KeralaNews

Pinarayi:പണം വാങ്ങുന്നത് മാത്രമല്ല, സേവനങ്ങൾ വൈകിപ്പിക്കുന്നതും അഴിമതിയായി കണക്കാക്കും:മുഖ്യമന്ത്രി

പാലക്കാട്: വിവിധ ആവശ്യങ്ങള്‍ക്കായി തദ്ദേശസ്ഥാപനങ്ങളിലെത്തുന്ന ജനങ്ങള്‍ക്ക് സേവനങ്ങള്‍ വൈകിപ്പിക്കുന്നതും അഴിമതിയായി കണക്കാക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. പണം വാങ്ങുന്നതുമാത്രമല്ല അഴിമതിയെന്നും മുഖ്യമന്ത്രി പറഞ്ഞു. സംസ്ഥാനതല തദ്ദേശദിനാഘോഷം ചാലിശ്ശേരി അന്‍സാരി കണ്‍വെന്‍ഷന്‍ സെന്റററില്‍ ഉദ്ഘാടനംചെയ്യുകയായിരുന്നു അദ്ദേഹം.

മികച്ചസേവനം ഉറപ്പുവരുത്താന്‍ തദ്ദേശസ്ഥാപനങ്ങള്‍ക്ക് കഴിയണം. സേവനങ്ങള്‍ ദയയല്ല. പ്രാദേശികസര്‍ക്കാരുകള്‍ അക്കാര്യത്തില്‍ പ്രത്യേകം ശ്രദ്ധിക്കണമെന്നും മുഖ്യമന്ത്രി പറഞ്ഞു.

മാറുന്ന കാലത്തിനനുസരിച്ച് പുതിയ ഉത്തരവാദിത്വം നിറവേറ്റാന്‍ പ്രാദേശികസര്‍ക്കാരുകള്‍ക്ക് കഴിയണം. ദാരിദ്ര്യനിര്‍മാര്‍ജനത്തിന് പ്രാധാന്യം നല്‍കണം. നൈപുണ്യമുള്ളവരുടെ വിവരം ശേഖരിക്കണം. സംരംഭങ്ങള്‍ക്ക് പിന്തുണ നല്‍കണം. മനംമടുത്ത് സംരംഭകര്‍ തിരിച്ചുപോകുന്ന അവസ്ഥയുണ്ടാകരുതെന്നും അദ്ദേഹം പറഞ്ഞു.

ഏകീകൃത തദ്ദേശസ്വയംഭരണവകുപ്പ് രൂപവത്കരിച്ചശേഷം ആദ്യമായി നടക്കുന്ന സംസ്ഥാന തദ്ദേശദിനാഘോഷത്തിന്റ ഉദ്ഘാടനച്ചടങ്ങില്‍ തദ്ദേശമന്ത്രി എം.ബി. രാജേഷ് അധ്യക്ഷനായി. മന്ത്രി കെ. കൃഷ്ണന്‍കുട്ടി മുഖ്യാതിഥിയായി.

എം.എല്‍.എ.മാരായ പി. മമ്മിക്കുട്ടി, പി.പി. സുമോദ്, മുഹമ്മദ് മുഹ്സിന്‍, കെ. ശാന്തകുമാരി, കെ. ബാബു, ജില്ലാപഞ്ചായത്ത് പ്രസിഡന്റ് കെ. ബിനുമോള്‍, തദ്ദേശവകുപ്പ് പ്രിന്‍സിപ്പല്‍ സെക്രട്ടറി ഷര്‍മിള മേരി ജോസഫ്, എല്‍.എസ്.ജി.ഡി. പ്രിന്‍സിപ്പല്‍ ഡയറക്ടര്‍ എം.ജി. രാജമാണിക്യം തുടങ്ങിയവര്‍ സംസാരിച്ചു. തിരുവനന്തപുരം മേയര്‍ ആര്യാ രാജേന്ദ്രന്‍, തൃശ്ശൂര്‍ മേയര്‍ എം.കെ. വര്‍ഗീസ്, കളക്ടര്‍ ഡോ. എസ്. ചിത്ര, തദ്ദേശവകുപ്പ് ഡയറക്ടര്‍ (അര്‍ബന്‍) അരുണ്‍ കെ. വിജയന്‍ തുടങ്ങിയവര്‍ പങ്കെടുത്തു.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

Related Articles

Back to top button