26.3 C
Kottayam
Tuesday, May 7, 2024

ന്യൂയോര്‍ക്കിൽ അടിയന്തരാവസ്ഥ,കാരണമിതാണ്

Must read

ന്യൂയോർക്ക്:കുടിയേറ്റക്കാരുടെ ബാഹുല്യം കാരണം അടിയന്തരാവസ്ഥ പ്രഖ്യാപിച്ച് ന്യൂയോര്‍ക്ക്. ന്യൂയോര്‍ക്ക് സിറ്റി മേയറായ എറിക് ആഡംസാണ് വെള്ളിയാഴ്ച അടിയന്തരാവസ്ഥ പ്രഖ്യാപിച്ചത്. അമേരിക്കയുടെ തെക്കന്‍ അതിര്‍ത്തികളില്‍ നിന്ന് ഒന്നിച്ചെത്തുന്ന കുടിയേറ്റക്കാരെ താമസിപ്പിക്കാനുള്ള ഷെല്‍റ്ററുകളടക്കം നിറഞ്ഞതിന് പിന്നാലെയാണ് ഇത്. നഗരത്തിലെ ഷെല്‍ട്ടറുകളില്‍ ഇടമില്ലാത്തതിനാല്‍ അമേരിക്കന്‍ പ്രസിഡന്‍റ് ജോ ബൈഡനോട് സഹായം തേടിയിട്ടുണ്ട് ന്യൂയോര്‍ക്ക് മേയര്‍. 

റിപ്പബ്ലിക്കന്‍ സ്റ്റേറ്റുകളിലെ ഉദ്യോഗസ്ഥര്‍ കുടിയേറ്റക്കാരെ ന്യൂയോര്‍ക്കിലേക്ക് രാഷ്ട്രീയ താല്‍പര്യം മൂലം അയക്കുകയാണെന്നും ആഡംസ് ആരോപിക്കുന്നു. ന്യൂയോര്‍ക്കിന്‍റെ മൂല്യങ്ങളും ഷെല്‍ട്ടറിനായുള്ള നിയമങ്ങളും മുതലെടുക്കാനുള്ള ശ്രമങ്ങളുമായാണ് ഇതിനെ ആഡംസ് നോക്കിക്കാണുന്നത്.  എന്നാല്‍ ആഡംസിന്‍റെ നടപടി രാഷ്ട്രീയ നാടകമാണെന്ന് ഇതിനോടകം ആരോപണം ഉയര്‍ന്നിട്ടുണ്ട്. 

നഗരത്തിലെ ഷെല്‍ട്ടറുകളില്‍ ഇടമില്ലെന്നും ഇരുപതിനായിരം കുട്ടികള്‍ അടക്കം 61000കുടിയേറ്റക്കാരാണ് ഇവിടുള്ളത്. നിലവില്‍ 40 ഹോട്ടലുകളെയാണ് ഷെല്‍ട്ടറുകളാക്കി മാറ്റിയിട്ടുള്ളത്.  ഉടനടി നമ്മുക്ക് ഉള്‍ക്കൊള്ളാവുന്നതിലുമധികം ആളുകളാണ് ന്യൂയോര്‍ക്കിലേക്കെത്തുന്നത്. വെനസ്വല, ക്യൂബ, നിക്കാരഗ്വ അടക്കമുള്ള ലാറ്റിന്‍ അമേരിക്കന്‍ രാജ്യങ്ങളില്‍ നിന്ന് യുഎസ് മെക്സിക്കോ അതിര്‍ത്തി വഴി നഗരത്തിലേക്ക് എത്തുന്നുണ്ടെന്നാണ് കണക്കുകള്‍ കാണിക്കുന്നത്. ന്യൂയോര്‍ക്കിലെ പൊതുവിദ്യാലയങ്ങളില്‍ അടുത്തിടെയാണ് 5500 കുടിയേറ്റ വിദ്യാര്‍ത്ഥികളെ പ്രവേശിപ്പിച്ചത്. 

ആഡംസിന്‍റെ പരാമര്‍ശം കാപട്യമെന്നാണ് ടെക്സസ് ഗവര്‍ണര്‍ കാണുന്നത്. യുഎസ് മെക്സിക്കോ അതിര്‍ത്തിയിലെ നയം കടുപ്പിക്കണമെന്ന് പ്രസിഡന്‍റ് ജോ ബൈഡനോട് ആവശ്യപ്പെടാനാണ് ആഡംസിനോട് ടെക്സാസ് ഗവര്‍ണര്‍ പറയുന്നത്. ഫെഡറല്‍, സ്റ്റേറ്റ് അധികൃതര്‍ ന്യൂയോര്‍ക്കിനുള്ള സാമ്പത്തിക സഹായം കൂട്ടണമെന്നും ആഡംസ് ആവശ്യപ്പെടുന്നു. നഗരങ്ങളെ പിന്തുണയ്ക്കാനുള്ള സമഗ്രമായ ശ്രമങ്ങള്‍ നടക്കുന്നവെന്നാണ് ആഡംസിന്‍റെ ആവശ്യത്തോടുള്ള ഹോംലാന്‍ഡ് സുരക്ഷാ വകുപ്പിന്‍റെ പ്രതികരണം. റിപ്പബ്ലിക്കന്‍ ഗവര്‍ണര്‍മാര്‍ അവരുടെ രാഷ്ട്രീയ നാടകങ്ങളിലൂടെ അരാജകത്വം വിതയ്ക്കാന്‍ ശ്രമിക്കുകയാണെന്നാണ് ഫെഡറല്‍ എമര്‍ജന്‍സി മാനേജ്മെന്‍റ് ഏജന്‍സിയുടെ പ്രത്യാരോപണം. 
 

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

More articles

Popular this week