കൊച്ചി: കൊലക്കേസില്‍പ്പെട്ട് യമന്‍ ജയിലില്‍ കഴിയുന്ന മലയാളി നിമിഷ പ്രിയയുടെ വധശിക്ഷയ്ക്ക് സ്റ്റേ. യമന്‍ പരമോന്നത നീതിപീഠമായ ജുഡീഷ്യല്‍ കൗണ്‍സിലിന്റേതാണ് തീരുമാനം. അപ്പീല്‍ കോടതി വിധിക്ക് എതിരായ നിമിഷ പ്രിയയുടെ അപ്പീല്‍ ജുഡീഷ്യല്‍ കൗണ്‍സില്‍ ഫയലില്‍ സ്വീകരിച്ചു. വധശിക്ഷയ്ക്കെതിരായ അപ്പീലില്‍ തീരുമാനം ആകുന്നതുവരെ സ്റ്റേ തുടരും.
നിമിഷ പ്രിയയെ വധശിക്ഷയ്ക്ക് വിധിച്ച വിചാരണക്കോടതി ഉത്തരവ് ശരിവച്ച് ഈ മാസം പതിനെട്ടിനാണ് അപ്പീല്‍ കോടതിയുടെ വിധി വന്നത്. ഈ ഉത്തരവിന് എതിരെയാണ് നിമിഷ പ്രിയ യമനിലെ പരമോന്നത നീതി പീഠം ആയ ജുഡീഷ്യല്‍ കൗണ്‍സിലിനെ സമീപിച്ചത്. സംഭവത്തിലേക്ക് നയിച്ച സാഹചര്യങ്ങളും കൊല്ലപ്പെട്ട യമന്‍ പൗരന്റെ ക്രിമിനല്‍ സ്വഭാവവും കണക്കില്‍ എടുക്കണമെന്ന് ഹര്‍ജിയില്‍ പറയുന്നു.
വധശിക്ഷ ശരിവച്ച കോടതി ഉത്തരവിന്റെ പകര്‍പ്പ് ലഭിച്ച ഉടന്‍ എംബസിയും യമനില്‍ നിന്നുള്ള വക്കീലും അപ്പീല്‍ നല്‍കുന്നതിനുള്ള നടപടി ക്രമങ്ങള്‍ ആരംഭിച്ചിരുന്നു. യമനി പൗരനായ തലാല്‍ അബ്ദു മെഹ്ദിയെ കൊലപ്പെടുത്തി മൃതദേഹം വാട്ടര്‍ ടാങ്കില്‍ ഒളിപ്പിച്ചെന്നാണ് നിമിഷയ്ക്ക് എതിരായ കേസ്.