കോട്ടയം∙ ഭക്ഷ്യ വിഷബാധയേറ്റ് യുവതി മരിച്ച സംഭവത്തിൽ പ്രധാന പ്രതിയെ പോലീസ് അറസ്റ്റ് ചെയ്തു. മലപ്പുറം തിരൂര്‍ മേൽമുറി, പാലത്തിങ്കൽ ഭാഗത്ത് പിലാത്തോട്ടത്തിൽ വീട്ടിൽ മൂസകുട്ടി മകൻ മുഹമ്മദ് സിറാജുദ്ദീൻ(20) എന്നയാളെയാണ് ഗാന്ധിനഗർ പോലീസ് അറസ്റ്റ് ചെയ്തത്.
കഴിഞ്ഞ 29 ന് സംക്രാന്തിയിലുള്ള ഹോട്ടലിൽ നിന്ന് ഓർഡർ ചെയ്തു വരുത്തിയ ഭക്ഷണം കഴിച്ച് കിളിരൂർ പാലത്തറ വീട്ടിൽ വിനോദ് കുമാറിന്റെ ഭാര്യ മെഡിക്കൽ കോളേജിലെ ആശുപത്രിയിലെ സ്റ്റാഫ് നഴ്സ് കൂടിയായ രശ്മി രാജ് ഫുഡ് പോയിസണെ തുടർന്ന് മരണപ്പെടുകയായിരുന്നു.തുടർന്ന് ഗാന്ധിനഗർ പോലീസ് കേസ് രജിസ്റ്റർ ചെയ്തു അന്വേഷണം നടത്തുന്നതിനിടയിൽ ഹോട്ടലിലെ ചീഫ് കുക്ക് ആയ സിറാജുദ്ദീൻ ഒളിവിൽ പോവുകയായിരുന്നു.
ജില്ലാ പോലീസ് മേധാവി കെ. കാർത്തിക്കിന്റെ നേതൃത്വത്തിൽ പ്രത്യേക അന്വേഷണസംഘം രൂപീകരിക്കുകയും ഇയാൾക്ക് വേണ്ടി തിരച്ചിൽ ശക്തമാക്കുകയും ചെയ്തതിനൊടുവിൽ ഇയാളെ മലപ്പുറം ജില്ലയിലെ കാടാമ്പുഴയിൽ നിന്നും പിടികൂടുകയായിരുന്നു.
അൽഫാം കഴിച്ചതിനു പിന്നാലെ ചികിത്സയിലായ കോട്ടയം മെഡിക്കൽ കോളജ് ആശുപത്രിയിലെ നഴ്സ് രശ്മി രാജ് (33) ജനുവരി രണ്ടിനാണു മരണത്തിനു കീഴടങ്ങിയത്.
യുവതി മരിച്ച സംഭവത്തിൽ ഹോട്ടൽ പാർക്ക് ഡിവൈഎഫ്ഐ പ്രവർത്തകർ അടിച്ചു തകർത്തിരുന്നു. ബോർഡുകൾ, ചെടിച്ചട്ടികൾ എന്നിവ തകർത്ത പ്രവർത്തകരെ പൊലീസ് ഇടപെട്ടാണു പിന്തിരിപ്പിച്ചത്. രശ്മിയുടെ മരണകാരണം ആന്തരികാവയവങ്ങളിലെ അണുബാധയെന്നാണു പ്രാഥമിക പോസ്റ്റ്മോർട്ടം റിപ്പോർട്ട്. കരൾ, വൃക്ക, ശ്വാസകോശം എന്നീ അവയവങ്ങളിൽ അണുബാധ സ്ഥിരീകരിച്ചിരുന്നു.
പാർക്ക് ഹോട്ടലിൽനിന്ന് ഡിസംബർ 29ന് ഓൺലൈനിൽ ഓർഡർ ചെയ്തു വാങ്ങിയ അൽഫാം കഴിച്ച് ഒരു മണിക്കൂറിനുശേഷം വയറിളക്കവും ഛർദിയുമുണ്ടായി. പ്രാഥമിക ചികിത്സ തേടിയ രശ്മിയുടെ ആരോഗ്യനില 30നു വഷളായി. തുടർന്നു കോട്ടയം ജനറൽ ആശുപത്രിയിലും പിന്നീടു മെഡിക്കൽ കോളജിലും പ്രവേശിപ്പിച്ചു. ഇതേ ഹോട്ടലിൽനിന്നു ഭക്ഷണം കഴിച്ച 20 പേർ വിവിധ ആശുപത്രികളിൽ ചികിത്സ തേടുകയും ചെയ്തിരുന്നു. ഹോട്ടൽ ആരോഗ്യ വകുപ്പ് പിന്നീട് അടച്ചുപൂട്ടി.