നിപയെത്തിയത് തൊടുപുഴയില്‍ നിന്ന്,ഉറവിടം വവ്വാലുകള്‍,36 ല്‍ 12 സാമ്പിളുകളില്‍ നിപ സാന്നിദ്ധ്യം
ന്യൂഡല്‍ഹി: സംസ്ഥാനത്തെ അടുത്തിടെ സ്ഥിരീകരിച്ച നിപ വൈറസ് ബാധയുടെ ഉറവിടം വവ്വാലുകളെന്ന് കേന്ദ്രത്തിന്റെ സ്ഥിരീകരണം.നാഷണല്‍ വൈറോളജി ഇന്‍സ്റ്റിറ്റ്യൂട്ട് വവ്വാലുകളില്‍നിന്ന് ശേഖരിച്ച 36 സാമ്പിളുകളില്‍ 12 എണ്ണത്തിലാണ് നിപ വൈറസിന്റെ സാന്നിധ്യം കണ്ടെത്തിയതായി കേന്ദ്ര ആരോഗ്യമന്ത്രി ഹര്‍ഷവര്‍ധന്‍ ലോക്‌സഭയെ അറിയിച്ചു.അടൂര്‍ പ്രകാശ്, ഹൈബി ഈഡന്‍ എന്നിവര്‍ക്ക് നല്‍കിയ മറുപടിയിലാണ് ആരോഗ്യമന്ത്രിയുടെ ഇക്കാര്യം വ്യക്തമാക്കിയത്.
‘ജൂണ്‍ ആദ്യവാരമാണ് എറണാകുളം ജില്ലയില്‍നിന്ന് വൈറസ് ബാധ റിപ്പോര്‍ട്ടു ചെയ്തത്. ഇതിനു പിന്നാലെ നിപയുടെ ഉറവിടം കണ്ടെത്താനുള്ള ശ്രമത്തിന്റെ ഭാഗമായി നാഷണല്‍ വൈറോളജി ഇന്‍സ്റ്റിറ്റ്യൂട്ട് വവ്വാലുകളില്‍നിന്ന് സാമ്പിള്‍ ശേഖരിക്കാന്‍ പ്രത്യേക സംഘത്തെ നിയോഗിച്ചു. തുടര്‍ന്ന് 36 സാമ്പിളുകള്‍ ശേഖരിച്ചവയിലാണ് 12 എണ്ണത്തില്‍ നിപ വൈറസ് സാന്നിധ്യം കണ്ടെത്തിയത്.
രോഗം സ്ഥിരീകരിച്ച പറവൂര്‍ സ്വദേശിയായ വിദ്യാര്‍ത്ഥി താമസിച്ച തൊടുപുഴയിലെ കോളേജിലും സമീപപ്രദേശങ്ങളിലെയും വവാലുകള്‍ പാര്‍ക്കുന്ന ഇടങ്ങളിലായിരുന്നു പരിശോധന നടത്തിയത്.
പൂനെ നാഷണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് വൈറോളജി,ആലപ്പുഴ വൈറോളജി ഇന്‍സ്റ്റിറ്റ്യൂട്ടില്‍ എന്നിവിടങ്ങളില്‍ നിന്നുള്ള വിദഗ്ധരായിരുന്നു പരിശോധന നേതൃത്വം നല്‍കിയത്.
നിപ സ്ഥിരീകരിച്ച വിദ്യാര്‍ത്ഥിയ്ക്ക് രോഗം ഭേദമായി വരികയാണ്.പനി പൂര്‍ണമായി വിട്ടു. ആരോഗ്യ സ്ഥിതയും മെച്ചപ്പെട്ടു. രോഗിയുമായി സമ്പര്‍ക്കം പുലര്‍ത്തിയ മറ്റാര്‍ക്കും വൈറസ് ബാധ കണ്ടെത്താഞ്ഞത് വലിയ ആശ്വാസമാണ് ജനങ്ങള്‍ക്ക് നല്‍കിയിരിയ്ക്കുന്നത്. ഇതിനിടയിലാണ് ഉറവിടം തൊടുപുഴ തന്നെയാണെന്ന വിവരങ്ങള്‍ പുറത്തുവന്നിരിയ്ക്കുന്നത്.