കൊച്ചി: ഡ്രൈവർ രാസലഹരി കേസിൽ അറസ്റ്റിലായതിന് പിന്നാലെ യൂട്യൂബര്‍ ‘തൊപ്പി’ എന്ന നിഹാദും സുഹൃത്തുക്കളും സമർപ്പിച്ച ജാമ്യാപേക്ഷ തീർപ്പാക്കി എറണാകുളം പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതി. ഹർജി സമർപ്പിച്ചവർക്കെതിരേ കേസില്ലെന്ന പോലീസ് റിപ്പോർട്ടിനെ തുടർന്നാണ് കോടതി കേസ് തീർപ്പാക്കിയത്. നിഹാദിനൊപ്പം സുഹൃത്തുക്കളായ മൂന്ന് യുവതികളും മുന്‍കൂര്‍ ജാമ്യം തേടി എറണാകുളം പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതിയെ സമീപിച്ചിച്ചിരുന്നു.
കൊച്ചി തമ്മനത്ത് നിന്നും നവംബർ 15ന് രണ്ട് യുവാക്കളെ രാസലഹരിയുമായി പിടികൂടിയിരുന്നു. ഇതിന്റെ അന്വേഷണത്തിൽ തൊപ്പിയുടെ ഡ്രൈവറായ ജാബിർ ആണ് യുവാക്കൾക്ക് എം ഡി എം എ എത്തിച്ച് കൊടുത്തതെന്ന് കണ്ടെത്തുകയായിരുന്നു.
തുടർന്ന് താൻ സെലിബ്രറ്റി ആയതിനാൽ തനിക്കെതിരേയും കേസ് എടുക്കുമോയെന്ന് ഭയന്ന് ഒളിവിൽ പോവുകയും പിന്നാലെ ജാമ്യ ഹർജി ഫയൽ ചെയ്യുകയുമായിരുന്നു നിഹാദ്. തുടർന്ന് വിഷയത്തിൽ ഡിസംബർ നാലിനുള്ളിൽ റിപ്പോർട്ട് സമർപ്പിക്കാൻ കോടതി പാലാരിവട്ടം പോലീസിനോട് നിർദ്ദേശിക്കുകയായിരുന്നു.
മുൻകൂർ ജാമ്യ ഹർജി സമർപ്പിച്ചിരിക്കുന്ന കേസിൽ തൊപ്പിക്കെതിരേ പോലീസ് കേസ് രജിസ്റ്റർ ചെയ്തിട്ടില്ലെന്നാണ് പോലീസ് കോടതിയിൽ സമർപ്പിച്ച റിപ്പോർട്ടിൽ വ്യക്തമാക്കിയിരിക്കുന്നത്. തുടർന്നാണ് കോടതി കേസ് തീർപ്പാക്കിയത്.