ജബല്‍പൂർ: ടിക്കറ്റ് എടുക്കാന്‍ കാശില്ലാത്തതിനാല്‍ ട്രെയിന്‍ ബോഗിക്ക് അടിയില്‍ തൂങ്ങിപ്പിടിച്ച് യാത്ര ചെയ്ത് യുവാവ്. മധ്യപ്രദേശിലെ ജബല്‍പൂരില്‍ ക്രിസ്മസ് തലേന്നാണ് സംഭവം. അഞ്ചും പത്തും കിലോമീറ്റർ അല്ല, 290 ലേറെ കിലോമീറ്ററാണ് യുവാവ് ഇത്തരത്തില്‍ യാത്ര ചെയ്തത്. ഇറ്റാര്‍സിയില്‍ നിന്ന് ജബല്‍പ്പുരിലേക്കുള്ള ധനാപുര്‍ എക്‌സ്പ്രസിന്റെ ബോഗിക്ക് അടിയിലായിരുന്നു യുവാവിന്റ സാഹസിക യാത്ര.
ജബൽപൂർ റെയിൽവേ സ്‌റ്റേഷനു സമീപം കാരേജ് ആൻഡ് വാഗൺ (സി ഡബ്ല്യു) വിഭാഗം ജീവനക്കാർ നടത്തിയ റോളിംഗ് ടെസ്റ്റിനിടെ ഒരാള്‍ ബോഗിക്ക് അടിയില്‍ ഒളിച്ചിരിക്കുന്നതായി കണ്ടെത്തുകയായിരുന്നു. ട്രെയിനിൻ്റെ എസ് 4 കോച്ചിന് താഴെ തികച്ചും അപകടാവസ്ഥയിൽ അള്ളിപ്പിടിച്ച് കിടന്നായിരുന്നു യുവാവിന്റെ യാത്ര. പുറത്തേക്ക് ഇറങ്ങാന്‍ പറഞ്ഞിട്ടും തയ്യാറാകാതിരുന്ന യുവാവനെ ട്രെയിനിനടിയിൽ നിന്ന് ബലം പ്രയോഗിച്ച് പുറത്താക്കുന്നതിൻ്റെ വീഡിയോ പുറത്ത് വരികയും സോഷ്യൽ മീഡിയയിൽ വൈറലാകുകയും ചെയ്തു.
യുവാവിന്റെ പേര് വിവരങ്ങള്‍ ഇതുവരെ പുറത്ത് വന്നിട്ടില്ല. ഇറ്റാർസി സ്റ്റേഷനില്‍ ട്രെയിന്‍ എത്തിയപ്പോഴാണ് ബോഗിക്ക് അടിയിലേക്ക് കയറിയതെന്ന് ഇയാള്‍ വ്യക്തമാക്കിയിട്ടുണ്ട്. തൊഴിലാളികള്‍ വിവരം അറിയിച്ചതിനെ തുടർന്ന് സ്ഥലത്ത് എത്തിയ റെയിൽവേ പ്രൊട്ടക്ഷൻ ഫോഴ്സ് (ആർ പി എഫ്) യുവാവിനെ കസ്റ്റഡിയിലെത്തു. സംഭവത്തെ വളരെ പ്രാധാന്യത്തോടെ കാണുന്നുവെന്നും അന്വേഷണം നടന്നുകൊണ്ടിരിക്കുകയാണെന്നും ആർ പി എഫ് വ്യക്തമാക്കി.
ടിക്കറ്റെടുക്കാന്‍ പണമില്ലായിരുന്നുവെന്നും അതിനാലാണ് ട്രെയിനിനടിയില്‍ തൂങ്ങി യാത്ര ചെയ്തതെന്നുമാണ് അർ പി എഫിന്റെ ചോദ്യം ചെയ്യലില്‍ യുവാവ് പറഞ്ഞത്. യുവാവ് മദ്യപിച്ചിരുന്നുവെന്ന തരത്തിലുള്ള റിപ്പോർട്ടുകളും പുറത്ത് വരുന്നുണ്ട്. ഇയാളെക്കുറിച്ച വിശദമായ വിവരങ്ങള്‍ ആർ പി എഫ് അന്വേഷിച്ച് വരികയാണ്.