35.2 C
Kottayam
Wednesday, May 8, 2024

പാസഞ്ചറില്ല,കോട്ടയം-കൊല്ലം റൂട്ടിൽ ദുരിതയാത്ര

Must read

കോട്ടയം – കൊല്ലം പാസഞ്ചറിനുള്ള യാത്രക്കാരുടെ ശബ്ദം കനക്കുന്നു. കോട്ടയത്ത് നിന്ന് കൊല്ലത്തേയ്ക്കുള്ള യാത്രാസൗകര്യങ്ങൾ പുനസ്ഥാപിക്കാത്തതാണ് യാത്രക്കാരുടെ അമർഷത്തിന് ഇടയാക്കിയത്. വൈകുന്നേരം 3.05 നുള്ള നാഗർകോവിൽ പരശുറാം കടന്നുപോയാൽ 6.40 നുള്ള വേണാട് മാത്രമാണ് നിലവിൽ കൊല്ലം ഭാഗത്തേയ്ക്കുള്ള ഏക ആശ്രയം. വാതിൽപ്പടി വരെ ആളുകൾ തിങ്ങിനിറഞ്ഞ ജനറൽ കോച്ചുകളുമായാണ് വേണാട് കോട്ടയമെത്തുന്നത്. തിരക്ക് മൂലം പലപ്പോഴും വേണാടിൽ കയറാനാവാതെ 8.00 മണിക്ക് എത്തിച്ചേരുന്ന മെമുവിനെ ആശ്രയിക്കേണ്ട ഗതികേടിലാണ് യാത്രക്കാർ. 6.15 നുള്ള കേരള എക്സ്പ്രസ്സിൽ ജനറൽ കോച്ചുകൾ ഇല്ലാത്തതും വേണാടിൽ തിരക്ക് വർദ്ധിക്കാൻ കാരണമാകുന്നു.

കോട്ടയം ഇരട്ട പാത കമ്മീഷൻ ചെയ്താലും നിലവിലെ സാഹചര്യത്തിൽ യാത്രക്കാരുടെ പ്രശ്നങ്ങൾക്ക് യാതൊരുവിധ പരിഹാരവുമാകുന്നില്ലെന്നും ഇപ്പോഴത്തെ സമയക്രമം യാത്രക്കാർക്ക് ഒട്ടും അനുകൂലമല്ലെന്നും ഫ്രണ്ട്‌സ് ഓൺ റെയിൽസ് ആരോപിക്കുന്നു. ഇപ്പോൾ സിംഗിൾ ലൈനായതു കൊണ്ട് ട്രെയിൻ ക്രോസ്സിങ്ങിനായി പിടിച്ചിടുന്നതിനാൽ ചങ്ങനാശ്ശേരി, തിരുവല്ല ചെങ്ങന്നൂർ, സ്റ്റേഷനുകളിൽ നിന്നുള്ള യാത്രക്കാർക്ക് പരശുറാം എക്സ്പ്രസ്സിൽ വല്ലപ്പോഴുമെങ്കിലും യാത്ര ചെയ്യാൻ കഴിയുന്നുണ്ട്. കോട്ടയം സ്റ്റേഷനിലെ നവീകരണ പ്രവർത്തനങ്ങൾ ചൂണ്ടിക്കാട്ടി രണ്ട് വർഷമായി തടഞ്ഞു വെച്ചിരിക്കുന്ന പ്രാഥമിക യാത്രാ സൗകര്യങ്ങൾ നിഷേധിക്കാനും പ്രതിഷേധക്കാരുടെ വായടപ്പിക്കാനുമു ള്ള ശ്രമം ഇനിയും വിലപ്പോവില്ലെന്ന് ഫ്രണ്ട്‌സ് ഓൺ റെയിൽസ് പ്രതിനിധികൾ പറഞ്ഞു.

കോവിഡിൽ നിർത്തലാക്കിയ വൈകുന്നേരം 4.00 ന് കോട്ടയത്ത് നിന്ന് പുറപ്പെടുന്ന എറണാകുളം – കൊല്ലം മെമുവും 6.00 ന് കോട്ടയം – കൊല്ലം പാസഞ്ചറും പുനസ്ഥാപിച്ചാൽ മാത്രമേ യാത്രാക്ലേശത്തിന് കാര്യമായ കുറവ് ലഭിക്കുകയുള്ളുവെന്ന് വ്യക്തമാണ്. ഈ വിവരം ചൂണ്ടിക്കാട്ടി ഫ്രണ്ട്‌സ് ഓൺ റെയിൽസിന്റെ നേതൃത്വത്തിൽ കോട്ടയം മുതൽ കൊല്ലം വരെയുള്ള എല്ലാ സ്റ്റേഷനിലെയും പരാതി പുസ്തകത്തിൽ യാത്രക്കാർ പ്രതിഷേധം രേഖപ്പെടുത്തിയിരുന്നു. സോഷ്യൽ മീഡിയ കേന്ദ്രീകരിച്ച് ഒരാഴ്ച നീണ്ട സൂചനാസമര ശേഷവും അനുകൂലമായ നടപടികൾ റെയിൽവേയുടെ ഭാഗത്തുനിന്ന് ഉണ്ടാകാത്തതിനാലാണ് മെയ്‌ 5 ന് രാവിലെ 9.30 ന് കോട്ടയം സ്റ്റേഷനിൽ “പ്രതിഷേധസംഗമം” എന്ന ആശയത്തിൽ യാത്രക്കാർ എത്തിച്ചേർന്നത്. പ്രതിഷേധ ബാഡ്ജുകൾ ധരിച്ചും ബാനറുകൾ ഉയർത്തിയും എല്ലാ സ്റ്റേഷനിൽ നിന്നുമുള്ള യാത്രക്കാർ സമരത്തിന്റെ ഭാഗമാകും

മെയ് 5 ന് രാവിലെ കൊല്ലം സ്റ്റേഷനിൽ വെച്ച് ഇരവിപുരം എം. എൽ. എ ശ്രീ. എം.നൗഷാദ് പ്രതിഷേധക്കൂട്ടായ്മ ഉദ്ഘാടനം ചെയ്യുകയും യാത്രക്കാർക്ക് ബാഡ്ജുകൾ വിതരണം നടത്തുകയും ചെയ്യും. കരുനാഗപ്പള്ളി സ്റ്റേഷനിൽ സി. ആർ. മഹേഷ്‌ എം എൽ എ യുടെ നേതൃത്വത്തിൽ യാത്രക്കാർ സംഘടിക്കുകയും പ്രതിഷേധം റാലിയ്ക്ക് അഭിവാദ്യങ്ങൾ അർപ്പിക്കുകയും ചെയ്യും. കോട്ടയം സ്റ്റേഷനിൽ എത്തിച്ചേരുന്ന
പ്രതിഷേധകൂട്ടായ്മയെ ബഹുമാനപ്പെട്ട എം എൽ എ ശ്രീ. തിരുവഞ്ചൂർ രാധാകൃഷ്ണൻ സ്വാഗതം ചെയ്യുകയും യാത്രക്കാരോടൊപ്പം സ്റ്റേഷനിലെ പരാതി പുസ്തകത്തിൽ പ്രതിഷേധം രേഖപ്പെടുത്തുകയും ചെയ്യും.

കോവിഡിന്റെ പേരിൽ യാത്രക്കാരുടെ സഞ്ചാര സ്വാതന്ത്ര്യം തടയപ്പെടുന്ന അവസ്ഥയാണ് സംജാതമായിരിക്കുന്നത്. സ്ഥിരയാത്രക്കാരും സീസൺ ടിക്കറ്റിനെ ആശ്രയിക്കുന്ന കോട്ടയം ജില്ലയുടെ വിവിധ തൊഴിലിടങ്ങളിലെ സാധാരണക്കാരായ ജീവനക്കാരുമാണ് റെയിൽവേയുടെ ഈ നടപടിയിൽ കൂടുതൽ ക്ലേശം അനുഭവിക്കുന്നത്.

അഞ്ചുമണിക്ക് ഓഫീസ് സമയം അവസാനിച്ച ശേഷവും ഇപ്പോൾ മണിക്കൂറുകളാണ് സ്റ്റേഷനിൽ ചെലവഴിക്കേണ്ടി വരുന്നത്. രാത്രി കോട്ടയത്ത്‌ നിന്ന് ട്രെയിൻ ലഭിച്ചാലും ഇറങ്ങുന്ന സ്റ്റേഷനിൽ നിന്ന് വീട്ടിൽ എത്തിച്ചേരാൻ ഗതാഗത സൗകര്യം ഇല്ലാത്തതും സ്ത്രീകളും വിദ്യാർത്ഥികളും അടങ്ങുന്ന ബഹുഭൂരിപക്ഷത്തിന് ഇരട്ടി ദുരിതം സമ്മാനിക്കുന്നു. പാസഞ്ചർ പുനരാരംഭിക്കാതിരിക്കാൻ റെയിൽവേയുടെ ഭാഗത്ത് നിന്ന് തക്കതായ കാരണങ്ങൾ ഒന്നും അവകാശപ്പെടാനില്ല.

നിലവിൽ റദ്ദാക്കിയിരിക്കുന്ന എറണാകുളം – കൊല്ലം മെമു കോട്ടയത്ത് ഓഫീസ് സമയം പാലിക്കുന്ന വിധം ക്രമീകരിച്ചാൽ ഒരു പരിധി വരെ പരിഹാരമാകുന്നതാണ്. പരശുറാമിന്റെയും ശബരിയുടെയും സമയം നേരത്തെയാക്കിയതും കോട്ടയം യാത്രക്കാർക്ക് തിരിച്ചടിയായി. 6.40 ന് ശേഷം കോട്ടയത്ത് നിന്ന് തിരുവനന്തപുരത്തേയ്ക്ക് ട്രെയിനുകൾ ഒന്നുമില്ലാത്തത് കച്ചവടക്കാർക്കും ക്ഷീണം ചെയ്യുന്നു.

അതുപോലെ വൈകുന്നേരം കോട്ടയത്ത് നിന്ന് എറണാകുളത്തേയ്ക്കുള്ള രണ്ട് പാസഞ്ചറുകളിൽ ഒന്നുപോലും ഇതുവരെ പരിഗണിക്കാത്തതിലും കോട്ടയത്തോടുള്ള വിവേചനം പ്രകടമാണ്. ഇരട്ട പാതയും കോട്ടയം സ്റ്റേഷൻ വികസനവും അഭിമാനത്തോടെ നോക്കിക്കാണുന്ന ജനപ്രതിനിധികൾ ട്രെയിനുകളുടെ ആശാസ്ത്രീയ സമയക്രമത്തിലും കൂടുതൽ ട്രെയിനുകൾ യാത്രക്കാർക്കും റെയിൽവേയ്ക്കും ഗുണകരമാകുന്ന വിധത്തിൽ ശുപാർശ ചെയ്യാനും താത്പര്യം കാണിക്കണമെന്നും യാത്രക്കാർ അഭിപ്രായപ്പെട്ടു. എറണാകുളം ജംഗ്ഷനിൽ അവസാനിക്കുന്ന കാരയ്ക്കൽ എക്സ്പ്രസ്സിൽ യാത്രചെയ്യുന്ന ബഹുഭൂരിപക്ഷം വേളാങ്കണ്ണി തീർത്ഥാടകരും കോട്ടയം ജില്ലയിൽ നിന്നുള്ളവരാണ്. ഈ ട്രെയിൻ കോട്ടയത്തേയ്ക്ക് ദീർഘിപ്പിച്ചാൽ രാവിലെ തൃശൂരിൽ നിന്ന് കോട്ടയം ഓഫീസ് സമയം പാലിക്കാനും തിരിച്ചു വൈകുന്നേരം മടങ്ങുവാനും സ്ഥിരയാത്രക്കാർക്ക് ഉപകാരപ്പെടുന്നതാണ്. മൂന്നു പ്ലാറ്റ് ഫോം മാത്രമുള്ള കണ്ണൂർ, ആലപ്പുഴ ജില്ലകൾ അന്യസംസ്ഥാനങ്ങളെ ബന്ധിപ്പിച്ചു കൊണ്ട് എക്സ്പ്രസ്സ് ട്രെയിനുകൾ നേടിയെടുത്തപ്പോൾ അഞ്ചു പ്ലാറ്റ് ഫോം നേട്ടം പങ്കുവെയ്ക്കുന്ന കോട്ടയത്തിന് കേവലം പാസഞ്ചർ പോലും നിഷേധിക്കപ്പെടുന്നത് ഖേദകരമാണ്. സ്റ്റേഷന്റെ യഥാർത്ഥ വികസനം ആഗ്രഹിക്കുന്നവർ യാത്രക്കാരുടെ പ്രശ്നങ്ങൾ പഠിക്കണമെന്നും ഓരോ കോട്ടയകാരനും ഈ പ്രതിഷേധത്തിന്റെ ഭാഗമാകണമെന്നും ഫ്രണ്ട്‌സ് ഓൺ റെയിൽസ് ആഹ്വാനം ചെയ്തു.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

More articles

Popular this week