മുംബൈ∙ ഏകദിന ലോകകപ്പിനുള്ള ഇന്ത്യൻ ടീമിനെ പ്രവചിച്ച് ഓസ്ട്രേലിയൻ മുൻ ക്രിക്കറ്റ് താരം മാത്യു ഹെയ്ഡൻ. മലയാളി താരം സഞ്ജു സാംസണെ ടീമിൽ ഉൾപ്പെടുത്തിയ ഹെയ്ഡൻ, സ്പിന്നർമാരായ കുൽദീപ് യാദവും യുസ്‍വേന്ദ്ര ചെഹലും ടീമിൽ വേണ്ടെന്ന നിലപാടുകാരനാണ്.
ക്യാപ്റ്റൻ രോഹിത് ശർമ, ശുഭ്മൻ ഗിൽ, വിരാട് കോലി എന്നിവർ ടീമിലുണ്ട്. ഓൾറൗണ്ടർമാരായ അക്ഷർ പട്ടേൽ, രവീന്ദ്ര ജഡേജ എന്നിവർ ടീമിൽ സ്പിന്നർമാരായി ഉള്ളപ്പോള്‍ കുൽദീപും ചെഹലും ആവശ്യമില്ലെന്നാണ് ഹെയ്ഡന്റെ അഭിപ്രായം.
തുടക്കക്കാരനായ തിലക് വർമയ്ക്ക് ലോകകപ്പ് ടീമിൽ ഇടം നല്‍കുന്നതിന് ഹെയ്ഡനു താൽപര്യമില്ല. അതേസമയം പരുക്കുമാറി തിരിച്ചെത്തുന്ന സീനിയർ താരം കെ.എൽ. രാഹുൽ ടീമിലുണ്ട്. സഞ്ജുവിനു പുറമേ യുവ വിക്കറ്റ് കീപ്പർ ഇഷാൻ കിഷനും മാത്യു ഹെയ്ഡന്റെ ടീമിലുണ്ട്. ഏഷ്യാ കപ്പ് ക്രിക്കറ്റിനുള്ള ഇന്ത്യൻ ടീമിൽ സഞ്ജുവിനെ റിസർവ് താരമായി മാത്രമാണു പരിഗണിച്ചത്. കെ.എൽ. രാഹുലാണ് ഏഷ്യാ കപ്പിൽ ഇന്ത്യയുടെ പ്രധാന വിക്കറ്റ് കീപ്പർ.
പരുക്കുമാറി തിരിച്ചെത്തുന്ന രാഹുലിന്റെ കാര്യത്തിൽ ബിസിസിഐയ്ക്ക് ഉറപ്പു പോരാത്തതിനാലാണ് റിസർവ് താരമായി സഞ്ജുവിനെയും ടീമിലെടുത്തത്. രാഹുൽ ഏഷ്യാ കപ്പിലെ ആദ്യത്തെ ചില മത്സരങ്ങൾ കളിക്കില്ലെന്നും റിപ്പോർട്ടുകളുണ്ട്. അങ്ങനെയെങ്കിൽ ഇഷാൻ കിഷൻ ഇന്ത്യയുടെ വിക്കറ്റ് കീപ്പറാകും.
മാത്യു ഹെയ്ഡൻ പ്രവചിച്ച ലോകകപ്പ് ടീം: രോഹിത് ശർമ (ക്യാപ്റ്റൻ), ജസ്പ്രീത് ബുമ്ര, വിരാട് കോലി, ശുഭ്മൻ ഗിൽ, ശ്രേയസ് അയ്യർ, സഞ്ജു സാംസൺ, കെ.എൽ. രാഹുൽ, സൂര്യകുമാർ യാദവ്, രവീന്ദ്ര ജഡേജ, ഹാർദിക് പാണ്ഡ്യ, മുഹമ്മദ് ഷമി, മുഹമ്മദ് സിറാജ്, ഷാർദൂൽ ഠാക്കൂർ, ഇഷാന്‍ കിഷൻ, അക്ഷർ പട്ടേൽ.