കൊച്ചി: ചേരാനല്ലൂർ പൊലീസ് രജിസ്റ്റർ ചെയ്ത വഞ്ചനാ കേസില്‍ അഡ്വ. സൈബി ജോസ് കിടങ്ങൂരിനെതിരെ നിലവിൽ തെളിവില്ലെന്ന് പൊലീസ് റിപ്പോർട്ട്. ഹൈക്കോടതിയിൽ സമർപ്പിച്ച റിപ്പോർട്ടിലാണ് പൊലീസ് ഇക്കാര്യം വ്യക്തമാക്കിയത്.
പണം ആവശ്യപ്പെട്ടതിനും, വാങ്ങിയതിനും തെളിവില്ലെന്നാണ് പൊലീസിന്‍റെ റിപ്പോർട്ടില്‍ പറയുന്നത്. കുടുംബ കോടതി കേസിൽ നിന്നും പിന്മാറാൻ സൈബി അഞ്ച് ലക്ഷം രൂപ വാങ്ങി വഞ്ചിച്ചുവെന്നായിരുന്നു കോതമംഗലം സ്വദേശിയുടെ പരാതി. കേസിൽ വിശദമായ അന്വേഷണം തുടരുകയാണെന്നും പൊലീസ് അറിയിച്ചു.
കോതമംഗലം സ്വദേശിയുടെ പരാതിയിൽ ചേരാനല്ലൂർ പൊലീസാണ് അഡ്വ. സൈബി ജോസ് കിടങ്ങൂരിനെതിരെ കേസെടുത്തത്. പരാതിക്കാരന്‍റെ ഭാര്യയുടെ അഭിഭാഷകനായിരുന്നു സൈബി. കുടുംബ കോടതിയിൽ ഉൾപ്പടെ ഭാര്യ നൽകിയ കേസ് പിൻവലിക്കാം എന്ന് പറഞ്ഞാണ് സൈബി പണം വാങ്ങിയത്.
പണം വാങ്ങിയ ശേഷം ആലുവ കോടതിയിലെ കേസ് പിൻവലിച്ചുവെങ്കിലും കുടുംബ കോടതിയിലെ കേസ് പിൻവലിക്കാൻ തയാറായില്ലെന്നാണ് പരാതി. പാസ്പോർട്ട് തടഞ്ഞുവെക്കുമെന്ന് ഭീഷണിപ്പെടുത്തിയെന്നും പരാതിക്കാരൻ ആരോപിക്കുന്നു.