തിരുവനന്തപുരം∙ ടെട്രാ പാക്കിൽ (ജൂസ് നിർമാതാക്കൾ ഉപയോഗിക്കുന്ന പ്ലാസ്റ്റിക് ആവരണമുള്ള ചെറിയ പേപ്പർ പാക്കറ്റ്) മദ്യം വിതരണം ചെയ്യുന്നതിന് അബ്കാരി ചട്ടങ്ങളിൽ ഭേദഗതി ചെയ്യണമെന്ന ബവ്റിജസ് കോർപറേഷന്റെ ശുപാർശ സർക്കാർ തള്ളി. നിലവിലെ അബ്കാരി നിയമങ്ങളിലും ചട്ടങ്ങളിലും ടെട്രാ പാക്ക് രീതിയിലുള്ള പാക്കറ്റുകളിൽ മദ്യം വിതരണം ചെയ്യുന്നതിന് വ്യവസ്ഥ ചെയ്യുന്നില്ലെന്ന് നികുതി വകുപ്പ് ചൂണ്ടിക്കാട്ടി.
375 എംഎല്ലിനു താഴെയുള്ള ടെട്രാ പാക്കിൽ മദ്യം ലഭ്യമാക്കുന്നത് വിദ്യാർഥികളെ മദ്യ ഉപയോഗത്തിലേക്ക് എളുപ്പത്തിൽ ആകർഷിക്കും. മദ്യലോബികൾക്ക് എളുപ്പത്തിൽ വ്യാജമദ്യം നിർമിക്കുന്നതിനും വ്യാജമദ്യത്തിന്റെ ഉപയോഗം വർധിക്കുന്നതിനും കാരണമാകും.
ടെട്രാ പാക്ക് ഉപയോഗത്തിനുശേഷം വലിച്ചെറിയുന്നത് പാരിസ്ഥിതിക പ്രശ്നത്തിന് ഇടയാക്കുമെന്നും നികുതി വകുപ്പ് ബവ്റിജസ് കോർപറേഷനെ അറിയിച്ചു. മാർച്ചിലാണ് ടെട്രാ പാക്കിൽ മദ്യം വിതരണം ചെയ്യുന്നതിനു ബവ്റിജസ് കോർപറേഷൻ അനുമതി തേടിയത്.