FeaturedNationalNews

പ്രവാസികള്‍ക്ക് തിരിച്ചടി,മടങ്ങിവരവിന് കര്‍ശന ഉപാധികളുമായി കേന്ദ്രം

ഡല്‍ഹി: പ്രവാസികളുടെ മടങ്ങിവരവില്‍ കേരളത്തിന്റെ നടപടികള്‍ക്ക് തിരിച്ചടി. കൊവിഡ് പശ്ചാത്തലത്തില്‍ വിദേശത്തു കഴിയുന്നവര്‍ക്ക് സ്വദേശത്തേക്ക് തിരിച്ചെത്താന്‍ കര്‍ശന ഉപാധികളാണ് കേന്ദ്ര സര്‍ക്കാര്‍ മുന്നോട്ട് വക്കുന്നത്. ഇതോടെ നോര്‍ക്കയില്‍ രജിസ്റ്റര്‍ ചെയ്ത എല്ലാവര്‍ക്കും ഉടന്‍ തിരികെയെത്താന്‍ കഴിയാത്ത സ്ഥിതിയുണ്ടാകും. വീസാ കാലാവധി തീര്‍ന്നവര്‍ക്കും അടിയന്തര സ്വഭാവമുള്ളവര്‍ക്കും മാത്രം ഉടന്‍ മടക്കത്തിന് അനുമതി നല്‍കാനാണ് കേന്ദ്ര നീക്കമെന്നാണ് വിവരം. ഇതനുസരിച്ച് കേന്ദ്രപട്ടികയില്‍ നിലവിലുള്ളത് രണ്ട് ലക്ഷംപേര്‍ മാത്രമാണ്.

തിരിച്ച് വരാന്‍ ആഗ്രഹിക്കുന്ന പ്രവാസികളെ തിരിച്ചെത്തിക്കാന്‍ വിപുലമായ ക്രമീകരണങ്ങളാണ് കേരളം അടക്കമുള്ള സംസ്ഥാനങ്ങള്‍ നടത്തുന്നത്. രജിസ്‌ട്രേഷന്‍ അടക്കമുള്ള നടപടികളും കേരളം വേഗത്തിലാക്കിയിരുന്നു. നോര്‍ക്ക വഴി മാത്രം നാല് ലക്ഷത്തോളം പേരാണ് മടങ്ങിവരവിന് രജിസ്റ്റര്‍ ചെയ്ത് കാത്തിരിക്കുന്നത്. എന്നാല്‍ ഇവര്‍ക്ക് എല്ലാവര്‍ക്കും ഉടന്‍ നാട്ടില്‍ മടങ്ങിയെത്താന്‍ കഴിയില്ലെന്ന് തന്നെയാണ് കേന്ദ്ര നിലപാടിലൂടെ വ്യക്തമാക്കുന്നത്.

പ്രവാസികള്‍ക്ക് മടങ്ങി വരവ് മാനദണ്ഡങ്ങള്‍ തയ്യാറാക്കാന്‍ വലിയ കൂടിയാലോചനകളാണ് കേന്ദ്ര സര്‍ക്കാരിന്റെ ഭാഗത്ത് നിന്ന് നടക്കുന്നത്. ഇക്കാര്യത്തില്‍ വിശദമായ തീരുമാനം ഉടന്‍ ഉണ്ടാകുമെന്നാണ് പ്രതീക്ഷിക്കുന്നത്.

ആര്‍ക്കൊക്കെ മുന്‍ഗണന നല്‍കണമെന്ന കാര്യത്തില്‍ കഴിഞ്ഞ ദിവസം ചീഫ് സെക്രട്ടറിമാരുമായി നടത്തിയ ചര്‍ച്ചയിലും സൂചനകള്‍ നല്‍കിയിരുന്നു. സംസ്ഥാന സര്‍ക്കാരുകള്‍ നല്‍കുന്ന കണക്കിനപ്പുറത്ത് അതാത് എംബസികള്‍ നല്‍കുന്ന മുന്‍ഗണന ലിസ്റ്റ് അടക്കം പരിഗണിച്ചാകും അന്തിമ ലിസ്റ്റ് തയ്യാറാക്കുക. അതില്‍ തന്നെ വീസാ കാലാവധി കഴിഞ്ഞവര്‍ മുതല്‍ ചികിത്സാ ആവശ്യത്തിന് അടക്കം മടങ്ങി വരവ് ആഗ്രഹിക്കുന്നവര്‍ വരെ കൂട്ടത്തിലുണ്ട്. പ്രത്യേക വിമാനത്തിലും കപ്പലിലും എല്ലാമായി പ്രവാസികളെ മടക്കി കൊണ്ട് വരാനാണ് കേന്ദ്ര സര്‍ക്കാര്‍ ഒരുങ്ങുന്നത് എന്നത് കൊണ്ട് തന്നെ അന്തിമ പട്ടികയില്‍ ഇന്ത്യയിലാകെ ഉള്ളത് ഒരു ലക്ഷത്തി തൊണ്ണൂറ്റയ്യായിരം പേരാണ് എന്നാണ് വിവരം.

നോര്‍ക്കവഴിയും എംബസി വഴിയും 413000 പേരാണ് നാട്ടിലേക്ക് മടങ്ങാന്‍ ഇതുവരെ രജിസ്റ്റര്‍ ചെയ്തിട്ടുള്ളത്. ഇതില്‍ 61009 പേര്‍ തൊഴില്‍ നഷ്ടപ്പെട്ടവരാണ്. ഗര്‍ഭിണികളായ 9827 പേര്‍ രജിസ്‌ട്രേഷന്‍ പട്ടികയിലുണ്ട്. 41236 പേര്‍ സന്ദര്‍ശക വീസാ കാലാവധി കഴിഞ്ഞവരാണ്. വീസാ കാലവധി കഴിഞ്ഞതോ റദ്ദാക്കപ്പെട്ടതോ ആയ 27100 പേരും ജയില്‍ മോചിതരായ 806 പേരും നാട്ടിലേക്ക് മടങ്ങാന്‍ കാത്തിരിക്കുന്നുണ്ട്.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

Related Articles

Back to top button