കാക്കനാട്: കൊച്ചിയിൽ നോറൊ വൈറസ് ബാധയെന്ന് റിപ്പോര്‍ട്ട്. കാക്കനാട്ടെ സ്വകാര്യ സ്കൂളിലെ കുട്ടികൾക്കാണ് വൈറസ് ബാധയെന്ന് സംശയമെന്നാണ് റിപ്പോര്‍ട്ട്. സ്കൂളിലെ പ്രൈമറി വിഭാഗം മൂന്ന് ദിവസത്തേക്ക് അടച്ചു. ഒന്നാംക്ലാസിലെ 19 കുട്ടികൾക്കും മാതാപിതാക്കൾക്കും വൈറസ് ബാധയെന്നാണ് സംശയം.കുട്ടികളുടെ സാന്പിൾ പരിശോധനയ്ക്ക് അയച്ചു. വൈറസ് ബാധ സ്ഥിരീകരിക്കാതെ ആരോഗ്യ വകുപ്പ്
ഗ്യാസ്ട്രോഇൻറസ്റ്റൈനൽ രോഗമാണ് നോറോ വൈറസ് മൂലം സംഭവിക്കുന്നത്. വയറിൻറെയും കുടലിൻറെയും അതിരുകളിൽ വീക്കം സംഭവിക്കുകയും കടുത്ത വയറുവേദനയും ഛർദ്ദിയും അനുഭവപ്പെടുകയും ചെയ്യും. വയറിളക്കം, വയറുവേദന, ഛർദ്ദി,പനി, തലവേദന, രീരവേദന തുടങ്ങിയവയാണ് നോറോ വൈറസിന്റെ പ്രധാന ലക്ഷണങ്ങൾ. 1972ലാണ് ആദ്യമായി നോറോ വെെറസ് സ്ഥിരീകരിച്ചത്.
മലിനമായ ജലത്തിലൂടെയും, ഭക്ഷണത്തിലൂടെയുമാണ് രോഗം പകരുന്നത്. രോഗബാധയേറ്റ വ്യക്തികളുമായി നേരിട്ടുള്ള സമ്പർക്കത്തിലൂടെയും രോഗം പടരും. രോഗബാധിതനായ വ്യക്തിയിൽ നിന്ന് പുറത്തെത്തുന്ന സ്രവങ്ങളിലൂടെ വൈറസ് പ്രതലങ്ങളിൽ തങ്ങി നിൽക്കുകയും അവയിൽ സ്പർശിക്കുന്നവരുടെ കൈകളിലേക്ക് പടരുകയും ചെയ്യും. കൈകൾ കഴുകാതെ മൂക്കിലും വായിലും തൊടുന്നതോടെ വൈറസ് ശരീരത്തിൽ വ്യാപിക്കുന്നു.
അണുബാധ ആമാശയത്തെയും കുടലുകളെയും ബാധിച്ച് ആക്യൂട്ട് ഗ്യാസ്‌ട്രോഎൻട്രൈറ്റിസ് എന്ന രോഗാവസ്ഥയുണ്ടാക്കും. തുടർന്ന് 12 മുതൽ 48 മണിക്കൂറിനുള്ളിൽ രോഗലക്ഷണങ്ങൾ കണ്ടുതുടങ്ങാമെന്ന് വിദഗ്ധർ പറയുന്നു.
നോറോ വൈറസ് രോഗത്തിനെതിരെ കൃത്യമായ ആന്റിവൈറൽ മരുന്നോ വാക്‌സിനോ നിലവിലില്ല. അതിനാൽ നിർജലീകരണം തടയുകയാണ് പ്രധാന മാർഗം. മൂത്രത്തിന്റെ അളവ് കുറയുക, ചുണ്ട്, തൊണ്ട, വായ എന്നിവ വരളുക, തലകറക്കം, ക്ഷീണം, വെള്ളം കുടിക്കാൻ പറ്റാത്ത അവസ്ഥ എന്നിവയാണ് നിർജലീകരണത്തിന്റെ ലക്ഷണങ്ങൾ.
വ്യക്തിശുചിത്വമാണ് ഈ രോഗത്തെ പ്രതിരോധിക്കാനായി പ്രധാനമായി ശ്രദ്ധിക്കേണ്ടത്. ചെറുചൂടുവെള്ളം മാത്രം കുടിക്കുക. ശീതളപാനീയങ്ങളും മദ്യവും ഒഴിവാക്കുക. പഴങ്ങളും പച്ചക്കറികളും കഴുകി വേണം കഴിക്കാൻ. തണുത്തതും പഴകിയതും തുറന്നുവച്ചതുമായ ഭക്ഷണപദാർത്ഥങ്ങൾ, കേടുവന്ന പഴങ്ങൾ, പച്ചക്കറികൾ തുടങ്ങിയവ ഉപയോഗിക്കരുത്. വൈറസ് ബാധിതർ മറ്റുള്ളവരുമായുള്ള സമ്പർക്കം പരമാവധി ഒഴിവാക്കുക.