‘ഞാന്‍ പരമശിവനാണ്, തന്നെ ഒരാള്‍ക്കും തൊടാന്‍ പോലുമാകില്ല; വെല്ലുവിളിച്ച് ആള്‍ ദൈവം നിത്യാനന്ദ
ന്യൂഡല്‍ഹി: ബലാത്സംഗകേസില്‍ ആരോപണ വിധേയനായ നിത്യാനന്ദ ഇന്ത്യവിട്ടെന്ന ഗുജറാത്ത് പോലീസിന്റെ സ്ഥിരീകരണം വന്നതിനു പിന്നാലെ തന്നെ ഒരാള്‍ക്കും തൊടാന്‍ പോലുമാകില്ലെന്ന് വെല്ലുവിളിച്ച് ആള്‍ദൈവം നിത്യാനന്ദ. സമൂഹമാധ്യമങ്ങളില്‍ പ്രചരിക്കുന്ന വീഡിയോയിലാണു നിത്യാനന്ദയുടെ വെല്ലുവിളി. തന്റെ കഴിവ് എന്താണെന്നു താന്‍ കാട്ടിത്തരും. അതിലൂടെ യാഥാര്‍ത്ഥവും സത്യവും വെളിവാകും. ഇപ്പോള്‍ തന്നെ തൊടാന്‍ പോലും ആര്‍ക്കുമാകില്ല. ഒരു വിഡ്ഢി കോടതിക്കും സത്യം വെളിപ്പെടുത്തുന്നതിന്റെ പേരില്‍ തന്നെ വിചാരണ ചെയ്യാനാകില്ല. താന്‍ പരമശിവനാണെന്നും വീഡിയോയില്‍ നിത്യാനന്ദ പറയുന്നു. തന്റെ സ്ഥിരം വേഷവും തലപ്പാവും ധരിച്ചാണു വീഡിയോയില്‍ നിത്യാനന്ദ പ്രത്യക്ഷപ്പെടുന്നത്. വീഡിയോ എപ്പോള്‍ പകര്‍ത്തിയാണെന്നോ എവിടെവച്ച് പകര്‍ത്തിയതാണെന്നോ വ്യക്തമല്ല.
ബലാത്സംഗക്കേസില്‍ പോലീസിന്റെ പിടിയിലാകുമെന്ന് ഉറപ്പായ സാഹചര്യത്തിലാണു നിത്യാനന്ദ രാജ്യംവിട്ടത്. നിത്യാനന്ദയുടെ പാസ്‌പോര്‍ട്ടിന്റെ കാലാവധി 2018 സെപ്റ്റംബറില്‍ തന്നെ അവസാനിച്ചിരുന്നു. എന്നിട്ടും അദ്ദേഹം എങ്ങനെയാണു രാജ്യംവിട്ടതെന്നോ എവിടേക്കാണു പോയതെന്നോ വ്യക്തമല്ല. നിത്യാനന്ദയുടെ പാസ്‌പോര്‍ട്ട് ഇന്ത്യ റദ്ദാക്കിയിട്ടുണ്ട്. പുതിയ പാസ്‌പോര്‍ട്ടിനായുള്ള നിത്യാനന്ദയുടെ അപേക്ഷയും നിരസിച്ചതായി വിദേശകാര്യ വക്താവ് രവീഷ് കുമാര്‍ പറഞ്ഞു. നിത്യാനന്ദ ഇക്വഡോറില്‍ വാങ്ങിയ ദീപില്‍ കൈലാസ എന്ന ഹിന്ദു രാജ്യം സ്ഥാപിച്ചതായി കഴിഞ്ഞ ദിവസം റിപ്പോര്‍ട്ടുകള്‍ പുറത്തുവന്നിരുന്നു. എന്നാല്‍ ഇക്വഡോര്‍ ഇതു നിഷേധിച്ചു. നിത്യാനന്ദയ്ക്ക് അഭയം നല്‍കാന്‍ സഹായിക്കുകയോ ദക്ഷിണ അമേരിക്കയില്‍ ഏതെങ്കിലും ഭൂമി വാങ്ങിക്കുവാന്‍ സഹായിക്കുകയോ ചെയ്തിട്ടില്ലെന്ന് ഇക്വഡോര്‍ അറിയിച്ചു.