മുംബൈ: വാഹനങ്ങളിൽ സീറ്റ് ബെൽറ്റ് അലാം പ്രവർത്തിക്കാതിരിക്കാൻ ഉപയോഗിക്കുന്ന ഉപകരണങ്ങൾ രാജ്യത്ത് നിരോധിക്കുമെന്ന് കേന്ദ്ര ഗതാഗത മന്ത്രി നിതിൻ ഗഡ്കരി. ടാറ്റ സൺസ് മുൻ ചെയർമാൻ സൈറസ് മിസ്ത്രിയുടെ ജീവനെടുത്ത അപകടത്തിന്‍റെ പശ്ചാത്തലത്തിൽ ആണ് തീരുമാനം.
ഇന്നത്തെ കാറുകളിൽ എല്ലാം യാത്രക്കാർ സീറ്റ് ബെൽറ്റ് ഇട്ടില്ലെങ്കിൽ തുടർച്ചയായി അലാം അടിക്കും. പലരും ഇത് ഒഴിവാക്കാൻ സീറ്റ് ബെൽറ്റ് ക്ലിപ്പിനുള്ളിൽ ഒരു ചെറിയ ഉപകരണം തിരുകി വെക്കാറുണ്ട്. ഇത്തരം ഉപകരണങ്ങൾ രാജ്യത്ത് നിരോധിക്കുമെന്നാണ് കേന്ദ്ര ഗതാഗത മന്ത്രി നിതിൻ ഗഡ്കരി വ്യക്തമാക്കിയത്.
അതേസമയം മിസ്ത്രിയുടെ മരണത്തിന് കാരണമായ മെഴ്‌സീഡസ് ബെൻസ് കാർ സ്ഥിരമായി അമിതവേഗത്തിലായിരുന്നു സഞ്ചാരമെന്ന് പൊലീസ് കണ്ടെത്തിയിട്ടുണ്ട്. ട്രഫിക്സിഗ്നലുകൾക്ക് പുല്ലുവില നൽകാതെ പാഞ്ഞുപോകുന്നത് ഇവരുടെ പതിവുശീലമായിരുന്നു. ഓവർസ്പീഡിന് ഒട്ടേറെ തവണ പിഴയൊടുക്കിയിട്ടുണ്ട്. ടാറ്റ സൺസ് മുൻ ചെയർമാൻ സൈറസ് മിസ്ത്രിയുടെ ജീവനെടുത്ത മെഴ്‌സീഡസ് ബെൻസ് കാറിന്റെ ഡ്രൈവിംഗ് ചരിത്രം ഒട്ടും നന്നല്ല. അന്വേഷിച്ചുപോയ പൊലീസിന് കിട്ടിയത് ട്രാഫിക് നിയമങ്ങൾ തരിമ്പും കൂസാതെ സ്ഥിരമായി ചീറിപ്പായുന്നതിന്‍റെ രേഖകൾ. അവസാന യാത്രയിലും ഈ കാർ സഞ്ചരിച്ചത് അമിതവേഗത്തിലായിരുന്നുവെന്ന ദൃക്‌സാക്ഷിമൊഴികളും അത് ശരിവെക്കുന്ന സി സി ടി വി ദൃശ്യങ്ങളും പൊലീസിന് കിട്ടിക്കഴിഞ്ഞു.
54 കാരനായ സൈറസ് മിസ്ത്രിയുടെ ജീവനെടുത്തത് പിൻസീറ്റിൽ സീറ്റ് ബെൽറ്റ് ഇടാതെയുള്ള യാത്രയെന്നും തെളിഞ്ഞിട്ടുണ്ട്.മറ്റൊരു വാഹനത്തെ ഓവർടേക്ക് ചെയ്യാനുള്ള ശ്രമത്തിൽ നിയന്ത്രണം വിട്ട് മുംബൈ അഹമ്മദാബാദ് ഹൈവേയിലെ ഡിവൈഡറിലേക്ക് ഇടിച്ചുകയറുമ്പോൾ കാറിന്റെ വേഗത 130 കിലോമീറ്ററിൽ കൂടുതലായിരുന്നു. ഇവിടെ വാഹനങ്ങളുടെ അനുവദനീയമായ പരമാവധി വേഗത 80 കിലോമീറ്റർ മാത്രമാണ്.
ശക്തമായ ഇടിയുടെ ആഘാതത്തിൽ മുന്നോട്ടു തെറിച്ച സൈറസ് മിസ്ത്രിയുടെ നെഞ്ചും തലയും മുൻസീറ്റിൽ ഇടിച്ചു. ഈ ആഘാതമാണ് മരണകാരണമായത്. പ്രശസ്ത ഗൈനക്കോളജിസ്റ്റ് ഡോ. അനാഹിത പണ്ഡോളെയാണു കാർ ഓടിച്ചിരുന്നത്. അവരും മുൻ സീറ്റിൽ ഇരുന്ന ഭർത്താവ് ഡാരിയസ് പണ്ഡോളയും സീറ്റ് ബെൽറ്റ് ധരിച്ചതിനാൽ പരിക്കുകളോടെ രക്ഷപ്പെട്ടു. മിസ്ത്രിയും സുഹൃത്ത് ജഹാംഗീർ ദിൻഷാ പണ്ഡോളെയും സംഭവസ്ഥലത്തു മരിച്ചു.
കാർ ഓടിച്ചിരുന്ന ഡോ. അനാഹിത പണ്ഡോളെ മദ്യപിച്ചിരുന്നുവോ എന്നറിയാനുള്ള രക്ത പരിശോധന നടന്നെങ്കിലും ഫലം പൊലീസ് വെളിപ്പെടുത്തിയിട്ടില്ല. അപകടത്തെത്തപ്പറ്റിയുള്ള പ്രാഥമിക അന്വേഷണ റിപ്പോർട്ട് കൊങ്കൺ റേഞ്ച് ഇൻസ്‌പെക്ടർ ജെനെറൽ സഞ്ജയ് മോഹിത് സംസ്ഥാന പൊലീസ് മേധാവിക്ക് നൽകി. അപകടവും മിസ്ത്രിയുടെ മരണവും മെഴ്‌സീഡസ് ബെൻസ് കാറിന്റെ നിർമാതാക്കൾക്ക് ഉണ്ടാക്കിയിരിക്കുന്ന തലവേദന ചെറുതല്ല.
മൂന്നു കോടി രൂപയിലേറെ വിലവരുന്ന കാറിന്റെ സുരക്ഷാസംവിധാനങ്ങളെപ്പറ്റി ഉണ്ടാകുന്ന വിവാദങ്ങൾ സമ്പന്നരുടെ ഈ ഇഷ്ട വാഹനത്തിന് മാർക്കറ്റിൽ ആഘാതമാകും. അതുകൊണ്ടുതന്നെ മെഴ്‌സീഡസ് ബെൻസിന്‍റെ ഉന്നത സംഘം അപകടസ്ഥലം സന്ദർശിക്കും. കാറിലെ ഇലക്ട്രിനിക് ചിപ്പ് പരിശോധിച്ചാൽ കൂടുതൽ വിവരങ്ങൾ കിട്ടും എന്നതിനാൽ ഇത് ജർമനിയിൽ കമ്പനിയുടെ ആസ്ഥാനത്ത് എത്തിച്ച് പരിശോധിക്കും.
പൊലീസ് അയച്ച നീണ്ട ചോദ്യാവലിക്ക് മെഴ്‌സീഡസ് ബെൻസ് പ്രാഥമിക ഉത്തരങ്ങൾ നൽകിയിട്ടുണ്ട്. മിസ്ത്രിയുടെ സംസ്കാരം ഇന്നു രാവിലെ 11 ന് മുംബൈ വർളിയിലെ പാഴ്സി ശ്മശാനത്തിൽ നടന്നു. ഗുജറാത്തിലെ ആശുപത്രിയിൽ നിന്ന് മുംബൈ എച്ച് എൻ റിലയൻസ് ആശുപത്രിയിലെത്തിച്ച അനാഹിതയ്ക്കു ശസ്ത്രക്രിയ നടത്തി. ഡാരിയസ് പണ്ഡോളെ ഐ സി യുവിലാണ്.