HealthHome-bannerKeralaNews

നിപ വൈറസ് സാന്നിദ്ധ്യമുള്ള വവ്വാലുകള്‍ കേരളത്തില്‍ കൂടുന്നു! ആശങ്ക പങ്കുവെച്ച് മലയാളി ശാസ്ത്രജ്ഞന്‍ വി.എം മനോജ്

കോഴിക്കോട്: രണ്ടാംവര്‍ഷവും കേരളത്തിനു ഭീഷണിയായി തലപൊക്കിയ നിപ വൈറസിനെ അതിവിപുലമായ സന്നാഹങ്ങളും വ്യാപക പ്രതിരോധ പ്രവര്‍ത്തനങ്ങളോടുമാണ് നാം നേരിട്ടത്. കൃത്യമായ പ്രതിരോധ പ്രവര്‍ത്തനങ്ങളിലൂടെ ഏതാനും ദിവസങ്ങള്‍ കൊണ്ടുതന്നെ നിപ വൈറസ് പടര്‍ന്നു പിടിക്കുന്നത് നമുക്ക് തടയാനായി. എന്നാല്‍ നിപയുമായി ബന്ധപ്പെട്ട് കഴിഞ്ഞ ദിവസം ആരോഗ്യ മന്ത്രി നല്‍കിയ കണക്കുകള്‍ അത്ര ശുഭകരമായ സൂചനയല്ലെന്നാണ് വിദഗ്ധരുടെ അഭിപ്രായം. കഴിഞ്ഞ വര്‍ഷത്തേക്കാള്‍ നിപ വൈറസ് സാന്നിധ്യമുള്ള വവ്വാലുകളുടെ എണ്ണം വര്‍ധിച്ചുവെന്നത് തന്നെയാണ് ആശങ്കയ്ക്ക് കാരണം.

മലയാളി ശാസ്ത്രജ്ഞനായ വി.എം മനോജിന്റെ ഫേസ്ബുക്ക് പോസ്റ്റിലാണ് ഇതുസംബന്ധിച്ച് കണക്കുകള്‍ ചൂണ്ടിക്കാട്ടുന്നത്. 2018ല്‍ പരിശോധിച്ചവയില്‍ 19% വവ്വാലുകളില്‍ നിപ വൈറസ് കണ്ടെത്തിയപ്പോള്‍ ഇത്തവണ 33% വവ്വാലുകളിലാണ് നിപ വൈറസ് സാന്നിധ്യം കണ്ടെത്തിയത്. ഈ രണ്ടുവര്‍ഷങ്ങളിലും 20-33% വവ്വാലുകളില്‍ വൈറസ് സാന്നിധ്യം കണ്ടെത്തി എന്നത് ഇനിയും കേരളത്തിന് നിപ ഭീതിയില്‍നിന്ന് ഉടന്‍വിട്ടുപോകാന്‍ കഴിയില്ലെന്നും അദ്ദേഹം പറയുന്നു. കേരളത്തിലെ എല്ലാ പ്രദേശങ്ങളിലെ വവ്വാലുകളുടെ സാമ്പിളുകള്‍ ശേഖരിച്ചു പരിശോധിക്കേണ്ടിയിരുന്ന സമയം അതിക്രമിച്ചിരിക്കുന്നതായും പക്ഷികള്‍ കൊത്തിയ പഴങ്ങള്‍ കഴിക്കാതിരിക്കാനുള്ള ബോധവല്‍ക്കരണം നല്‍കണമെന്നും വി.എം മനോജ് ആവശ്യപ്പെടുന്നു.

ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണ്ണരൂപം

ലോകസഭയിൽ 21ആം തിയതിയിലെ 6 ചോദ്യങ്ങൾ നീപ്പയുമായി ബന്ധപ്പെട്ടായിരുന്നു … അതിനെല്ലാം ഉള്ള മറുപടിയിൽ കേന്ദ്ര മന്ത്രി പറഞ്ഞതിൽ പൂനയിൽ നടത്തിയ പരിശോധനയിൽ 36 വവ്വാലുകളിൽ 12 എണ്ണം “anti Nipah bat IgG antibodies” പോസിറ്റീവ് എന്നാണു …

എന്നാൽ 2018ൽ 52 വവ്വാലുകളിൽ 10 എണ്ണം “Real Time qRT-PCR” പോസിറ്റീവ് ആണെന്നും പറയുന്നു …

അതായത് 2018ൽ പരിശോധിച്ചവയിലെ 19% വവ്വാലുകളിൽ നീപ്പ വൈറസിനെ കണ്ടെത്തിയപ്പോൾ 2019ൽ പരിശോധിച്ചവയിലെ 33% വവ്വാലുകളിൽ ആണു നീപ്പയെ കണ്ടെത്തിയിരിക്കുന്നത് …

“anti Nipah bat IgG antibodies” എന്നതും “Real Time qRT-PCR” എന്നതും സാമ്പിളുകളിൽ വൈറസുകളെ കണ്ടെത്തുവാനുള്ള വിവിധ മാർഗങ്ങളിൽ ചിലതാണു … ഇവ പോസ്റ്റിറ്റീവ് ആയാൽ വൈറസ് ഉണ്ടെന്നാണു …

2018ലും 2019ലും പരിശോധിച്ച 20-33% വവ്വാലുകളിൽ വൈറസിനെ കണ്ടെത്തി എന്നത് ഇനിയും കേരളത്തിനു ഇതിന്റെ ഭീതിയിൽ നിന്ന് ഉടനെ വിട്ട് പോകുവാൻ കഴിയില്ല എന്നാണു … കേരളത്തിൽ എല്ലാ പ്രദേശങ്ങളിലെയും വിവിധ സമയങ്ങളിൽ വവ്വാലുകളുടെ സാമ്പിളുകൾ എടുത്ത് പരിശോധിക്കേണ്ട സമയം അതിക്രമിച്ചിരിക്കുന്നു … കേന്ദ്ര-സംസ്ഥാന സർക്കാരുകൾ ഉടനെ തന്നെ ഇവയ്ക്ക് വേണ്ട ഫണ്ട് നൽകി പഠനം ആരംഭിക്കുവാൻ ശക്തമായ സമ്മർദ്ദം ചെലുത്തേണ്ടിയിരിക്കുന്നു …
.
ഒപ്പം പക്ഷികൾ കൊത്തിയ പഴങ്ങൾ കഴിക്കാതിരിക്കുവാനുള്ള ബോധവൽക്കരണവും …

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

Related Articles

Back to top button
Close

Adblock Detected

Please consider supporting us by disabling your ad blocker