ര വരില്ല. മോഹന്‍ലാലിന് പെർഫോമന്‍സാണ്. മമ്മൂട്ടിയുടേത് പ്രത്യേക ശബ്ദമാണ്. ശബ്ദം അത്ര നിയന്ത്രിച്ചൊക്കെ സംസാരിക്കുന്ന മറ്റൊരു അഭിനേതാവ് മലയാളത്തില്‍ ഉണ്ടെന്ന് എനിക്ക് തോന്നുന്നില്ലെന്നും അദ്ദേഹം പറയുന്നു.
ജയന്റെ മരണം മമ്മൂട്ടിക്ക് വലിയ രീതിയില്‍ ഗുണം ചെയ്തിട്ടുണ്ട്. ജയന്‍ ജീവനോടെ ഉണ്ടായിരുന്നെങ്കില്‍ ബാക്കിയുള്ള പലരും രണ്ടാമതും മൂന്നാമതും നിന്നേനെ. ജയന്‍ മരിക്കുന്നത് നാല്‍പ്പതാം വയസ്സിലാണ്. അങ്ങനെയൊക്കെയാണെങ്കിലും മമ്മൂട്ടി ചെയ്യുന്നത് പോലെ ജയന് ചെയ്യാന്‍ പറ്റില്ല. അതായത് ഇത്രയും വെറൈറ്റി കഥാപാത്രങ്ങള്‍ അദ്ദേഹത്തിന് ചെയ്യാന്‍ സാധിക്കില്ലെന്നും മാസ്റ്റർ ബിന്‍ എന്ന യൂട്യൂബ് ചാനലിന് അനുവദിച്ച പ്രത്യേക അഭിമുഖത്തില്‍ കുര്യന്‍ വർണ്ണശാല വ്യക്തമാക്കുന്നു.
ജയന് അന്നത്തെ കാലഘട്ടത്തില്‍ വന്‍ ആരാധകരെ സൃഷ്ടിക്കാന്‍ സാധിച്ചിരുന്നു. മൂന്നോ നാലോ വർഷമാണ് അദ്ദേഹം സജീവമായിരുന്നത്. ജയന്‍ ഇപ്പോള്‍ ഉണ്ടായിരുന്നെങ്കില്‍ മമ്മൂട്ടിക്ക് മുകളില്‍ പോകുമായിരുന്നുവെന്ന് ചിലർ പറയുന്നുണ്ടെങ്കിലും എന്റെ അനുഭവത്തില്‍ അത് സാധ്യമാകില്ലെന്നാണ് പറയാന്‍ കഴിയുന്നത്.
ഒരു പ്രത്യേക തരത്തിലെ വേഷം മാത്രമേ ജയന് പറ്റുമായിരുന്നുള്ളു. സത്യങ്ങള്‍ സത്യമായി പറയണമല്ലോ. മോഹന്‍ലാലും മമ്മൂട്ടിയും അങ്ങനേയല്ല. അതുകൊണ്ടാണല്ലോ അവർ നിലനില്‍ക്കുന്നത്. മോഹന്‍ലാലുമായി അടുപ്പമുണ്ട്. ഞാന്‍ മമ്മൂട്ടിയുടെ ആളാണെന്ന് മോഹന്‍ലാല്‍ ഒരാളുടെ അടുത്ത് തമാശ രൂപേണെ പറഞ്ഞതായി മറ്റൊരാള്‍ പറഞ്ഞ് ഞാന്‍ കേട്ടിട്ടുണ്ടെന്നും അദ്ദേഹം പറയുന്നു.
മമ്മൂട്ടിയുമായിട്ടാണ് ഏറ്റവും കൂടുതല്‍ അടുപ്പം. പഴയ ആളുകളുമായൊക്കെ നല്ല ബന്ധപ്പമാണ്. പുതിയ തലമുറയുമായിട്ട് അത്രയൊന്നുമില്ല. സുകുമാരനുമായി മികച്ച ബന്ധം പുലർത്താന്‍ സാധിച്ചിട്ടുണ്ട്. അന്നത്തെ കാലത്തെ 90 ശതമാനം ആളുകളും എന്റെ ഓഫീസില്‍ വന്നിട്ടുണ്ട്. എല്ലാവർക്കും കൃത്യമായി പണം കൊടുത്തിട്ടുണ്ട്. ആരും എന്റെ അടുത്ത് അങ്ങനെ കടുംപിടുത്തത്തിന് നില്‍ക്കാറില്ല.
അപ്രതീക്ഷിതമായിട്ടാണ് പോസ്റ്റർ ഡിസൈനിങ്ങിലേക്ക് വരുന്നത്. പിന്നീട് അതിന്റെ തിരക്കിലായി. അതോടെ അസോസിയേറ്റ് ഡയറക്ടർ എന്നതില്‍ നിന്നും വിട്ടുപോയി. പണ്ടത്തെ ആളുകളൊക്കെ ഒരു കുടുംബം പോലെയാണ് സിനിമയില്‍ പ്രവർത്തിച്ചത്. നസീർ സർ അടക്കം വീട്ടില്‍ നിന്നും ഒരു പ്രത്യേക ഭക്ഷണം ഉണ്ടാക്കി വൈകുന്നേരം സെറ്റിലെ എല്ലാവർക്കും കൊടുക്കും. അത് കഴിക്കാത്ത അന്നത്തെ ആരുമില്ല.
നസീർ സാറിനെയൊക്കെ കാണാന്‍ ഒരുപാട് ആളുകള്‍ സെറ്റില്‍ വരും. ഒരു ദിവസം വൈകുന്നേരം ഞാന്‍ പുറത്തേക്ക് പോകുമ്പോള്‍ ഞാനും വരാമെന്ന് നസീർ സർ പറഞ്ഞു. ഞാന്‍ ഒരു കടയിലേക്ക് പോകുകയാണ്. നസീർ സർ എങ്ങാനും വന്നാല്‍ ആളുകള്‍ ഇടിച്ച് കയറി ആ കട പൊളിച്ചു കളയും. പിന്നീട് ഞാന്‍ അതിന് സമാധാനം പറയേണ്ടി വരും. അത്തരത്തില്‍ പുറത്ത് ഇറങ്ങി നടക്കാന്‍ പറ്റാത്ത അവസ്ഥയായിരുന്നു അദ്ദേഹത്തിന്.
ഇവർ എന്ന മഞ്ഞിലാസിന്റെ സിനിമ വന്നപ്പോള്‍ ആ ചിത്രം കാണാമെന്നും പറഞ്ഞ് എന്നെ ക്ഷണിച്ചു. ഐവി ശശി എന്ന് പറഞ്ഞാല്‍ ആളുകള്‍ ഇടിച്ച് കയറുന്ന സമയമാണ്. ഞാന്‍ നേരത്തെ തന്നെ തിയേറ്ററില്‍ വിളിച്ച് ടിക്കറ്റ് ബുക്ക് ചെയ്തു. 6.30 ന്റെ ഷോയ്ക്ക് ഞങ്ങള്‍ എത്താന്‍ വൈകി. നസീർ സാറിന് വേണ്ടി ഷോ തുടങ്ങുന്നത് മാറ്റി വെച്ചിരിക്കുകയാണ്. ഞങ്ങള്‍ പിന്നീട് ഒരു ദിവസത്തേക്കാക്കി സിനിമയ്ക്ക് പോകല്‍. ശങ്കരാഭരണമൊക്കെ ഞാനും പുള്ളിയും ഒരുമിച്ചാണ് കണ്ടതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.