തിരുവനന്തപുരം: കേന്ദ്ര കാര്‍ഷിക നിയമഭേദഗതിക്കെതിരായ സംസ്ഥാനത്തിന്റെ പ്രമേയത്തെ അനുകൂലിച്ചത് വിവാദമായതോടെ വിശദീകരണവുമായി ഒ. രാജഗോപാല്‍ എം.എല്‍.എ. നിയമസഭയില്‍ പ്രമേയത്തെ ശക്തമായി താന്‍ എതിര്‍ത്തുവെന്നും പ്രമേയത്തെ അനുകൂലിക്കുന്നവര്‍, എതിര്‍ക്കുന്നവര്‍ എന്ന് സ്പീക്കര്‍ വേര്‍തിരിച്ചു ചോദിച്ചില്ലെന്നുമാണ് രാജഗോപാലിന്റെ വിശദീകരണം. ഒറ്റ ചോദ്യത്തില്‍ ചുരുക്കിയ സ്പീക്കര്‍ കീഴ്‌വഴക്ക ലംഘനം നടത്തിയെന്നും രാജഗോപാല്‍ ആരോപിച്ചു.
നേരത്തെ, സഭയില്‍ സംസാരിക്കാന്‍ അവസരം ലഭിച്ചപ്പോള്‍ കേന്ദ്ര സര്‍ക്കാരിന്റെ കാര്‍ഷിക നിയമത്തെ അനുകൂലിച്ചാണു രാജഗോപാല്‍ സംസാരിച്ചത്. കര്‍ഷകര്‍ക്കു നേട്ടമുണ്ടാകുന്നതിനു വേണ്ടിയാണ് നിയമങ്ങളെന്നും അദ്ദേഹം പറഞ്ഞു. എന്നാല്‍ പ്രമേയം വോട്ടിനിട്ടപ്പോള്‍ രാജഗോപാല്‍ എതിര്‍ത്തില്ല. പ്രമേയം എതിര്‍പ്പില്ലാതെ പാസായെന്നു സ്പീക്കര്‍ ശ്രീരാമകൃഷ്ണന്‍ അറിയിക്കുകയും ചെയ്തു. പിന്നീട് മാധ്യമങ്ങളോടു സംസാരിക്കവെയാണു താന്‍ പ്രമേയത്തെ അനുകൂലിച്ചതായി ഒ. രാജഗോപാല്‍ വെളിപ്പെടുത്തിയത്. സഭയിലെ പൊതു അഭിപ്രായത്തെ മാനിച്ചാണു പ്രമേയത്തെ താന്‍ പിന്തുണച്ചതെന്നു പറഞ്ഞ രാജഗോപാല്‍, കാര്‍ഷിക നിയമങ്ങള്‍ പിന്‍വലിക്കണമെന്നും ആവശ്യപ്പെട്ടു.
രാജഗോപാല്‍ പറഞ്ഞതെന്തെന്നു പരിശോധിക്കുമെന്നായിരുന്നു സംസ്ഥാന അധ്യക്ഷന്‍ കെ. സുരേന്ദ്രന്റെ പ്രതികരണം. രാജഗോപാലുമായി സംസാരിക്കും. അതിനുശേഷം പ്രതികരിക്കുമെന്നും ബിജെപിയില്‍ ഭിന്നതയില്ലെന്നും സംസ്ഥാന അധ്യക്ഷന്‍ പറഞ്ഞു. രാജഗോപാല്‍ പ്രയേത്തെ അനുകൂലിച്ചെന്നു താന്‍ വിശ്വസിക്കുന്നില്ലെന്ന് ബിജെപി നേതാവ് എം.ടി രമേശ് പറഞ്ഞു. കര്‍ഷക നിയമത്തെ അനുകൂലിച്ചയാളാണു രാജേട്ടനെന്നും എന്താണു സംഭവിച്ചതെന്നു പരിശോധിക്കുമെന്നും രമേശ് പറഞ്ഞു.
രാജഗോപാല്‍ അനുകൂലിച്ചതിനെക്കുറിച്ച് തനിക്കറിയില്ലെന്നാണു കേന്ദ്രമന്ത്രി വി. മുരളീധരന്‍ പറഞ്ഞത്. അങ്ങനെ ഒരു സംഭവമുണ്ടായിട്ടുണ്ടെങ്കില്‍ കാരണം എന്താണെന്നറിയില്ല. രാജഗോപാലിനോടു സംസാരിക്കണം. കാര്‍ഷിക ഭേദഗതി നിയമത്തില്‍ ബിജെപിയുടെ നിലപാട് വ്യക്തമാണെന്നും അദ്ദേഹം പറഞ്ഞു.