ന്യൂഡല്‍ഹി: കേന്ദ്രമന്ത്രിസഭയില്‍ അഴിച്ചുപണിയുണ്ടായേക്കാമെന്ന് സൂചന. ധനകാര്യ മന്ത്രി നിര്‍മലാ സീതാരാമനെ തല്‍സ്ഥാനത്ത് നിന്ന മാറ്റിയേക്കാമെന്നും റിപ്പോര്‍ട്ടുകളുണ്ട്. കൊവിഡും ലോക്ക് ഡൗണും കാരണം സാമ്പത്തിക നയങ്ങളില്‍ വലിയ പരിഷ്‌കാരങ്ങള്‍ വേണ്ടി വരും എന്നതിനാലാണ് ധനമന്ത്രി പദത്തില്‍ പ്രവര്‍ത്തന മികവും പ്രാവീണ്യവുമുള്ളവര്‍ക്ക് അവസരം നല്‍കാന്‍ മോദി സര്‍ക്കാര്‍ തീരുമാനിച്ചത്.
ബിഹാര്‍, കേരളം, പശ്ചിമ ബംഗാള്‍ എന്നീ സംസ്ഥാനങ്ങളിലെ തെരഞ്ഞെടുപ്പ് മുന്‍കൂട്ടി കണ്ടുള്ള മാറ്റങ്ങളും ഉണ്ടായേക്കും. ചില മന്ത്രിമാരെ പാര്‍ട്ടി പദവികളിലേക്ക് തിരികെ കൊണ്ടുവരാനും ഈ സംസ്ഥാനങ്ങളിലെ തെരഞ്ഞെടുപ്പ് വഴിവച്ചേക്കാം. കോണ്‍ഗ്രസ് വിട്ട് ബിജെപിയിലേക്ക് വന്ന ജ്യോതിരാധിത്യ സിന്ധ്യയ്ക്കും അവസരം നല്‍കിയേക്കും.
കെ വി കാമത്തിന്റെ പേരാണ് ധനമന്ത്രി പദവിക്കായി ഉയര്‍ന്നുകേള്‍ക്കുന്നത്. ബ്രിക്സ് ബാങ്കായ ന്യൂ ഡെവലപ്മെന്റ് ബാങ്കിന്റെ പ്രസിഡന്റ് സ്ഥാനത്ത് നിന്ന് ഇദ്ദേഹം രാജി വച്ചിരുന്നു. മുന്‍ ഇന്‍ഫോസിസ് ചെയര്‍മാന്‍ കൂടിയാണ്. നേരത്തെ കാമത്ത് പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായി കൂടിക്കാഴ്ച നടത്തിയിരുന്നു. ഐഎഎന്‍സ് തുടങ്ങിയ വാര്‍ത്താ ഏജന്‍സികളും കാമത്ത് മന്ത്രിസഭയിലേക്ക് എത്തുന്നതായി റിപ്പോര്‍ട്ട് ചെയ്തിരുന്നു. കൂടാതെ നന്ദന്‍ നിലേകാനി, മോഹന്‍ദാസ് പൈ, സുരേഷ് പ്രഭു എന്നിവരും മന്ത്രിസഭയില്‍ എത്തിയേക്കാനും സാധ്യതയുണ്ട്.