ചെന്നൈ:വൈദ്യുതക്കാറുകളും ലിഥിയം അയേണ്‍ ബാറ്ററികളും നിര്‍മിക്കുന്നതിന് ഒല ഇലക്ട്രിക് മൊബിലിറ്റി പ്രൈവറ്റ് ലിമിറ്റഡ് തമിഴ്നാട്ടില്‍ 7,614 കോടി രൂപ മുതലിറക്കും. ശനിയാഴ്ച മുഖ്യമന്ത്രി എം.കെ. സ്റ്റാലിന്റെ സാന്നിധ്യത്തിലാണ് ഇതു സംബന്ധിച്ച ധാരണാപത്രത്തില്‍ കമ്പനിമേധാവികള്‍ ഒപ്പുവെച്ചത്.
ലിഥിയം അയേണ്‍ ബാറ്ററി നിര്‍മിക്കുന്നതിന് ഒല സെല്‍ ടെക്നോളജീസ് 5,114 കോടി രൂപയും വൈദ്യുതക്കാര്‍ നിര്‍മാണശാലയ്ക്ക് ഒല ഇലക്ട്രിക് ടെക്നോളജീസ് 2,500 കോടി രൂപയുമാണ് മുതല്‍മുടക്കുക. കൃഷ്ണഗിരി ജില്ലയിലാവും രണ്ടുഫാക്ടറികളും സ്ഥാപിക്കുക. ലോകത്തെ ഏറ്റവും വലിയ വൈദ്യുതവാഹന ഹബ്ബായി ഇതു മാറുമെന്ന് ഒല സഹസ്ഥാപകന്‍ ഭവിഷ് അഗര്‍വാള്‍ പറഞ്ഞു.
വൈദ്യുതവാഹനങ്ങളെ പ്രോത്സാഹിപ്പിക്കുന്നതിനും വാഹനനിര്‍മാതാക്കളെ ആകര്‍ഷിക്കുന്നതിനുമുള്ള നയരേഖ തമിഴ്നാട് സര്‍ക്കാര്‍ ചൊവ്വാഴ്ച പ്രകാശനം ചെയ്തു. വൈദ്യുതവാഹന നിര്‍മാതാക്കളുടെ ദക്ഷിണേഷ്യയിലെ പ്രിയകേന്ദ്രമായി തമിഴ്നാടിനെ മാറ്റുകയാണ് ലക്ഷ്യം.
തമിഴ്നാട്ടില്‍ 5,300 കോടി രൂപയുടെ നിക്ഷേപം നടത്തുന്നതിന് ഫ്രഞ്ച് വാഹനനിര്‍മാതാക്കളായ റിനോയും ജാപ്പനീസ് വാഹനനിര്‍മാതാക്കളായ നിസാനും തിങ്കളാഴ്ച ധാരണാപത്രത്തില്‍ ഒപ്പുവെച്ചു.