തൃശൂര്‍: തൃശൂര്‍ മെഡിക്കല്‍ കോളജ് പരിസരത്ത് തെരുവില്‍ അലഞ്ഞു തിരിഞ്ഞ് നടന്ന ഒന്‍പത് പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചു. 150തോളം പേരെ നിരീക്ഷണത്തിലാക്കി. തദ്ദേശ സ്ഥാപനങ്ങളും മെഡിക്കല്‍ കോളജ് അധികൃതരും പോലീസും ചേര്‍ന്ന് നടത്തിയ പരിശോധനയിലാണ് കണ്ടെത്തല്‍.
കൊവിഡ് പോസിറ്റീവ് ആയവരെ മെഡിക്കല്‍ കോളജ് ആശുപത്രിയിലേക്ക് മാറ്റി. നെഗറ്റീവ് ആയവരെ നഗരസഭയുടേയും പഞ്ചായത്തിന്റേയും ഡൊമിസിലിയറി സെന്ററുകളിലേക്ക് മാറ്റി. ജില്ലാ ഭരണകൂടത്തിന്റെ നിര്‍ദേശ പ്രകാരമാണ് നടപടി.
മെഡിക്കല്‍ കോളജ് പരിസരത്ത് യാതൊരു കൊവിഡ് മാനദണ്ഡവും പാലിക്കാതെ നിരവധി പേര്‍ അലഞ്ഞു തിരിയുന്നതായി പരാതിയുയര്‍ന്നിരുന്നു. തുടര്‍ന്ന് മെഡിക്കല്‍ കോളജ് സൂപ്രണ്ട് ഡോ.ബിജു കൃഷ്ണന്‍, നഗരസഭ പഞ്ചായത്ത് അധികൃതര്‍, മെഡിക്കല്‍ കോളജ് പൊലീസ് തുടങ്ങിയവരുടെ നേതൃത്വത്തിലായിരുന്നു പരിശോധന നടത്തിയത്.
രോഗവ്യാപനത്തില്‍ കുറവില്ലാത്ത തിരുവനനന്തപുരം, തൃശ്ശൂര്‍, എറണാകുളം, മലപ്പുറം എന്നീ ജില്ലകളില്‍ 16ന് ശേഷം ട്രിപ്പിള്‍ ലോക്ഡൗണ്‍ ഏര്‍പ്പെടുത്തും. രണ്ടാംതരംഗത്തിന്റെ പ്രതിസന്ധികള്‍ മറികടക്കാന്‍ പ്രത്യേക പദ്ധതികള്‍ നടപ്പാക്കും. ഭക്ഷ്യധാന്യ കിറ്റ് അടുത്ത മാസവും തുടരും. സാമൂഹ്യ പെന്‍ഷന്‍ വിതരണം ഉടന്‍ പൂര്‍ത്തിയാക്കുമെന്നും മുഖ്യമന്ത്രി പറഞ്ഞു.