കൊച്ചി:മലയാളത്തില്‍ തുടങ്ങി കന്നഡയും തെലുങ്കും തമിഴും അടങ്ങുന്ന തെന്നിന്ത്യയും കടന്ന് ബോളിവുഡില്‍ വരെ തന്റ അഭിനയ മികവ് പ്രകടിപ്പിച്ചിട്ടുള്ള താരമാണ് നിത്യ മേനോന്‍. മികച്ച ഗായിക കൂടിയായ നിത്യ മേനോന്‍ ഇന്ന് മലയാളത്തേക്കാള്‍ കൂടുതല്‍ അഭിനയിക്കുന്നത് അന്യഭാഷ ചിത്രങ്ങളിലാണ്. പ്രത്യേകിച്ച് തെലുങ്ക്, തമിഴ് ഭാഷകളില്‍. ഈ ഭാഷകള്‍ നടിമാരുടെ ഗ്ലാമറസ് വേഷങ്ങള്‍ക്ക് പ്രധാന്യം നല്‍കാറുണ്ടെങ്കിലും നിത്യ മേനോന്‍ ഇതുവരെ അത്തരം വേഷങ്ങള്‍ ചെയ്യാന്‍ തയ്യാറായിട്ടില്ല.
മികച്ച പ്രതിഫലം ലഭിക്കുകയാണെങ്കില്‍ പല നായികമാരും ഐറ്റം ഡാന്‍സിന് വരെ തയ്യാറാകാറുണ്ട്. മലയാളത്തില്‍ നിന്ന് അന്യഭാഷകളിലേക്ക് എത്തുന്ന പല നടിമാരും അവിടെ ഗ്ലാമറസ് വേഷങ്ങള്‍ ചെയ്യുന്നതും കാണാറുണ്ട്. ഇവിടെ പിടിച്ച് നില്‍ക്കണമെങ്കില്‍ പലപ്പോഴും ഇഷ്ടമല്ലെങ്കിലും ഇത്തരം വിട്ടുവീഴ്ചകള്‍ക്ക് തയ്യാറാകേണ്ടി വരികയും ചെയ്യും. എന്നാല്‍ ഇതില്‍ നിന്നെല്ലാം വ്യത്യസ്തമാണ് നിത്യ മേനോന്‍.
എന്നാല്‍ ഇപ്പോഴിതാ ഒരു പ്രമുഖ തെലുങ്ക് സംവിധായകന്‍ നിത്യാ മേനോനെക്കൊണ്ട് ഐറ്റം സോംഗ് ചെയ്യിപ്പിക്കാന്‍ ശ്രമിച്ചിരുന്നുവെന്ന റിപ്പോർട്ടുകളാണ് ഇപ്പോള്‍ പുറത്ത് വരുന്നത്. ഈ വിഷയം തെലുങ്ക് സിനിമ ലോകത്ത് വലിയ ചർച്ചയായി മാറുകയും ചെയ്തിട്ടുണ്ട്. കുടുംബ പ്രേക്ഷകരുടെ ഇഷ്ട നായികയായി അറിയപ്പെടുന്ന നിത്യമേനോനെക്കൊണ്ട് എങ്ങനെ അത്തരമൊരു കാര്യം ചെയ്യിക്കാന്‍ സംവിധായകന്‍ താല്‍പര്യപ്പെട്ടുവെന്നാണ് ആരാധകർ ചോദിക്കുന്നത്.
ആ സംവിധായകന്‍ ആരാണെന്ന് തെലുങ്ക് മാധ്യമങ്ങള്‍ വ്യക്തമാക്കുന്നില്ലെങ്കിലും ഇൻഡസ്ട്രിയിൽ ഇതിനോടകം നല്ല പേര് ഉണ്ടാക്കിയ ഒരു മികച്ച സംവിധായകനാണ് അദ്ദേഹമെന്ന് റിപ്പോർട്ടുകള്‍ പറയുന്നു. തൻ്റെ സിനിമയിൽ ഒരു ഐറ്റം സോങ് ചെയ്യണമെന്ന് സംവിധായകന്‍ നിത്യ മേനോനോട് ആവശ്യപ്പെടുകയായിരുന്നു.
സാധാരണ ഐറ്റം ഡാന്‍സ് ചെയ്യുന്ന നടിമാരുടെ ഫിഗർ അല്ല നിത്യ മേനോന്. ഒരു നാടന്‍ പെണ്‍കുട്ടിയുടെ ശൈലിയുള്ള നിത്യയെ കണ്ടിട്ട് ഈ സംവിധായകന് എങ്ങനെ ഒരു ഐറ്റം സോങ്ങ് ചെയ്യിപ്പിക്കണമെന്ന് തോന്നി എന്നും ആരാധകർ ചോദിക്കുന്നു.
തനിക്ക് ഐറ്റം ഡാന്‍സ് ചെയ്യാന്‍ പറ്റില്ലെന്ന നിലപാട് ശക്തമായി തന്നെ നിത്യ പറഞ്ഞിട്ടും പല തരത്തിൽ ബോധ്യപ്പെടുത്താൻ സംവിധായകന്‍ ശ്രമിച്ചു. മാത്രവുമല്ല ഈ പാട്ടില്‍ നടിയെക്കൊണ്ട് ബിക്കിനി ധരിപ്പിക്കാനും സംവിധായകന് പദ്ധതിയുണ്ടായിരുന്നുവെന്നാണ് ഏഷ്യാനെറ്റ് ന്യൂസ് തെലുങ്ക് അടക്കം റിപ്പോർട്ട് ചെയ്യുന്നത്.
നിരവധി തെലുങ്ക് തമിഴ് ചിത്രങ്ങളില്‍ അഭിനയിച്ചിട്ടുണ്ടെങ്കിലും ഒരു സിനിമയില്‍പ്പോലും താരം ഗ്ലാമറസായി അഭിനയിച്ചിട്ടില്ല. എന്നിട്ടുപോലും തന്റേതായ ഒരു ആരാധക വൃന്ദത്തെ ഉണ്ടാക്കിയെടുക്കാന്‍ നിത്യമേനോന് സാധിച്ചിട്ടുണ്ട്.
1998-ൽ പുറത്തിറങ്ങിയ ദി മങ്കി ഹു ന്യൂ ന്യൂ മച്ച് (ഹനുമാൻ) എന്ന ഇംഗ്ലീഷ് ചിത്രത്തില്‍ ബാലതാരമായി അഭിനയിച്ചുകൊണ്ടാണ് നിത്യ മേനോന്‍ ചലച്ചിത്ര ലോകത്തേക്ക് കടക്കുന്നത്. താരം ജനിച്ചതും വളർന്നതുമൊക്കെ ബംഗ്ലൂരിലായിരുന്നു. നായികയായി അരങ്ങേറിയതും കന്നഡയില്‍ തന്നെ. സെവന്‍ ഓ ക്ലോക്ക് ആയിരുന്നു നായികയായി അരങ്ങേറിയ ചിത്രം.
2008 ല്‍ പുറത്തിറങ്ങിയ മോഹന്‍ലാല്‍ ചിത്രം ആകാശഗോപുരമായിരുന്നു ആദ്യ മലയാള ചിത്രം.തുടർന്ന് അപൂർവ്വ രാഗം, അന്‍വർ, ഉറുമി, വയലിന്‍, തത്സമയം ഒരു പെൺകുട്ടി, ബാച്ച്‍ലർ പാർട്ടി, ഉസ്താദ് ഹോട്ടൽ, ബാംഗ്ലൂർ ഡെയിസ്, കോളാമ്പി തുടങ്ങിയ നിരവധി മലയാള ചിത്രങ്ങളില്‍ അഭിനയിച്ചു. ആല മൊദലൈന്ദി,ഇഷ്ക്, ഗുണ്ടേ ജാരി ഗല്ലന്തയ്യിന്ടെ, ജനതാ ഗാരേജ്, ഗീതഗോവിന്ദം, തുടങ്ങിയ നിരവധി തെലുങ്ക് ചിത്രങ്ങളും താരത്തിന് സ്വന്തമായുണ്ട്. വെപ്പം, മാലിനി 22 പാളയംകോട്ടൈ, കാഞ്ചന 2, ഓ കാതൽ കണ്മണി, 24, ഇരുമുഗം, മെർസല്‍, സൈക്കോ എന്നിവയാണ് നിത്യയുടെ പ്രമുഖ തമിഴ് ചിത്രങ്ങള്‍.