തിരുവനന്തപുരം: വിദേശത്ത് നിന്ന് നാട്ടിലേക്ക് എത്തുന്ന പ്രവാസികള്‍ സര്‍ക്കാര്‍ ക്വാറന്റൈനില്‍ കഴിയാല്‍ ഇനി മുതല്‍ പണം നല്‍കണമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. ഏഴു ദിവസം സര്‍ക്കാര്‍ ക്വാറന്റൈന്‍ നിര്‍ബന്ധമാണ്. ഇതിന് ഇനി മുതല്‍ പണം നല്‍കേണ്ടിവരും. പാവപ്പെട്ടവര്‍ക്ക് ഇതി ബുദ്ധിമുട്ടാകില്ലേ എന്ന ചോദ്യത്തിന് പാവപ്പെട്ടവരും പണം നല്‍കണമെന്ന് മുഖ്യമന്ത്രി പറഞ്ഞു .നിരവധിപ്പേര്‍ എത്തുന്ന സാഹചര്യത്തില്‍ ചെലവ് വഹിക്കാനാവില്ലെന്നാണ് സര്‍ക്കാര്‍ നിലപാട്.
അതേസമയം ഇതിനോടകം സംസ്ഥാനത്തെത്തി ഇപ്പോള്‍ ക്വാറന്റീനില്‍ കഴിയുന്നവര്‍ക്ക് ഇത് ബാധകമല്ലെന്നും മുഖ്യമന്ത്രി പറഞ്ഞു.തൊഴില്‍ നഷ്ടമായി വിദേശത്തുനിന്ന് മടങ്ങുന്നവര്‍ ഉള്‍പ്പെടെ ആര്‍ക്കും ഇക്കാര്യത്തില്‍ ഇളവ് അനുവദിക്കാനാവില്ലെന്നു പിണറായി വിജയൻ പറഞ്ഞു.യാത്ര ചെയ്ത് എത്തുന്നവര്‍ ക്വാറന്റൈന്‍ ചെലവ് കൂടി വഹിക്കണം. ഇതിനാവശ്യമായ തുക എത്രയാണെന്ന് അറിയിക്കുമെന്നും പിണറായി പറഞ്ഞു. രണ്ടരലക്ഷം ക്വാറന്റൈന്‍ സൗകര്യം ഒരുക്കിയിരുന്നല്ലോ എന്ന ചോദ്യത്തിന് ലക്ഷക്കണക്കിന് പ്രവാസികളാണ് ഇങ്ങോട്ടുവരുന്നതെന്നും അതിന്റെ ചെലവ് വഹിക്കാന്‍ സംസ്ഥാന സര്‍ക്കാരിന് സാധിക്കില്ലെന്നും മുഖ്യമന്ത്രി പറഞ്ഞു.
നാട്ടിലേക്ക് തിരിച്ച് വരാന്‍ ആഗ്രഹിക്കുന്ന എല്ലാവരെയും കൊണ്ടുവരണമെന്നാണ് ആഗ്രഹം. എന്നാല്‍ എല്ലാവരെയും ഒരുമിച്ച് കൊണ്ടുവരാന്‍ കഴിയില്ല. ലക്ഷക്കണക്കിന് ആളുകളാണ് വിദേശത്തും മറ്റ് സംസ്ഥാനങ്ങളിലുമുള്ളത്. വിസ കാലാവധി കഴിഞ്ഞവര്‍, വിദ്യാര്‍ത്ഥികള്‍, ഗര്‍ഭിണികള്‍, വയോധികര്‍, അവശത അനുഭവിക്കുന്നവര്‍ എന്നിവര്‍ക്ക് മുന്‍ഗണന നല്‍കണം. മറ്റ് സംസ്ഥാനങ്ങളിലുള്ള 3.80 ലക്ഷം പേര്‍ കേരളത്തിലേക്ക് വരാന്‍ രജിസ്റ്റര്‍ ചെയ്തു. 2.16 ലക്ഷം പേര്‍ക്ക് പാസ് നല്‍കി. പാസ് ലഭിച്ച 1.01 ലക്ഷം പേര്‍ വന്നു.
വിദേശത്ത് നിന്ന് 1.34 ലക്ഷം പേര്‍ തിരികെ വരാന്‍ രജിസ്റ്റര്‍ ചെയ്തു. വിദേശ രാജ്യങ്ങളില്‍ നിന്നെത്തുന്നവരെ വിമാനത്താവളങ്ങളില്‍ നിന്ന് നേരെ ക്വാറന്റൈന്‍ കേന്ദ്രങ്ങളിലേക്കാണ് മാറ്റുന്നത്. ഗര്‍ഭിണികളടക്കം പ്രത്യേക സാഹചര്യമുള്ളവരെ മാത്രമാണ് വീടുകളിലേക്കോ ആശുപത്രികളിലേക്കോ മാറ്റുന്നത്.ക്വാറന്റീന്‍ ചെലവ് സംസ്ഥാനം വഹിക്കാനായിരുന്നു സംസ്ഥാന സര്‍ക്കാറിന്റെ നേരത്തെയുള്ള തീരുമാനം.മറ്റിടങ്ങളില്‍ നിന്ന് ആളുകള്‍ വരുന്നതിന് മുന്‍പ് ഇവിടെ ചികിത്സയില്‍ ഉണ്ടായിരുന്നത് 16 പേരാണ്.
എന്നാല്‍ ഇന്നലെ 415 പേരായി ചികിത്സയില്‍. രോഗികളുടെ എണ്ണം സ്വാഭാവികമായി വര്‍ധിക്കും. മഹാരാഷ്ട്രയില്‍ നിന്ന് വന്ന 72 പേര്‍ക്കും തമിഴ്‌നാട്ടില്‍ നിന്നെത്തിയ 71 പേര്‍ക്കും കര്‍ണ്ണാടകത്തില്‍ നിന്നെത്തിയ 35 പേര്‍ക്കും രോഗം സ്ഥിരീകരിച്ചു. വിദേശത്ത് നിന്നെത്തിയ 133 പേര്‍ക്ക് രോഗബാധ ഉണ്ടായി. യുഎഇയില്‍ നിന്നും കുവൈറ്റില്‍ നിന്നും കൂടുതല്‍ രോഗികള്‍. തീവ്ര മേഖലയില്‍ നിന്നെത്തുന്നവരെ കരുതലോടെ സ്വീകരിക്കുമെന്നും മുഖ്യമന്ത്രി പറഞ്ഞു.