കൊച്ചി:അതിതീവ്ര കൊറോണ വൈറസ് ബാധയുടെ പശ്ചത്തലത്തില്‍ ഇന്ത്യയിലേക്കും തിരിച്ചും റദ്ദാക്കിയ വിമാന സര്‍വ്വീസുകള്‍ ഭാഗികമായി പുനസ്ഥാപിച്ചെങ്കിലും കേരളത്തിലേക്കുള്ള സര്‍വ്വീസുകള്‍ പുനസ്ഥാപിയ്ക്കാത്തത് മലയാളികള്‍ക്ക് തിരിച്ചടിയാവുന്നു. ജനുവരി എട്ടിന് പുനഃരാരംഭിക്കുന്ന ബ്രിട്ടനിലേക്കുള്ള 15 പ്രതിവാര സര്‍വീസുകളില്‍ നിന്നും കൊച്ചിയെ ഒഴിവാക്കിയതായി കേന്ദ്ര വ്യോമയാന മന്ത്രി ഹര്‍ദീപ് സിംങ് പുരിയുടെ ട്വിറ്റര്‍ സന്ദേശം വ്യക്തമാക്കുന്നു.
നിലവിലെ തീരുമാനപ്രകാരം ജനുവരി എട്ടു മുതല്‍ 23 വരെയാണ് ആഴ്ചയില്‍ 15 സര്‍വീസുകള്‍ക്ക് വ്യോമയാന മന്ത്രാലയം അനുമതി നല്‍കിയിരിക്കുന്നത്. ഇതില്‍ ഉള്‍പ്പെടാത്ത സാഹചര്യത്തില്‍ ജനുവരി 23നു ശേഷമേ കൊച്ചിയില്‍നിന്നും നേരിട്ടുള്ള സര്‍വീസ് പുനഃരാരംഭിക്കാന്‍ എന്തെങ്കിലും സാധ്യതയുള്ളൂ.അതും കൊവിഡ് വ്യാപനത്തിന്റെ തോതിനെ ആശ്രയിച്ചിരിയ്ക്കുകയും ചെയ്യും
ഇക്കാര്യത്തിലും അവ്യക്തത തുടരുകയാണ്. പുതുവര്‍ഷത്തില്‍ യുകെയിലെ മലയാളികള്‍ക്കാകെ ഇരുട്ടടി ആയിരിക്കുകയാണ് കേന്ദ്ര വ്യോമയാന മന്ത്രാലയത്തിന്റെ ഈ അപ്രതീക്ഷിത തീരുമാനം. അടിയന്തര ആവശ്യങ്ങള്‍ക്കായും മറ്റും നാട്ടിലെത്തിയ നൂറുകണക്കിനു മലയാളികളാണ്
നേരിട്ടുള്ള വിമാനസര്‍വീസില്‍ വിശ്വസിച്ചും പ്രതീക്ഷവച്ചും നാട്ടില്‍ പോയവരെല്ലാം ഒരുവിധത്തിലും മടങ്ങിവരാനാകാതെ വിഷമിക്കുകയാണ്. മുംബൈ, ഡല്‍ഹി, ബാംഗ്ലൂര്‍, ഹൈദരാബാദ് എന്നിവിടങ്ങളില്‍നിന്നാണ് ജനുവരി എട്ടുമുതല്‍ 23 വരെയുള്ള പുതുക്കിയ ഷെഡ്യൂളിലെ സര്‍വീസുകള്‍.
ആഭ്യന്തര സര്‍വീസുകളെ ആശ്രയിച്ച് ഈ വിമാനത്താവളങ്ങളിലെത്തിയാല്‍ മാത്രമേ കേരളത്തില്‍ കുടുങ്ങിയ ബ്രിട്ടിഷ് മലയാളികള്‍ക്ക് തല്‍കാലം മടങ്ങിയെത്താനാകൂ. വന്ദേഭാരതില്‍ ഉള്‍പ്പെടുത്തി തുടങ്ങിയ സര്‍വീസുകളില്‍ ഏറ്റവും വിജയപ്രദമായ സര്‍വീസുകളിലൊന്നായിരുന്നു ലണ്ടനില്‍നിന്നും കൊച്ചിയിലേക്കും തിരിച്ചുമുള്ള ഡയറക്ട് സര്‍വീസ്.
ആഴ്ചയില്‍ ഒരു സര്‍വീസ് എന്നത് ജനത്തിരക്കുമൂലം പിന്നീട് രണ്ടായും നവംബര്‍ 25 മുതല്‍ ആഴ്ചയില്‍ മൂന്നായും ഉയര്‍ത്തിയിരുന്നു. മാര്‍ച്ച് 31 വരെ ആഴ്ചയില്‍ മൂന്നു സര്‍വീസ് തുടരാനായിരുന്നു നിലവിലെ തീരുമാനം. ഇതാണിപ്പോള്‍ താല്‍കാലികമായി നിര്‍ത്തിയതോടെ അനിശ്ചിതത്വത്തിലായത്.
രാജ്യത്തെ ഒന്‍പതു നഗരങ്ങളില്‍നിന്നായിരുന്നു വിവിധ ബ്രിട്ടിഷ് വിമാനത്താവളങ്ങളിലേക്ക് എയര്‍ ഇന്ത്യ വന്ദേഭാരത് സര്‍വീസ് നടത്തിയിരുന്നത്. ഇതില്‍ ആഴ്ചയില്‍ ഏഴു സര്‍വീസ് നടത്തിയിരുന്ന ഡല്‍ഹിയും നാല് സര്‍വീസ് നടത്തിയിരുന്ന മുംബൈയും കഴിഞ്ഞാല്‍ ഏറ്റവും അധികം സര്‍വീസ് കൊച്ചിയില്‍നിന്നും ആയിരുന്നു. എന്നാല്‍ താല്‍കാലികമായി നിര്‍ത്തിയ സര്‍വീസ് പുനരാരംഭിച്ചപ്പോള്‍ കൊച്ചി പുറത്തായി.
വന്ദേഭാരത് സര്‍വീസ് ഇല്ലാതായതോടെ ഇപ്പോള്‍ എത്ര അത്യാവശ്യമായാലും നാട്ടില്‍ പോകാനോ തിരികെയെത്താനോ കഴിയാത്ത സ്ഥിതിയിലാണ് രണ്ടുലക്ഷത്തോളം വരുന്ന ബ്രിട്ടനിലെ മലയാളി സമൂഹം.