തിരുവനന്തപുരം : കേരളത്തിലെ വൈദ്യുതി നിരക്ക് ഉടന്‍ വര്‍ധിക്കും എന്ന തരത്തില്‍ വന്ന റിപ്പോര്‍ട്ടുകള്‍ വസ്തുതാ വിരുദ്ധമാണെന്ന് കെഎസ്ഇബി. കേരള സ്റ്റേറ്റ് ഇലക്ട്രിസിറ്റി റെഗുലേറ്ററി കമ്മിഷനാണ് സംസ്ഥാനത്ത് വൈദ്യുതി നിരക്ക് നിശ്ചയിക്കാനുള്ള അധികാരമുള്ളത്.
റെഗുലേറ്ററി കമ്മിഷന്‍, 2018 ഏപ്രില്‍ മുതല്‍ 2022 മാര്‍ച്ച് വരെയുള്ള കാലയളവിലേക്ക് ബാധകമായ മള്‍ട്ടി ഇയര്‍ താരിഫ് റെഗുലേഷനനുസരിച്ച് 2019 ജൂലൈയില്‍ പുറപ്പെടുവിച്ച ഉത്തരവനുസരിച്ചുള്ളതാണ് സംസ്ഥാനത്ത് ഇപ്പോള്‍ നിലവിലുള്ള വൈദ്യുതി നിരക്ക്.
അന്തര്‍ സംസ്ഥാന പ്രസരണ ചാര്‍ജില്‍ ഉണ്ടാകാനിടയുള്ള വര്‍ധനവും അതുള്‍പ്പെടെ കെഎസ്ഇബിയുടെ വരവും ചെലവും 2022 ഏപ്രില്‍ മുതലുള്ള കാലയളവിലേക്ക് കണക്കാക്കുന്നതിനുമുള്ള ചട്ടങ്ങള്‍ രൂപപ്പെടുത്തുന്നതിനുള്ള പ്രാഥമിക നടപടികള്‍ റഗുലേറ്ററി കമ്മീഷന്‍ ഇനിയും ആരംഭിച്ചിട്ടില്ല. അക്കാലയളവിലേക്കള്ള ചട്ടങ്ങള്‍ രൂപപ്പെടുത്തിയതിന് ശേഷം മാത്രമേ, നിരക്ക് വര്‍ധനവ് അനിവാര്യമായി വരികയാണെങ്കില്‍, റെഗുലേറ്ററി കമ്മീഷന്റെ പരിഗണനയില്‍ വരികയുള്ളു.