KeralaNews

പാസഞ്ചറില്ല, പ്രതിഷേധ വാരവുമായി യാത്രക്കാർ

കൊച്ചി:കോവിഡിന് മുമ്പുണ്ടായിരുന്ന എല്ലാ ട്രെയിനുകളും ഒപ്പം റദ്ദാക്കിയ സ്റ്റോപ്പുകളും പുന:സ്ഥാപിക്കണമെന്ന ആവശ്യവുമായി ഫ്രണ്ട്‌സ് ഓൺ റെയിൽസിന്റെ നേതൃത്വത്തിൽ വൻ ജനപങ്കാളിത്തത്തോടെ ഏപ്രിൽ 25 മുതൽ മെയ്‌ 1 വരെ പ്രതിഷേധവാരം ആചരിക്കുന്നു. കഴിഞ്ഞ രണ്ട് വർഷക്കാലമായി പൊതുഗതാഗത മേഖലയിൽ ജനങ്ങൾ നേരിടുന്ന ചൂഷണങ്ങൾക്ക് നേരെയുള്ള പ്രതിഷേധ സ്വരങ്ങളെ എകീകരിച്ചുകൊണ്ട് സ്റ്റേഷനുകളിൽ യാത്രക്കാർ ഈ ദിവസങ്ങളിൽ സംഘടിക്കുകയും സ്റ്റേഷനുകളിലെ പരാതി പുസ്തകത്തിൽ യാത്രാക്ലേശം രേഖപെടുത്തുകയും ചെയ്യും.

സോഷ്യൽ മീഡിയ കേന്ദ്രീകരിച്ചും ശക്തമായ ക്യാമ്പയിൻ നടക്കുന്നുണ്ട്. അസംഘടിതരായ സാധാരണ ജനങ്ങളുടെ നിസ്സഹായവസ്ഥയും പ്രതിഷേധത്തിന്റെ ഭാഗവാക്കാകുന്നതോടെ സ്ഥിരയാത്രക്കാരോടൊപ്പം സോഷ്യൽ മീഡിയയിലൂടെ പ്രതികരിക്കുന്നവരുടെ എണ്ണം വർദ്ധിച്ചു വരികയാണ്. RCC പോലുള്ള ആശുപത്രികളിലേയ്ക്ക് കേരളത്തിലെ എല്ലാ ജില്ലകളിൽ നിന്നും അത്യാവശ്യസന്ദർഭങ്ങളിൽ യാത്ര ചെയ്യുന്നതിന് നിലവിൽ റെയിൽവേ മുന്നോട്ട് വെയ്ക്കുന്ന മാനദണ്ഡങ്ങൾ സാധാരണക്കാരന് ഇന്ന് അപ്രാപ്യമാണ്.പൊതു ഗതാഗത സംവിധാനം സാധാരണക്കാരന് ആശ്വാസമായിരുന്ന ഇന്നലെകൾക്ക് വേണ്ടിയുള്ള സമരമാണിതെന്ന് ഫ്രണ്ട്‌സ് ഓൺ റെയിൽസ് സെക്രട്ടറി ശ്രീ ലിയോൺസ് പ്രതികരിച്ചു..

കോവിഡിന്റെ പേരിൽ സർക്കാർ സംവിധാനങ്ങൾ പൊതുജനത്തിന്റെ സഞ്ചാരസ്വാതന്ത്ര്യത്തിൻ മേൽ നടത്തിയ കടന്നുകയറ്റത്തെ ചോദ്യം ചെയ്യാൻ ഫ്രണ്ട്‌സ് ഓൺ റെയിൽസിന് ധൈര്യം നൽകിയത് മുപ്പത്തിലേറെ ഗ്രൂപ്പുകളിൽ നിന്നും സമൂഹത്തിലെ പലതട്ടിൽ നിന്നുമുള്ള ആളുകൾ നൽകിയ പിന്തുണയുടെ പിൻബലമാണ്. റെയിൽവേയുടെ ജനദ്രോഹ നയങ്ങൾ തുടർച്ചയായ ചർച്ചകളിലൂടെ പ്രതിഷേധവാരം എന്ന സൂചനാസമരത്തിലേയ്ക്ക് നയിക്കുകയായിരുന്നു.

ഓഫീസ് സമയം പാലിക്കുന്ന ട്രെയിനുകൾ റദ്ദാക്കിയത് മൂലം പല കുടുംബങ്ങളുടെയും ജീവിതതാളം തെറ്റി. വൃദ്ധരായ മാതാപിതാക്കളും കുട്ടികളും രാത്രി വൈകിയും വഴിക്കണ്ണുമായി കാത്തിരിക്കേണ്ട അവസ്ഥയാണ്.

കോവിഡ് അനന്തരം സാമ്പത്തിക പ്രതിസന്ധി എല്ലാ മേഖലയെയും പിടുത്തമിട്ടിട്ടുണ്ട്. ജനജീവിതം സാധാരണ ഗതിയിലേയ്ക്ക് മടങ്ങുന്നതിന് മതിയായ ഗതാഗത സൗകര്യങ്ങൾ ഒരുക്കുന്നതിന് സർക്കാർ ബാധ്യസ്ഥരാണ്. സാധാരണക്കാരന്റെ ആശ്രയമായ മെമുവിന് എക്സ്പ്രസ്സ്‌ നിരക്ക് ഈടാക്കിയും റിസർവേഷൻ കോച്ചുകളിലെ ആളൊഴിഞ്ഞ സീറ്റിൽ കനത്ത പിഴ പിടിച്ചു പറിച്ചും മുതിർന്ന പൗരന്റെ ആനുകൂല്യങ്ങൾ തടഞ്ഞുവെച്ചും റെയിൽവേ പകൽ കൊള്ള തുടരുകയാണ്.

പ്രതിഷേധ ബാനറുകളും ചിത്രങ്ങളും ഗ്രൂപ്പിലെ ഓരോ അംഗങ്ങളും കുറഞ്ഞത് പത്തുപേരിലേയ്ക്ക് എത്തിക്കണം എന്ന ആശയവുമായി മുന്നോട്ട് ഇറങ്ങിയ കൂട്ടായ്മക്ക് എല്ലാ ജില്ലയിൽ നിന്നും മികച്ച പ്രതികരണമാണ് ലഭിച്ചു വരുന്നത്. സ്റ്റാറ്റസുകളായും മുഖചിത്രങ്ങളായും ജനാരോഷം ആദ്യദിനം ചർച്ചയിൽ ഇടം പിടിച്ചു. ഇത്രയുമധികം ആളുകൾ ഒരേ ശബ്ദത്തിൽ നടത്തുന്ന പ്രക്ഷോഭം റെയിൽവേയുടെ ചരിത്രത്തിൽ തന്നെ ആദ്യമാണ്.

സൂചനാസമരശേഷവും റെയിൽവേയുടെ നിലപാടുകളിൽ ഒരു പുനർചിന്തനത്തിന് തയ്യാറായില്ലെങ്കിൽ എല്ലാ സ്റ്റേഷനിൽ നിന്നും അഞ്ചുപേരടങ്ങുന്ന സംഘം തിരുവനന്തപുരം റെയിൽവേ ഡിവിഷണൽ മാനേജരുടെ ഓഫീസ് പടിക്കൽ കുത്തിയിരുപ്പ് സമരം നടത്താനുള്ള ഒരുക്കങ്ങളും നടക്കുന്നുണ്ട്. ജില്ലാകേന്ദ്രങ്ങളിലെ റെയിൽവേ സ്റ്റേഷനുകളിൽ ജനപ്രതിനിധികൾ പ്രതിഷേധ റാലിയ്ക്ക് അഭിവാദ്യമറിയിക്കാൻ എത്തിച്ചേരാമെന്ന് അറിയിച്ചിട്ടുണ്ട്. DRM ന്റെ ഓഫീസിൽ പ്രതിഷേധക്കൂട്ടായ്മയ്ക്ക് സ്ഥലം എം. പിയുടെ സാന്നിധ്യം തേടിയിട്ടുണ്ട്.

മുപ്പതിലേറെ പാസഞ്ചറുകളാണ് തിരുവനന്തപുരം പാലക്കാട് ഡിവിഷനുകളിൽ റെയിൽവേ കോവിഡിന്റെ പേരിൽ ഒറ്റയടിക്ക് റദ്ദാക്കിയിരിക്കുന്നത്. ജനറൽ കോച്ചുകളുടെ എണ്ണം പരിമിതിപ്പെടുത്തിക്കൊണ്ടാണ് പണ്ട് സിംഹഭാഗവും അൺ റിസേർവ്ഡ് കോച്ചുകൾ ആയിരുന്ന ഇന്റർസിറ്റി, എക്സിക്യുട്ടീവ്, വഞ്ചിനാട് എക്സ്പ്രസ്സുകൾ സർവീസ് നടത്തുന്നത്. കോവിഡ് അതിപ്രസര സമയത്തും ഇതിലെ തിരക്കുകൾ സാക്ഷ്യപ്പെടുത്തിയത് റെയിൽവേയുടെ പൊള്ളായായ സാമൂഹിക പ്രതിബദ്ധതയാണ്.

യാത്രക്കാർക്ക് ഒട്ടും അനുകൂലമല്ലാത്ത സമയക്രമം അവതരിപ്പിച്ചും സീസൺ ടിക്കറ്റിനെ നിരുത്സാഹപ്പെടുത്തിയും റെയിൽവേ സ്വകാര്യവത്കരണമാണ് ലക്ഷ്യം വെയ്ക്കുന്നതെന്ന് വിശ്വസിക്കുന്ന യാത്രക്കാരുമുണ്ട്. യാത്രക്കാരുടെ നിശബ്ദത യാണ് റെയിൽവേ ഇതുവരെ മുതലാക്കിയത്. ഒരിക്കലെങ്കിലും ട്രെയിനിനെ ആശ്രയിക്കേണ്ടവരാണ് നാം ഓരോരുത്തരും, അതുകൊണ്ട് എല്ലാവരും ഈ അനീതികളെ ചോദ്യം ചെയ്യാൻ മുന്നോട്ട് വരണമെന്നും പരമാവധി ജനങ്ങളിലേയ്ക്ക് ഈ വിവരം എത്തിക്കണമെന്നും ഫ്രണ്ട്‌സ് ഓൺ റെയിൽസ് അഭ്യർത്ഥിക്കുന്നു.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

Related Articles

Back to top button