ന്യൂഡൽഹി: അക്ഷയ് കുമാർ നായകനായി റിലീസാകാന്‍ പോകുന്ന ചിത്രമാണ് ഓ മൈ ഗോഡ് 2. ചിത്രം പ്രഖ്യാപിക്കപ്പെട്ടത് മുതല്‍ ഈ ചിത്രം വാര്‍ത്തകളില്‍ നിറയുന്നുണ്ട്. ജൂലൈ ആദ്യം ചിത്രം സെൻട്രൽ ബോർഡ് ഓഫ് ഫിലിം സർട്ടിഫിക്കേഷന് മുന്നില്‍ സെന്‍സറിംഗിനായി നല്‍കിയിരുന്നു നിര്‍മ്മാതാക്കള്‍.
എന്നാല്‍ ചിത്രം റിവ്യൂ കമ്മിറ്റിക്ക് വിടുകയാണ് സെന്‍സര്‍ ബോര്‍ഡ് ചെയ്തത്. ഇതിന് പിന്നാലെ ചിത്രം വരുന്ന ഓഗസ്റ്റ് 11 ന് തിയേറ്ററുകളിൽ റിലീസ് ചെയ്യുനിരിക്കെ ഇപ്പോള്‍ റിവ്യൂ കമ്മിറ്റിയുടെ നിര്‍ദേശങ്ങള്‍ വാര്‍ത്തയാകുകയാണ്.
ചിത്രത്തില്‍ 20 ഓളം മാറ്റങ്ങളാണ് റിവ്യൂകമ്മിറ്റി നിര്‍ദേശിച്ചത്. ഓഡിയോയിലും വീഡിയോയിലും മാറ്റങ്ങള്‍ വേണം. ഒപ്പം തന്നെ ചിത്രത്തിന് അഡള്‍സ് ഓണ്‍ലി സര്‍ട്ടിഫിക്കറ്റ് നല്കിയാല് മതിയെന്നാണ് റിവ്യൂ കമ്മിറ്റിയുടെ നിര്‍ദേശം. എന്തായാലും സെൻട്രൽ ബോർഡ് ഓഫ് ഫിലിം സർട്ടിഫിക്കേഷന്റെ അന്തിമ തീരുമാനം ഉടന്‍ ഉണ്ടാകും എന്നാണ് ഹോളിവുഡ് ഹംഗാമയുടെ റിപ്പോര്‍ട്ട് പറയുന്നത്.
ഇപ്പോള്‍ തന്നെ സെന്‍സറിംഗ് ലഭിക്കുന്നത് വൈകിയത് ചിത്രത്തിന്റെ മാര്‍ക്കറ്റിംഗിനെ ബാധിച്ചുവെന്നാണ് വിവരം. സര്‍ട്ടിഫിക്കറ്റ് ലഭിച്ചതിന് ശേഷമാണ് ചിത്രത്തിന്റെ പ്രമോഷന് തീരുമാനിച്ചത്. പുതിയ സാഹചര്യത്തില്‍ 20 ദിവത്തില്‍ താഴെയെ പ്രമോഷന് ലഭിക്കൂ എന്നാണ് വിവരം.
എന്തായാലും ‘ലൈംഗിക വിദ്യാഭ്യാസം’ പ്രമേയമായി എടുത്തിരിക്കുന്ന ചിത്രത്തിന് എ സര്‍ട്ടിഫിക്കറ്റ് നല്കുന്നതില് ഓ മൈ ഗോഡ് 2 അണിയറക്കാര്‍ക്ക് എതിര്‍പ്പുണ്ടെന്നാണ് ചില റിപ്പോര്‍ട്ടുകള്‍ പറയുന്നത്. 2012-ൽ പുറത്തിറങ്ങിയ അക്ഷയ് കുമാറിന്റെയും പരേഷ് റാവലിന്റെയും ഓ മൈ ഗോഡ് എന്ന ചിത്രത്തിന്റെ തുടർച്ചയാണ് ഓ മൈ ഗോഡ് 2.
ആദിപുരുഷ്, ഓപ്പണ്ഹെയ്മര് എന്നീ സിനിമകളുടെ കാര്യത്തില്‍ സൃഷ്ടിച്ച വിവാദങ്ങളുടെ വെളിച്ചത്തില്‍ ഓ മൈ ഗോഡ് 2 സിനിമയുടെ സെന്സറിംഗില് അതീവ ശ്രദ്ധ ചെലുത്തുന്നുണ്ട് സെന്‍സര്‍ ബോര്‍ഡ് എന്നാണ് വിവരം.
ഒരാഴ്ച മുന്‍പ് ചിത്രത്തിന്റെ ടീസര്‍ ഇറങ്ങിയിരുന്നു. അക്ഷയ് കുമാര്‍ ചിത്രത്തില്‍ ശിവനായാണ് പ്രത്യക്ഷപ്പെടുന്നത്. അമിത് റായ് സംവിധാനം ചെയ്യുന്ന ചിത്രം ആക്ഷേപഹാസ്യ വിഭാഗത്തിലുള്ളതാണ്. യാമി ഗൗതം നായികയാവുന്ന ചിത്രത്തില്‍ പങ്കജ് ത്രിപാഠിയാണ് മറ്റൊരു പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നത്.