പ്രവാസി മലയാളി ഹൃദയാഘാതം മൂലം മരിച്ചു

ജിദ്ദ:ജിദ്ദയിൽ മുൻ പ്രവാസിയായിരുന്ന മലപ്പുറം സ്വദേശി ഹൃദയാഘാതത്തെത്തുടർന്ന് മരണപ്പെട്ടു. മമ്പാട് പന്തലിങ്ങൾ സ്വദേശി നൗഷാദ് കാഞ്ഞിരാല (41) ആണ് സ്വദേശത്ത് വെച്ച് മരിച്ചത്. ജിദ്ദയിൽ നിന്നും മൂന്ന് വർഷങ്ങൾക്ക് മുമ്പാണ് ഇദ്ദേഹം പ്രവാസം അവസാനിപ്പിച്ചു മടങ്ങിയെത്തിയത്.

ശേഷം നാട്ടിൽ മലബാർ ഗ്ലാസ് ഹൗസ് ആൻഡ് ഹാർഡ് വെയർ സ്ഥാപനം നടത്തിവരികയായിരുന്നു. ഈ സ്ഥാപനത്തിലായിരിക്കെ ഹൃദയ സംബന്ധമായ അസ്വസ്ഥത അനുഭവപ്പെട്ടതിനെത്തുടർന്ന് ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. മേലാറ്റൂർ സ്വദേശിനി മുഫീദയാണ് ഭാര്യ. രണ്ട് മക്കളുണ്ട്.

ഇദ്ദേഹം മമ്പാട് നിർമിച്ച പുതിയ വീട്ടിലേക്ക് താമസം മാറ്റിയിട്ട് രണ്ട് വർഷമായി. ജിദ്ദയിൽ യൂത്ത് ഇന്ത്യ പ്രവർത്തകനായിരുന്നു. സംഘടനയിൽ പ്രവർത്തന മികവ് തെളിയിച്ച നൗഷാദ് സ്നേഹത്തിന്‍റെയും എളിമയുടെയും പ്രതീകമായിരുന്നുവെന്നും താൻ ഏറ്റെടുത്ത പ്രവർത്തനങ്ങൾ ആത്മാർഥതയോടെയും ഭംഗിയായും അദ്ദേഹം നിർവഹിക്കുമായിരുന്നുവെന്നും സഹപ്രവർത്തകർ സാക്ഷ്യപ്പെടുത്തി.