കണ്ണൂര്‍ : അന്താരാഷ്ട്ര നഴ്‌സ് ദിനത്തില്‍ പ്രതിഷേധവുമായി കണ്ണൂരിലെ സ്വകാര്യ ആശുപത്രിയിലെ നഴ്‌സുമാര്‍. ശമ്പളമില്ലാതെ 10 ദിവസം നിര്‍ബന്ധിത അവധിയെടുക്കാന്‍ മാനേജ്‌മെന്റ് ആവശ്യപ്പെട്ടതായി കണ്ണൂര്‍ കൊയിലി ആശുപത്രിയിലെ നഴ്‌സുമാര്‍ പറയുന്നു. അറുപതോളം നഴ്‌സുമാരാണ് ഡ്യൂട്ടി ബഹിഷ്‌കരിച്ച് പ്രതിഷേധവുമായി എത്തിയിരിക്കുന്നത്.
മൂന്ന് ആവശ്യങ്ങളാണ് ഇവര്‍ പ്രധാനമായും സമരത്തിന് കാരണമായി പറയുന്നത്. കോറോണകാലത്തുപോലും അവശ്യമായ സുരക്ഷാ മുന്‍കരുതലുകളായ മാസ്‌കോ, പിപിഇ കിറ്റോ ഒന്നും നഴ്‌സുമാര്‍ക്ക് അനുവദിച്ചിട്ടില്ല. പലരും കാശുകൊടുത്ത് വാങ്ങിയാണ് മാസ്‌ക് ഉപയോഗിക്കുന്നത്.
സര്‍ക്കാര്‍ നിര്‍ദേശങ്ങള്‍ അവഗണിച്ചുകൊണ്ട് പത്തു പതിനഞ്ചും ദിവസം ശമ്പളമില്ലാത്ത നിര്‍ബന്ധ അവധിക്ക് പോകാന്‍ മാനേജ്‌മെന്റ് നിര്‍ബന്ധിക്കുകയാണ്. പിരിച്ചുവിടലടക്കമുള്ള ഭീഷണിയും മാനേജ്‌മെന്റ് ഉയര്‍ത്തുന്നുണ്ട്. ലോക്ക് ഡൗണ്‍ കാലത്ത് പോലും സ്റ്റാഫുകള്‍ക്ക് ആശുപത്രി അധികൃതര്‍വാഹന സൗകര്യം നല്‍കിയില്ലെന്ന പരാതിയും ഇവര്‍ ഉയര്‍ത്തുന്നു.