കൊല്ലം: യൂണിവേഴ്സിറ്റി കോളേജിലെ എസ്.എഫ്.ഐ അംഗങ്ങള്‍ക്കെതിരെ തുറന്നടിച്ച് ആത്മഹത്യയ്ക്ക് ശ്രമിച്ച മുന്‍ വിദ്യാര്‍ത്ഥി നിഖില. പ്രതിഷേധിച്ചവരെ അവര്‍ അടിച്ചമര്‍ത്തും. പരീക്ഷയുടെ തലേദിവസം പെണ്‍കുട്ടികള്‍ പോസ്റ്ററുകള്‍ ഉണ്ടാക്കി എത്താന്‍ പറഞ്ഞു. അത് നിഷേധിച്ച് വാട്‌സ് ആപ്പ് സ്റ്റാറ്റസ് ഇട്ടതാണ് പ്രശ്നങ്ങള്‍ക്ക് തുടക്കം. പല പെണ്‍കുട്ടികളുടെയും പഠനമോ ആരോഗ്യസ്ഥിതിയോ കണക്കിലെടുക്കാതെ ദിവസവും നിര്‍ബന്ധിച്ച് സെക്രട്ടറിയേറ്റ് മാര്‍ച്ചിന് കൊണ്ടുപോകും. പ്രിന്‍സിപ്പാല്‍മാര്‍ എസ്.എഫ്.ഐയുടെ കൈകളിലെ കാളിപ്പാവയാണ്. നിഷേധിച്ചാല്‍ പരീക്ഷ എഴുതാന്‍ സമ്മതിക്കില്ലെന്നും കോളേജില്‍ ഒറ്റപ്പെടുത്തുമെന്നും ഭീഷണിപ്പെടുത്തുമെന്നും നിഖില പറയുന്നു.
ക്യാന്റീനില്‍ ഇരിക്കാന്‍ പാടില്ല. ഒരു സംഘം ആളുകള്‍ പരിശോധനയ്ക്ക് എത്തും. അവര്‍ പറയുന്നതുപോലെ കാര്യങ്ങള്‍ ചെയ്യണമെന്നും നിഖില പറഞ്ഞു. പ്രതികരിച്ചപ്പോള്‍ ഒപ്പം നിന്ന കൂട്ടുകാര്‍ പോലും വിട്ടുപോയി. അവര്‍ക്ക് തുടര്‍ന്ന് പഠിക്കാന്‍ കഴിയില്ലെന്ന ഭയമായിരുന്നു, മാനസികമായി ഒരുപാട് ബുദ്ധിമുട്ട് അനുഭവിച്ചപ്പോഴാണ് ജീവിതം അവസാനിപ്പിക്കാമെന്ന് കരുതിയതെന്നും നിഖില പറഞ്ഞു.