KeralaNews

ജർമ്മനി വിളിയ്ക്കുന്നു,ഒരോ വർഷവും 10000 നഴ്സുമാർക്ക് അവസരം,വിശദാംശങ്ങളിങ്ങനെ

തിരുവനന്തപുരം:മലയാളി നഴ്സുമാർക്ക് ജർമനിയിൽ വൻ ജോലിസാധ്യത തുറന്നുകൊണ്ട് നോർക്കയും ജർമൻ സർക്കാർ ഏജൻസിയും ധാരണാപത്രം ഒപ്പിടും. ജർമൻ ആരോഗ്യമേഖലയിൽ വിദേശ റിക്രൂട്ട്മെന്റ് നടത്താൻ അനുമതിയുള്ള സർക്കാർ ഏജൻസിയായ ഫെഡറൽ എംപ്ലോയ്മെന്റാണ് നോർക്കയുമായി കൈകോർക്കുന്നത്.
‘ട്രിപ്പിൾ വിൻ’ എന്നു പേരിട്ടിരിക്കുന്ന പദ്ധതിയിൽ ആദ്യമായാണ് സർക്കാർ ഏജൻസി പങ്കാളിയാകുന്നത്. ജർമനിയിലെ ആരോഗ്യമേഖലയിൽ വർഷം 10,000-ത്തോളം നഴ്സിങ് ഒഴിവുകളാണുള്ളത്. സംസ്ഥാനത്ത് വർഷംതോറും 8500 പേർ നഴ്സിങ് പഠിച്ച് ഇറങ്ങുന്നുണ്ട്. ജർമൻഭാഷാ വൈദഗ്ധ്യവും ഗവൺമെന്റ് അംഗീകരിച്ച നഴ്സിങ് ബിരുദവുമുണ്ടെങ്കിൽ ജോലി നേടാനാകും. ജർമൻ ഭാഷയിൽ ബി2 ലെവൽ യോഗ്യതയാണ് വേണ്ടത്. നോർക്ക വഴി റിക്രൂട്ട് ചെയ്യപ്പെടുന്നവർക്ക് ബി1 ലെവൽ യോഗ്യത മതിയാകും. ജർമനിയിൽ എത്തിയശേഷം ബി2 ലെവൽ യോഗ്യത കൈവരിച്ചാൽമതി.

ജർമനിയിലേക്ക് പോകാൻ ആഗ്രഹിക്കുന്ന നഴ്സിങ് വിദ്യാർഥികളെ ഇവിടെത്തന്നെ അഭിമുഖം നടത്തി നോർക്ക തിരഞ്ഞെടുക്കും. ഇവർക്ക് ജർമൻഭാഷയിൽ പരിശീലനം നൽകും. ഈ സമയത്തുതന്നെ അവരുടെ സർട്ടിഫിക്കറ്റ് അറ്റസ്റ്റേഷൻ, ലീഗലൈസേഷൻ തുടങ്ങിയവ ആരംഭിക്കും. ജർമൻ ഭാഷയിൽ ബി2, ബി1 ലെവൽ പാസാകുമ്പോൾ 250 യൂറോ വീതം കാഷ് അവാർഡ് നൽകും. ബി1 ലെവൽ പാസായാൽ ഉടൻതന്നെ വിസ ശരിയാക്കി ജർമനിയിലേക്ക് പോകാം. ബി2 ലെവൽ ഭാഷാപരിശീലനവും ജർമനിയിലെ ലൈസൻസിങ് പരീക്ഷയ്ക്കുള്ള പരീശീലനവും ജർമനിയിലെ തൊഴിൽദാതാവ് നൽകും. ജർമനിയിലെത്തി ഒരുവർഷത്തിനുള്ളിൽ ഈ പരീക്ഷകൾ പാസായി ലൈസൻസ് നേടേണ്ടതാണ്. പാസാകാത്തപക്ഷം ശരിയായ കാരണം ബോധിപ്പിച്ചാൽ മൂന്നുവർഷംവരെ സമയം ലഭിക്കും. പാസാകുന്നതുവരെയുള്ള കാലയളവിൽ കെയർഹോമുകളിൽ ജോലിചെയ്യാം. ഈ സമയത്ത് ജർമൻസ്വദേശികൾക്ക് തുല്യമായ ശമ്പളം നൽകും.

വ്യാഴാഴ്ച രാവിലെ 10.30-ന് മുഖ്യമന്ത്രി പിണറായി വിജയന്റെ സാന്നിധ്യത്തിൽ നടക്കുന്ന ചടങ്ങിൽ നോർക്ക റൂട്ട്സ് സി.ഇ.ഒ. കെ. ഹരികൃഷ്ണൻ നമ്പൂതിരിയും കോൺസിലർ ജനറൽ അച്ചിം ബുർക്കാർട്ടും ധാരണാപത്രം കൈമാറും.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

Related Articles

Back to top button
Close

Adblock Detected

Please consider supporting us by disabling your ad blocker