തിരുവനന്തപുരം: നിപ വൈറസ് രോഗബാധയുടെ ലക്ഷണങ്ങളെ തുടർന്ന് തിരുവനന്തപുരത്ത് നിരീക്ഷണത്തിലാക്കിയ രണ്ടുപേരിൽ ഒരാളുടെ സാംപിൾ പരിശോധനാ ഫലം നെഗറ്റീവ്. തിരുവനന്തപുരം മെഡിക്കൽ കോളേജ് വിദ്യാർഥിയായ കോഴിക്കോട് സ്വദേശിക്കാണ് നിപയില്ലെന്ന് കണ്ടെത്തിയത്. തോന്നയ്ക്കൽ വൈറോളജി ലാബിലാണ് സാംപിൾ പരിശോധന നടത്തിയത്.
വിദ്യാർഥിക്കു പുറമേ കാട്ടാക്കട സ്വദേശിനിയെയും ജില്ലയിൽ നിരീക്ഷണത്തിലാക്കിയിരുന്നു. ഇവരുടെ സാംപിൾ പരിശോധനാ ഫലം ഇന്ന് ലഭിക്കുമെന്നാണ് കരുതുന്നത്. ഇവരുടെ അടുത്ത ബന്ധുക്കൾ കോഴിക്കോടുനിന്ന് തിരുവനന്തപുരത്ത് എത്തിയിരുന്നു. പിന്നാലെ ഇവർക്ക് പനിയുണ്ടായി. തുടർന്ന്, മുൻകരുതൽ എന്ന നിലയിൽ ഇവരെ ജനറൽ ആശുപത്രിയിൽ നിരീക്ഷണത്തിലാക്കുകയായിരുന്നു.
നിപയിൽ കേരളത്തിന് ആശ്വാസം. ഹൈ റിസ്കിൽ പെട്ട 42 സാമ്പിളുകളുടെ ഫലം നെഗറ്റീവ്. പുതിയ ആക്ടീവ് കേസുകളൊന്നും തന്നെ റിപ്പോർട്ട് ചെയ്തിട്ടില്ല. വെന്റിലേറ്ററിൽ ചികിത്സയിലുള്ള ഒൻപതുകാരനടക്കം നാലുപേരുടേയും ആരോഗ്യനിലയിൽ പുരോഗതിയുണ്ടെന്നും ആരോഗ്യമന്ത്രി വീണാ ജോർജ് മാധ്യമങ്ങളോട് പറഞ്ഞു.
രോഗികളുമായി സമ്പർക്കത്തിലുള്ളവരുടെ പട്ടിക പൂർണമായും തയ്യാറാക്കുമെന്ന് പറഞ്ഞ ആരോഗ്യമന്ത്രി, സമ്പർക്കപ്പട്ടിക തയ്യാറാക്കാൻ പോലീസിന്റെ സഹായം തേടുമെന്നും പറഞ്ഞു. 19 ടീം ആയി പ്രവർത്തനം നടത്തുന്നുണ്ട്. മൊബൈൽ ടവർ ലൊക്കേഷൻ നോക്കി പോലീസിന്റെ സഹായത്തോടെ സമ്പർക്കപ്പട്ടിക തയ്യാറാക്കും. സിസിടിവിയും പരിശോധിക്കും – മന്ത്രി പറഞ്ഞു.
ജാനകിക്കാട്ടിൽ പന്നി ചത്ത സംഭവത്തെക്കുറിച്ച് പരിശോധന നടക്കുന്നുണ്ട്. ഇന്ന് നൂറോളം സാമ്പിളുകൾ ശേഖരിച്ച് പരിശോധിക്കാനാണ് ശ്രമം. ഹൈ റിസ്കിൽ ലക്ഷണങ്ങളുള്ള എല്ലാവരുടേയും സാമ്പിളുകൾ എടുക്കുന്നുണ്ട് – ആരോഗ്യമന്ത്രി കൂട്ടിച്ചേർത്തു.