InternationalNews

എല്ലാവരെയും ഒഴിപ്പിക്കുന്നില്ല’; യുക്രെെനിലെ ഒഴിപ്പിക്കലിൽ വിശദീകരണവുമായി വിദേശകാര്യ മന്ത്രാലയം

ഡല്‍ഹി: യുക്രൈനിലെ (Ukarian) ഇന്ത്യക്കാരെ ഒഴിപ്പിക്കാനുള്ള തീരുമാനം എടുത്തിട്ടില്ലെന്ന് വിദേശകാര്യമന്ത്രാലയത്തിന്റെ (External Affairs Ministry) വിശദീകരണം. താമസം അനിവാര്യമല്ലാത്ത എല്ലാവരും മടങ്ങാനാണ് നിർദ്ദേശിച്ചിരിക്കുന്നത്. ഇതിന് ആവശ്യമായ നടപടികൾ എംബസി സ്വീകരിക്കുന്നു. വിദ്യാർത്ഥികളുമായി എംബസി സമ്പർക്കത്തിലാണെന്നും വിദേശകാര്യവക്താവ് അറിയിച്ചു.

 

ഇന്ത്യയിലേക്ക് മടങ്ങിയാൽ പഠനത്തെ ബാധിക്കും എന്ന ആശങ്ക വിദ്യാർത്ഥികൾക്കുണ്ട്. സാഹചര്യം വിലയിരുത്തി, മടങ്ങുന്ന കാര്യം  വിദ്യാർത്ഥികൾക്ക് തീരുമാനിക്കാമെന്നും വിദേശകാര്യ മന്ത്രാലയം വ്യക്തമാക്കി. യുക്രൈനും റഷ്യക്കുമിടയിലെ തർക്കം സമാധാനപരമായി പരിഹരിക്കണം. നയതന്ത്ര വഴി തേടണമെന്നും ഇന്ത്യ ആവശ്യപ്പെട്ടു. 

അതിനിടെ, യുക്രൈൻ അതിർത്തിയിൽ നിന്ന് പട്ടാളക്കാരെ പിൻവലിച്ചുവെന്ന റഷ്യയുടെ അവകാശവാദം പച്ചക്കള്ളമെന്ന് അമേരിക്കയും
നാറ്റോയും പറഞ്ഞു. പ്രകോപനം ഉണ്ടാക്കിയാൽ അല്ലാതെ യുക്രൈനെ ആക്രമിക്കാൻ ഉദ്ദേശിക്കുന്നില്ലെന്ന് റഷ്യൻ പ്രസിഡന്റ് വ്ലാദിമിർ
പുടിൻ വ്യക്തമാക്കി. അതേസമയം,  റഷ്യൻ പിന്തുണയുള്ള വിമതർക്ക് നേരെ യുക്രൈൻ സൈന്യം ഷെല്ലാക്രമണം നടത്തി.  

യുക്രൈൻ അതിർത്തിയിൽനിന്നും ക്രിമിയ പ്രവിശ്യയിൽനിന്നും സൈനികരെ പിൻവലിച്ചുവെന്ന റഷ്യയുടെ വാദം നുണയാണെന്ന് ഉപഗ്രഹ ചിത്രങ്ങൾ തെളിയിക്കുന്നുവെന്ന് അമേരിക്ക പറയുന്നു.  ഏഴായിരത്തോളം സൈനികരെ റഷ്യ അധികമായി വിന്യസിക്കുകയാണ് ചെയ്തതെന്ന്
അമേരിക്ക ആരോപിച്ചു.   റഷ്യൻ സൈന്യം പിന്മാറിയെന്നതിന്റെ ഒരു തെളിവും കിട്ടിയിട്ടില്ലെന്ന് നാറ്റോ ജനറൽ സെക്രട്ടറി ജീൻസ് സ്റ്റോളാൻബർഗ്
പറഞ്ഞു.

യഥാർത്ഥ സൈനിക പിന്മാറ്റത്തിന് റഷ്യ തയ്യാറായാൽ അല്ലാതെ പ്രശ്ന  പരിഹാരം ഉണ്ടാകില്ലെന്ന് അമേരിക്കൻ പ്രസിഡന്റ് ജോ ബൈഡൻ ജർമ്മൻ ചാൻസിലർ ഒലാഫ് ഷോൾസിനെ അറിയിച്ചു. ഇരു പക്ഷത്തിനുമിടയിൽ ദിവസങ്ങളായി സമാധാന ചർച്ചകൾ നടത്തുന്ന ഒലാഫ് ഷോൾസിന് ഇതുവരെ കാര്യമായ മുന്നേറ്റമുണ്ടാക്കാൻ കഴിഞ്ഞിട്ടില്ല. 

യുക്രൈനിൽ ഉള്ളവർ അടക്കമുള്ള റഷ്യൻ അനുകൂലികൾക്ക് നേരെ ആക്രമണം ഉണ്ടായാൽ തിരിച്ചടിക്കുമെന്നാണ് പുടിൻ പറഞ്ഞത്. ഇതിനു പിന്നാലെ റഷ്യൻ പിന്തുണയുള്ള വിമതർക്ക് നേരെ യുക്രൈൻ സൈന്യം ഷെല്ലാക്രമണം നടത്തിയതായി റിപ്പോർട്ടുണ്ട് . യുക്രൈന്റെ ഉള്ളിൽ തന്നെയുള്ള വിമതരുടെ താവളങ്ങളാണ് ആക്രമിച്ചത്. ഉപരോധത്തെ ഭയക്കുന്നില്ലെന്നും അമേരിക്കൻ  ഉപരോധത്തിൽ ഉലയാത്തവിധം ശക്തമാണ് റഷ്യൻ സമ്പദ് വ്യവസ്ഥയെന്നും റഷ്യൻ ധന മന്ത്രി ആന്റൺ സിലിനോവ്‌ പറഞ്ഞു.  റഷ്യക്ക് എതിരെ അന്താരാഷ്ട്ര നടപടി വേണ്ടിവന്നാൽ  അതിനെ ഇന്ത്യയും പിന്തുണയ്ക്കുമെന്നാണ് പ്രതീക്ഷയെന്ന്  നെഡ് പ്രൈസ് പറഞ്ഞു. ലോകമെങ്ങും യുദ്ധവാർത്തകൾ നിറയുമ്പോഴും യുക്രൈനിൽ ജനജീവിതം സാധാരണപോലെയാണ്. ഇന്നലെ യുക്രൈൻ ജനത ദേശീയ ഐക്യ  ദിനമായി ആചരിച്ചു. 

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

Related Articles

Back to top button