കൊച്ചി: നടി ആക്രമിക്കപ്പെട്ട കേസില്‍ നടന്‍ ദിലീപിനെതിരെ വീണ്ടും ആരോപണങ്ങളുമായി സംവിധായകന്‍ ബാലചന്ദ്ര കുമാര്‍ രംഗത്ത് വന്നു. കേസിലെ അന്വേഷണ ഉദ്യോഗസ്ഥരെ വധിക്കാന്‍ ദിലീപ് ഗൂഡാലോചന നടത്തി എന്ന കേസ് ദിലീപിനെ കുടുക്കുക എന്ന ലക്ഷ്യത്തോടെയുള്ളതാണെന്ന് സജി നന്ത്യാട്ട്, രാഹുല്‍ ഈശ്വര്‍, അഡ്വ. ശ്രീജിത്ത് പെരുമന തുടങ്ങിയവര്‍ തുടക്കം മുതല്‍ ചൂണ്ടിക്കാട്ടുന്നുണ്ട്. വിഷയത്തിലെ എല്ലാ വശങ്ങളും ചര്‍ച്ചയാക്കുകയാണ് സോഷ്യല്‍ മീഡിയ.
മാധ്യമങ്ങളും പോലീസും തന്നെ വേട്ടയാടുകയാണെന്നും താന്‍ ഇരയാണെന്നും ദിലീപ് ഇന്നലെ കോടതിയില്‍ അറിയിക്കുകയും പോലീസില്‍ വിശ്വാസമില്ലാത്തത് കൊണ്ടാണ് ഫോണ്‍ ഹാജരാക്കാത്തതെന്നും വ്യക്തമാക്കിയിരുന്നു. തുടര്‍ന്ന് ഇത് പരിഗണനയിലെടുത്ത കോടതി, ഫോണ്‍ പോലീസിന് നല്‍കേണ്ടെന്നും ഹൈക്കോടതി രജിസ്ട്രാര്‍ ജനറല്‍ മുമ്പാകെ ഹാജരാക്കിയാല്‍ മതിയെന്നും നിര്‍ദേശിക്കുകയായിരുന്നു. ഹൈക്കോടതിയുടെ ഇടക്കാല ഉത്തരവ് ഇങ്ങനെയാണെന്നിരിക്കെ, ഇതിനെ മറ്റൊരു രീതിയിലാണ് മുഖ്യധാരാ മാധ്യമങ്ങള്‍ ജനങ്ങളിലേക്ക് എത്തിക്കുന്നതെന്ന് അഡ്വ. ശ്രീജിത്ത് പെരുമന ചൂണ്ടിക്കാട്ടുന്നു.
ഇന്ത്യയില്‍ ഈയൊരു പൗരനോടും സ്വന്തം മൊബൈല്‍ ഫോണ്‍ കൃത്യമായി സൂക്ഷിച്ച് വെയ്ക്കണം എന്ന് ഒരു നിയമവും പറയുന്നില്ല. ദിലീപിന് പോലീസിനെയും അന്വേഷണത്തെയും വിശ്വാസമില്ലെന്ന് പലതവണ വ്യക്തമാക്കിയതാണ്. ബാലചന്ദ്രകുമാര്‍ പറഞ്ഞത് പൂര്‍ണമല്ല, കള്ളം പറയുന്നുവെന്ന് തെളിയിക്കാനാണ് ഫോണ്‍ പരിശോധിക്കാന്‍ അയച്ചതെന്ന് അഭിഭാഷകന്‍ ശ്രീജിത്ത് പെരുമന പറയുന്നു. കേസിലേക്ക് കാവ്യ മാധവനെയും അനാവശ്യമായി ബാലചന്ദ്ര കുമാര്‍ വലിച്ചിഴയ്ക്കുകയാണ്.
ഇതിനെതിരെ രാഹുല്‍ ഈശ്വര്‍ അടക്കമുള്ളവര്‍ രംഗത്ത് വന്നിരുന്നു. കാവ്യയ്ക്കും ഗാഡാലോചനയില്‍ പങ്കുണ്ടെന്നും കൂടെയുണ്ടായിരുന്നവര്‍ നിരപരാധിയാണെന്ന് പറയാനാകില്ലെന്നുമായിരുന്നു ബാലചന്ദ്ര കുമാറിന്റെ ഏറ്റവും പുതിയ ആരോപണം. ഇതോടെയാണ്, ഇയാള്‍ക്കെതിരെ രാഹുല്‍ ഈശ്വര്‍ രംഗത്ത് വന്നത്. ബാലചന്ദ്രകുമാര്‍ ഒരു സിനിമയുടെ തിരക്കഥ പറയുന്നത് പോലെയാണ് കേസില്‍ ഇല്ലാത്ത കഥകള്‍ പറഞ്ഞിറക്കുന്നതെന്ന് രാഹുല്‍ ചൂണ്ടിക്കാട്ടുന്നു.