കുമളി: മക്കൾ ഉപേക്ഷിച്ച മാതാവ് ചികിത്സയിലിരിക്കെ മരിച്ച സംഭവത്തിൽ മക്കൾക്കെതിരെ പോലീസ് കേസെടുത്തതിനു പിന്നാലെ ഇരുവർക്കുമെതിരെ നടപടിക്കും സാധ്യത. കേരള ബാങ്ക് കുമളി ശാഖയിലെ ജീവനക്കാരനായ മകൻ സജിമോൻ (55), പഞ്ചായത്തിലെ താൽക്കാലിക ജീവനക്കാരിയായ മകൾ സിജി (50) എന്നിവർക്കെതിരെയാണ് പോലീസ് കേസെടുത്തത്. സംഭവം സംബന്ധിച്ച് സജിമോൻ ജോലി ചെയ്യുന്ന കേരള ബാങ്കും പോലീസിനോട് റിപ്പോർട്ട് തേടിയിട്ടുണ്ട്. കുമളി പഞ്ചായത്തിലെ താത്ക്കാലിക ജീവനക്കാരിയായ മകൾ സിജിയെ സസ്പെൻഡ് ചെയ്യാൻ തീരുമാനിച്ചിട്ടുണ്ട്.
കുമളി പഞ്ചായത്തംഗം ജയമോൾ മനോജിന്റെ മൊഴിയുടെ അടിസ്ഥാനത്തിലാണ് ഇരുവർക്കുമെതിരെ കേസെടുത്തത്. ഐപിസി 24 വകുപ്പ് പ്രകാരം മുതിർന്നപൗരൻമാരേയും മാതാപിതാക്കളേയും അവഗണിക്കുന്ന വകുപ്പുകൾ ഉൾപ്പെടുത്തിയാണ് കേസെടുത്തിരിക്കുന്നതെന്ന് കുമളി എസ്‌ഐ ലിജോ പി മണി പറഞ്ഞു.
കുമളി അട്ടപ്പള്ളം സെന്റ് തോമസ് ഫെറോന പള്ളിയിൽ സംസ്‌കാരത്തിന് മുൻപ് കുമളി ബസ് സ്റ്റാൻഡിൽ പൊതുദർശനത്തിനുവെച്ച ഭൗതികദേഹത്തിൽ നൂറുകണക്കിനാളുകൾ അന്ത്യോപചാരം അർപ്പിച്ചു. പള്ളിയിലെ സംസ്‌കാരച്ചടങ്ങുകൾ തീരുംവരെ ജില്ലാ കളക്ടർ ഷീബ ജോർജ് ചടങ്ങുകളിൽ പങ്കെടുത്തിരുന്നു.
പൊതുജനങ്ങൾ അന്ത്യാജ്ഞലി അർപ്പിക്കുന്നതിനിടെ അവരിലൊരാളായി എത്തി സ്വന്തം അമ്മയ്ക്ക് ആദരാജ്ഞലി നൽകിയ മകന്റെ പ്രവർത്തിക്കും ജനം സാക്ഷിയായി. ഇതിനെതിരെ വലിയ പ്രതിഷേധം ഉയർന്നിരുന്നു. എസ്‌ഐ പല തവണ മകനെ വിളിച്ചെങ്കിലും നായയ്ക്ക് ചോറ് കൊടുക്കാനുണ്ടെന്ന മറുപടിയാണ് ലഭിച്ചത്. ഒപ്പമുള്ള ബാങ്ക് ജീവനക്കാരുടെ ശ്രമവും പരാജയപ്പെട്ടു. കേസിൽനിന്ന് തടിയൂരാനാണ് സംസ്‌കാരച്ചടങ്ങിന് മകൻ എത്തിയതെന്നാണ് ജനസംസാരം.
ശനിയാഴ്ച രാവിലെ കോട്ടയം മെഡിക്കൽ കോളേജിൽ ചികിത്സയിലിരിക്കെയാണ് കുമളി അട്ടപ്പള്ളം സ്വദേശിനി അന്നക്കുട്ടി മരിച്ചത്. പോലീസും നാട്ടുകാരും വാർഡ് മെമ്പറും അടക്കമുള്ളവരുടെ സഹായത്തോടെ വെള്ളിയാഴ്ചയാണ് അന്നക്കുട്ടിയെ മെഡിക്കൽ കോളേജിൽ പ്രവേശിപ്പിച്ചത്. ഒന്നാം മൈലിലെ സ്ഥലം വിറ്റതുക മാതാവ് വീതം വെച്ചതിലുള്ള പ്രതിഷേധമാണ് മകനെന്നാണ് അറിയുന്നത്. അട്ടപ്പള്ളം കോളനിയിൽ തനിച്ചായിരുന്നു അന്നക്കുട്ടിയുടെ ജീവിതം.
അതേസമയം കേസെടുത്തത് സംബന്ധിച്ച് പോലീസ് ഇരുവർക്കും നോട്ടീസ് നൽകും. ഇരുവരും കോടതി നടപടികൾ നേരിടേണ്ടി വരും. ഒപ്പം അമ്മയെ സംരക്ഷിക്കുന്നതിൽ വീഴ്ച വരുത്തിയത് സംബന്ധിച്ച് ജില്ല കളക്ടർക്കും പോലീസ് റിപ്പോർട്ട് നൽകും.