കുവൈറ്റിലെ ഫ്‌ളാറ്റില്‍ ഒമ്പത് വയസുകാരിയായ മലയാളി വിദ്യാര്‍ത്ഥി ദുരൂഹ സാഹചര്യത്തില്‍ മരിച്ച നിലയില്‍
കുവൈത്ത് സിറ്റി: ഒമ്പതു വയസുകാരിയായ മലയാളി വിദ്യാര്‍ഥിനിയെ കുവൈത്തിലെ അബ്ബാസിയയില്‍ താമസിക്കുന്ന ഫ്‌ളാറ്റില്‍ ദുരൂഹ സാഹചര്യത്തില്‍ മരിച്ച നിലയില്‍ കണ്ടെത്തി. ചെങ്ങന്നൂര്‍ പുലിയൂര്‍ പെരിശേരി സ്വദേശി രാജേഷ്, കൃഷ്ണപ്രിയ ദമ്പതികളുടെ മകളായ തീര്‍ത്ഥയാണ് മരിച്ചത്. അബ്ബാസിയയിലെ യുണൈറ്റഡ് ഇന്ത്യന്‍ സ്‌കൂളിലെ മൂന്നാം ക്ലാസ് വിദ്യാര്‍ഥിനിയാണ്. ചൊവ്വാഴ്ച രാത്രിയിലാണ് ഫ്‌ളാറ്റില്‍ കുട്ടിയെ മരിച്ച നിലയില്‍ കണ്ടെത്തിയത്.
ഈ സമയത്ത് വീട്ടില്‍ കുട്ടി തനിച്ചായിരുന്നു ഉണ്ടായിരുന്നത്. ജോലി കഴിഞ്ഞു വരുന്ന കുട്ടിയുടെ അമ്മയെ വീട്ടിലേക്ക് കൂട്ടി കൊണ്ടു വരാന്‍ പോയ പിതാവ് ഭാര്യയുമായി വീട്ടില്‍ തിരിച്ചെത്തിയപ്പോഴാണ് കുട്ടിയെ ശുചിമുറിയില്‍ അബോധാവസ്ഥയില്‍ കിടക്കുന്ന നിലയിലാണു കണ്ടെത്തിയത്. ഉടന്‍ തന്നെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും മരണം സംഭവിച്ചു. സംഭവത്തില്‍ അബ്ബാസിയ പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.മൃതദേഹം ഫോറന്‍സിക് നടപടികള്‍ക്കായി കൊണ്ടു പോയി.