ന്യൂഡൽഹി: ലോക്സഭാ തിരഞ്ഞെടുപ്പിന്റെ ഫലപ്രഖ്യാപനത്തിനു പിന്നാലെ സർക്കാർ രൂപീകരണവുമായി ബന്ധപ്പെട്ട് നിർണായക ചർച്ചകൾ നടക്കവേ, ജെഡിയു അധ്യക്ഷൻ നിതീഷ് കുമാറും ആർജെഡി നേതാവ് തേജസ്വി യാദവും ഒരേ വിമാനത്തിൽ ഡൽഹിയിലേക്ക്. നിതീഷ് കുമാറിന്റെ പിന്തുണയ്ക്കായി ബിജെപിയും ഇന്ത്യ സഖ്യവും ശ്രമം നടത്തുന്നതിനിടെയാണ്, അദ്ദേഹം തേജസ്വിക്കൊപ്പം വിമാന യാത്ര നടത്തുന്ന ദൃശ്യം പുറത്തുവന്നത്.
കേവല ഭൂരിപക്ഷം ഒറ്റയ്ക്ക് നേടാനാകാത്ത ബിജെപിയും കേവലഭൂരിപക്ഷത്തിന് 38 സീറ്റ് കുറവുള്ള ഇന്ത്യാ സഖ്യവും ജെഡിയു, ടിഡിപി പാർട്ടികളുടെ പിന്തുണ ഉറപ്പിക്കാൻ തിരക്കിട്ട നീക്കത്തിലാണ്. ഇതിനിടെയാണ് ഇന്ത്യ സഖ്യത്തിന്റെ ഭാഗമായ തേജസ്വിക്കൊപ്പം നിതീഷിന്റെ വിമാന യാത്രയെന്നത് ശ്രദ്ധേയം.
നിതീഷ് കുമാറിനെ ഇന്ത്യാ സഖ്യത്തിലേക്ക് തിരിച്ചെത്തിക്കാൻ ശരദ് പവാറടക്കമുള്ള നേതാക്കൾ ശ്രമിച്ചുവെന്ന് നേരത്തെ മുതൽ അഭ്യൂഹമുയർന്നിരുന്നു. അതേസമയം, ജെഡിയു ബിജെപിക്കൊപ്പം ഉറച്ചുനിൽക്കുമെന്ന് നിതീഷ് കുമാറിന്റെ അടുത്ത അനുയായി കെ.സി. ത്യാഗി വാർത്താ ഏജൻസിയായ എഎൻഐയോട് പറഞ്ഞു.