തൃശ്ശൂർ: വേതന വർധനവ് ആവശ്യപ്പെട്ട് സംസ്ഥാനത്തെ സ്വകാര്യ ആശുപത്രികളിലെ നഴ്സിംഗ് ജീവനക്കർ വീണ്ടും സമരത്തിന് ഒരുങ്ങുന്നു. പ്രതിദിന വേതനം 1500 രൂപയാക്കി വർധിപ്പിക്കണം എന്ന് ആവശ്യപ്പെട്ടാണ് നഴ്സിംഗ് ജീവനക്കാർ വീണ്ടും സമരത്തിന് ഇറങ്ങുന്നത്. സമരത്തിൻ്റെ ആദ്യപടിയായി നാളെ തൃശ്ശൂർ ജില്ലയിൽ സ്വകാര്യ നഴ്സിംഗ് ജീവനക്കാർ സൂചനാ പണിമുടക്ക് നടക്കും. ആവശ്യങ്ങൾ അംഗീകരിച്ചില്ലെങ്കിൽ സംസ്ഥാന വ്യാപകമായി സമരത്തിനിറങ്ങാൻ ആണ് നഴ്സിംഗ് ജീവനക്കാരുടെ സംഘടനയായ യുഎൻഎയുടെ തീരുമാനം.
വേതന വർധനവിൽ രണ്ട് തവണ കൊച്ചി ലേബർ കമ്മീഷണർ ഓഫീസിലും തൃശ്ശൂർ ലേബർ കമ്മീഷണർ ഓഫീസിലും ചർച്ചകൾ നടന്നിരുന്നു. കൊച്ചിയിലെ ചർച്ച സമവായമാവതെ പിരിയുകയും തൃശ്ശൂരിലെ ചർച്ചയിലെ ആശുപത്രി മാനേജ്മെൻ്റ് പ്രതിനിധികൾ എത്താതിരിക്കുകയും ചെയ്തതോടെയാണ് പ്രത്യക്ഷ സമരത്തിലേക്ക് കടക്കാൻ യുഎൻഎ തീരുമാനിച്ചത്.
സംസ്ഥാന തൊഴിൽ വകുപ്പിൻ്റെ നിയമങ്ങളെ വെല്ലുവിളിച്ചാണ് സ്വകാര്യ ആശുപത്രികൾ പ്രവർത്തിക്കുന്നതെന്നും ആവശ്യപ്പെട്ട വേതന വർധനവിൻ്റെ അൻപത് ശതമാനം അനുവദിക്കുന്ന ആശുപത്രികളെ സമരത്തിൽ നിന്നും ഒഴിവാക്കുന്ന കാര്യം പരിഗണിക്കുമന്നും യുഎൻഎ വ്യക്തമാക്കി.
നാളെ തൃശ്ശൂരിൽ നടക്കുന്ന സമരത്തിൻ്റെ ഭാഗമായി പത്ത് മണിക്ക് പടിഞ്ഞാറെ കോട്ടയിൽ നിന്നും കളക്ടറേറ്റിലേക്ക് നഴ്സിംഗ് ജീവനക്കാരുടെ നേതൃതക്തത്തിൽ പ്രതിഷേധമാർച്ച് നടത്തും. സ്വകാര്യ ആശുപത്രികളിൽ തൊഴിൽ നിയമങ്ങൾ പാലിക്കപ്പെടുന്നുവെന്ന് തൊഴിൽ വകുപ്പ് ഉറപ്പാക്കുക, സ്വകാര്യ ആശുപത്രികളിൽ തൊഴിൽ വകുപ്പ് പരിശോധനകൾ കർശനമാക്കുക, നിയമലംഘനം നടത്തുന്ന മാനേജ്മെൻ്റുകൾക്ക് നേരെ കർശന നടപടിയെടുക്കുക, കരാർ നിയമനങ്ങൾ അവസാനിപ്പിക്കുക എന്നിവയാണ് യുണൈറ്റഡ് നഴ്സസ് അസോസിയേഷൻ്റെ മറ്റു ആവശ്യങ്ങൾ. നാളത്തെ സമരം ഫലം കണ്ടില്ലെങ്കിൽ വരും ദിവസങ്ങളിൽ സംസ്ഥാനത്തെ എല്ലാ ജില്ലകളിലേക്കും സമരം വ്യപിപ്പിക്കുമെന്നും സംഘടനാ നേതാക്കൾ വ്യക്തമാക്കുന്നു.