ഷവായ് കഴിച്ച കുട്ടികള്‍ക്ക് ഛര്‍ദിയും ദേഹാസ്വാസ്ഥ്യവും; ബേക്കറി ഭക്ഷ്യസുരക്ഷാ വിഭാഗം അടച്ചുപൂട്ടി
കൊല്ലം: അഞ്ചലിലെ ബേക്കറിയില്‍ നിന്ന് ഷവായ് കഴിച്ച കുട്ടികള്‍ക്ക് ഭഷ്യവിഷബാധ. സംഭവത്തെ തുടര്‍ന്ന് ബേക്കറി ഭക്ഷ്യസുരക്ഷാ വകുപ്പ് അടച്ചുപൂട്ടി. അഞ്ചല്‍ ചന്തമുക്കിലെ ഭാരത് ബേക്കറിയാണ് ഉദ്യോഗസ്ഥര്‍ താല്‍കാലികമായി അടപ്പിച്ചത്. കഴിഞ്ഞ ദിവസം വൈകിട്ട് ഏറം ലക്ഷം വീട് സ്വദേശി സജിന്‍ ഭാരത് ബേക്കറിയില്‍ നിന്നും ഷവായ് വാങ്ങിയിരുന്നു. ഇത് കഴിച്ച സജിന്റെ കുട്ടികള്‍ക്ക് ഛര്‍ദിയും ദേഹാസ്വാസ്ഥ്യവും അനുഭവപ്പെടുകയായിരുന്നു. ചികിത്സ തേടിയപ്പോഴാണ് കുട്ടികള്‍ക്ക് ഭക്ഷ്യവിഷബാധയാണെന്ന് മനസിലാവുന്നത്.
തുടര്‍ന്ന് സജിന്‍ ബേക്കറിക്കെതിരെ ഭക്ഷ്യസുരക്ഷ വകുപ്പിന് പരാതി നല്‍കി. സജിന്റെ പരാതിയുടെ അടിസ്ഥാനത്തില്‍ ബേക്കറിയില്‍ പരിശോധനക്കെത്തിയ ഉദ്യോഗസ്ഥര്‍ കണ്ടത് വൃത്തിഹീനമായ സാഹചര്യമായിരുന്നു. ദിവസങ്ങള്‍ പഴക്കമുള്ള കോഴിയിറച്ചി, പുഴുങ്ങിയ മുട്ടകള്‍, പഴകിയ മസാലക്കൂട്ടുകള്‍ എന്നിവ ഇവിടെ നിന്നും കണ്ടെത്തി. ഇതേത്തുടര്‍ന്നാണ് ബേക്കറി താല്‍ക്കാലികമായി അടപ്പിച്ചത്.