തിരുവനന്തപുരം: ഇടതുമുന്നണിയെ തോല്‍പ്പിക്കാന്‍ യു.ഡി.എഫിനും യു.ഡി.എഫിനെ തോല്‍പ്പിക്കാന്‍ എല്‍.ഡി.എഫിനും വോട്ടുചെയ്യുന്ന ഏര്‍പ്പാട് പണ്ട് ഉണ്ടായിരുന്നു എന്ന് അടുത്തിടെയാണ് രാജഗോപാല്‍ പറഞ്ഞത്. ഓര്‍ഗനൈസര്‍ പത്രാധിപരായിരുന്ന ബാലശങ്കര്‍ പുറത്തുവിട്ട ‘ഡീല്‍’ വിവാദത്തിനൊപ്പം മുതിര്‍ന്ന നേതാവ് ഒ. രാജഗോപാലിന്റെ ഈ തുറന്നുപറച്ചിലുകള്‍ ബി.ജെ.പിക്ക് തലവേദനയാകുകയാണ്.
തന്റെ മണ്ഡലമായ നേമത്ത് മത്സരിക്കുന്ന യു.ഡി.എഫ്. സ്ഥാനാര്‍ഥി കെ. മുരളീധരനെ രാജാഗോപാല്‍ പുകഴ്ത്തുകയും ചെയ്തിരുന്നു. അതും സ്വന്തം പാര്‍ട്ടി സ്ഥാനാര്‍ഥി കുമ്മനം രാജശേഖരന്റെ സാന്നിധ്യത്തില്‍.
കോലീബി സഖ്യത്തിന്റെ കഥ തിരഞ്ഞെടുപ്പുകാലത്ത് ചര്‍ച്ചയാകുന്നത് ആദ്യമായിട്ടൊന്നുമല്ലെങ്കിലും രാജഗോപാല്‍ അതൊന്നുകൂടി ഓര്‍മിപ്പിച്ചത് ബാലശങ്കറിന്റെ ഇപ്പോഴത്തെ വെളിപ്പെടുത്തലുകളോട് ചേര്‍ന്നു നില്‍ക്കുന്നതാണ്. തലസ്ഥാനത്ത് തിരഞ്ഞെടുപ്പുകമ്മിറ്റി ഓഫീസ് ഉദ്ഘാടനത്തിനിടെയാണ് ഒ. രാജഗോപാല്‍ ഇക്കാര്യം വിശദീകരിച്ചത്.
ആ പഴയ ഏര്‍പ്പാട് ഇനി നടക്കില്ലെന്നു പറഞ്ഞതാണ്. എന്നാല്‍ നേമത്ത് കെ. മുരളീധരന്‍ ബി.ജെ.പിക്ക് ശക്തനായ പ്രതിയോഗിയാണ്, ശക്തമായ രാഷ്ട്രീയപാരമ്പര്യമുള്ള നേതാവാണ്, കെ. കരുണാകരന്റെ മകനാണ് തുടങ്ങിയ പരാമര്‍ശങ്ങളിലൂടെയാണ് അദ്ദേഹം പാര്‍ട്ടിയെ പ്രതിസന്ധിയിലാക്കിയത്.