സിന്ദൂരക്കുറി തൊട്ട് പാര്‍ലമെന്റിലെത്തിയ നുസ്രത് ജഹാനെതിരെ മതമൗലികവാദികളുടെ ആക്രമണം; ചുട്ടമറുപടിയുമായി എം.പി
ന്യൂഡല്‍ഹി: സിന്ദൂരക്കുറി തൊട്ട് പാര്‍ലമെന്റിലെത്തിയതിന് തന്നെ വിമര്‍ശിച്ചവര്‍ക്ക് ചുട്ടമറുപടിയുമായി ബംഗാളില്‍ നിന്നുള്ള തൃണമൂല്‍ കോണ്‍ഗ്രസ് എം.പി നുസ്രത് ജഹാന്‍. താന്‍ എന്ത് ധരിക്കണമെന്ന് മറ്റുള്ളവര്‍ തീരുമാനിക്കേണ്ടെന്ന് നുസ്രത് പറഞ്ഞു. ട്വിറ്ററിലൂടെയായിരുന്നു സിനിമാ താരം കൂടിയായ എംപിയുടെ പ്രതികരണം. ‘ജാതിക്കും മതത്തിനും അതീതമായ മൊത്തം ഇന്ത്യയേയുമാണ് ഞാന്‍ പ്രതിനിധാനം ചെയ്യുന്നത്’ എന്ന് അവര്‍ കുറിച്ചു. ‘ഞാനിപ്പോഴും മുസ്ലിം ആയിട്ടാണ് തുടരുന്നത്. എന്താണ് ഞാന്‍ ധരിക്കുന്നത് എന്നതിനെക്കുറിച്ച് ആരും അഭിപ്രായം പറയേണ്ടതില്ല’- അവര്‍ പറഞ്ഞു.
സിന്ദൂരം തൊടുന്നത് അനിസ്ലാമികമാണ് എന്ന് പറഞ്ഞായുന്നു നുസ്രത്തിന് എതിരെ തീവ്ര ഇസ്ലാമിസ്റ്റുകള്‍ രംഗത്തെത്തിയത്. കല്യാണ ചടങ്ങു കഴിഞ്ഞതിന് ശേഷമായിരുന്നു ലോക്സഭയില്‍ നുസ്രത് ജഹാന്‍ സത്യപ്രതിജ്ഞയ്ക്ക് എത്തിയത്. സിന്ദൂരം തൊട്ടു നില്‍ക്കുന്ന നുസ്രത്തിന്റെ ചിത്രം പ്രചരിപ്പിച്ചായിരുന്നു വിമര്‍ശകര്‍ രംഗത്ത് വന്നത്.