നിര്‍ഭയ കേസിലെ പ്രതികളെ ഒരുമിച്ച് തൂക്കിലേറ്റും; നാലു പേരെ ഒരുമിച്ച് തൂക്കിലേറ്റാനുള്ള തൂക്കുമരം തയ്യാര്‍
ന്യൂഡല്‍ഹി: ഡല്‍ഹി നിര്‍ഭയ കേസിലെ നാല് പ്രതികളേയും ഒരുമിച്ച് തൂക്കിലേറ്റാന്‍ തിഹാര്‍ ജയിലില്‍ തയ്യാറെടുപ്പുകള്‍ പൂര്‍ത്തിയായി. നാല് പ്രതികളെയും ഒരുമിച്ച് തൂക്കിലേറ്റുന്നതിനായുള്ള പുതിയ തൂക്കുമരം തിഹാര്‍ ജയിലില്‍ തയ്യാറായതായി ദേശീയമാധ്യമങ്ങളാണ് റിപ്പോര്‍ട്ട് ചെയ്തത്. ഇതോടെ നാല് പ്രതികളെ ഒരേസമയം വധശിക്ഷയ്ക്ക് വിധേയമാക്കുന്ന ആദ്യത്തെ ജയിലായി തിഹാര്‍ മാറും. ഈ ജയിലില്‍ ഇതുവരെ ഒരു പലക മാത്രമേ തൂക്കിലേറ്റാന്‍ ഉണ്ടായിരുന്നുള്ളു.
മൃതദേഹം വഹിക്കാനുള്ള തുരങ്കവും തൂക്കിലേറ്റുന്നതിനുള്ള ചട്ടക്കൂടും നിര്‍മ്മിക്കാന്‍ കഴിഞ്ഞ ദിവസം ജയില്‍ വളപ്പില്‍ ജെസിബി എത്തിച്ച് പണികള്‍ നടത്തിയിരുന്നു. മണ്ണിനടിയിലേക്ക് കുഴിക്കുന്ന തുരങ്കത്തിലൂടെയാണ് തൂക്കിലേറ്റപ്പെട്ടവരുടെ മൃതദേഹങ്ങള്‍ കൈമാറുക. ഇതിനിടെ, ദയാ ഹര്‍ജി സമര്‍പ്പിക്കുന്നതിന് മുമ്പ് തിരുത്തല്‍ ഹര്‍ജി നല്‍കാനുള്ള സാധ്യതയുണ്ടെന്ന് കഴിഞ്ഞയാഴ്ച നാല് പ്രതികളില്‍ മൂന്നു പേര്‍ തിഹാര്‍ ജയില്‍ അധികൃതരോട് പറഞ്ഞിരുന്നു. കുറ്റവാളിക്ക് അവസാനമായി സാധ്യമാകുന്ന നിയമ മാര്‍ഗമാണിത്. ഡിസംബര്‍ 18ന് കേസിലെ പ്രതി അക്ഷയ് സിങ് ഠാക്കൂര്‍ സമര്‍പ്പിച്ച പുനപരിശോധന ഹര്‍ജി സുപ്രീംകോടതി തള്ളിയിരുന്നു. ഇതിനെ പിന്നാലെയാണ് പ്രതികള്‍ക്ക് പരമാവധി ശിക്ഷ ഉറപ്പാക്കി സുപ്രീംകോടതി വിധി വരുന്നത്.
നിര്‍ഭയ കൊല്ലപ്പെട്ട് ഏഴ് വര്‍ഷം തികയുമ്പോഴാണ് കേസിലെ പ്രതികളായ നാല് പേര്‍ക്ക് പരമാവധി ശിക്ഷ ഉറപ്പാക്കികൊണ്ടുള്ള സുപ്രീംകോടതിയുടെ വിധി വരുന്നത്. 2012 ഡിസംബര്‍ 16 -ന് രാത്രിയായിരുന്നു അറുപേര്‍ ചേര്‍ന്ന് നിര്‍ഭയ എന്ന 23 -കാരിയെ പൈശാചികമായി ബലാത്സംഗം ചെയ്തത്. ഡിസംബര്‍ 29-ന് ചികിത്സയ്ക്കിടെ പെണ്‍കുട്ടി മരണത്തിന് കീഴടങ്ങി.