നിര്‍ഭയ കേസില്‍ വധശിക്ഷ നടപ്പാക്കരുത്; പ്രതികള്‍ ദയാഹര്‍ജി നല്‍കും
ന്യൂഡല്‍ഹി: നിര്‍ഭയ കേസില്‍ വധശിക്ഷയ്ക്ക് വിധിച്ച മൂന്ന് പ്രതികള്‍ ദയാഹര്‍ജി നല്‍കാനൊരുങ്ങുന്നു. അക്ഷയ്, വിനയ് ശര്‍മ, പവന്‍ ഗുപ്ത എന്നിവരാണ് ദയാഹര്‍ജി നല്‍കുക. ഇക്കാര്യം കാണിച്ച് മൂന്നു പ്രതികളും തിഹാര്‍ ജയില്‍ അധികൃതര്‍ക്ക് കത്ത് നല്‍കി. നിയമപരമായി സാധ്യമായ എല്ലാ വഴികളും ഉപയോഗിക്കുമെന്ന് പ്രതികള്‍ പറഞ്ഞു. നിയമവഴികള്‍ പൂര്‍ണമായി അടയാതെ വധശിക്ഷ പാടില്ല. തിരുത്തല്‍ ഹര്‍ജിയും ദയാഹര്‍ജിയും നല്‍കാന്‍ അവകാശമുണ്ടെന്നും തിഹാര്‍ ജയില്‍ അധികൃതരുടെ നോട്ടീസിന് മൂന്നു പ്രതികളും മറുപടി നല്‍കി.
കേസിന് ആസ്പദമായ സംഭവം നടക്കുമ്പോള്‍ തനിക്കു പ്രായപൂര്‍ത്തിയായിരുന്നില്ലെന്നു കാണിച്ച് കേസിലെ പ്രതികളിലൊരാളായ പവന്‍ കുമാര്‍ ഗുപ്ത നല്‍കിയ ഹര്‍ജി കഴിഞ്ഞാഴ്ച ഡല്‍ഹി ഹൈക്കോടതി തള്ളിയിരുന്നു. വധശിക്ഷയ്‌ക്കെതിരെ പ്രതികളിലൊരാളായ അക്ഷയ് കുമാര്‍ സിംഗ് നല്‍കിയ പുനഃപരിശോധനാ ഹര്‍ജി ഹര്‍ജി സുപ്രീംകോടതിയും തള്ളിയിരുന്നു. പ്രതികളെ തൂക്കിലേറ്റാനുള്ള മരണ വാറണ്ട് നല്‍കുന്നതു സംബന്ധിച്ച് ഡല്‍ഹി സര്‍ക്കാര്‍ നല്‍കിയ പട്യാല ഹൗസ് അഡീഷണല്‍ സെഷന്‍സ് കോടതി ജനുവരി ഏഴിലേക്ക് മാറ്റിയിരുന്നു. പട്യാല ഹൗസ് കോടതി മരണ വാറണ്ട് പുറപ്പെടുവിച്ചാല്‍ ശിക്ഷ നടപ്പാക്കും.
പ്രതികളെ തൂക്കിലേറ്റാന്‍ വൈകുന്നതില്‍ നിരാശയുണ്ടെന്നും നിര്‍ഭയയുടെ അമ്മ ആശാ ദേവി പറഞ്ഞിരുന്നു. 2012 ഡിസംബര്‍ 16നു രാത്രിയാണ് ഡല്‍ഹിയില്‍ ഓടിക്കൊണ്ടിരുന്ന ബസില്‍ 23-കാരിയായ പാരാമെഡിക്കല്‍ വിദ്യാര്‍ഥിനിക്ക് ക്രൂരമായ പീഡനമേറ്റതും ചികിത്സയിലിരിക്കെ ഡിസംബര്‍ 29നു മരിച്ചതും.