FeaturedKeralaNews

കേരളത്തില്‍ രാത്രി കർഫ്യൂ ; നിയന്ത്രണങ്ങൾ ഇങ്ങനെ

തിരുവനന്തപുരം:കോവിഡ് രണ്ടാംതരംഗം രൂക്ഷമായ സാഹചര്യത്തിൽ ചൊവ്വാഴ്ചമുതൽ സർക്കാർ രാത്രി കർഫ്യൂ പ്രഖ്യാപിച്ചു. രാത്രി ഒന്പതുമുതൽ രാവിലെ അഞ്ചുമണിവരെ ചരക്ക്, പൊതു ഗതാഗതത്തെ ബാധിക്കാത്ത രീതിയിലായിരിക്കും നിയന്ത്രണം.

തിരഞ്ഞെടുപ്പുഫലം വരുന്ന മേയ് രണ്ടിന് ആഘോഷങ്ങളോ കൂടിച്ചേരലോ അനുവദിക്കില്ല. ആരാധനാലയങ്ങളിലും നിയന്ത്രണമുണ്ട്. രാത്രി ജനങ്ങൾ കൂട്ടംകൂടാനും പുറത്തിറങ്ങാനും കർശനനിയന്ത്രണമുണ്ട്. ചീഫ് സെക്രട്ടറി വി.പി. ജോയിയുടെ അധ്യക്ഷതയിൽ ചേർന്ന ‘കോർഗ്രൂപ്പ്’ യോഗത്തിലാണ് തീരുമാനം.

പ്രധാന തീരുമാനങ്ങൾ

അതിവേഗം പടരുന്ന ഡബിൾ മ്യൂട്ടന്റ് കോവിഡ് വൈറസ് കേരളത്തിൽ വ്യാപിച്ചിട്ടുണ്ടോയെന്നു കണ്ടെത്താൻ ആരോഗ്യവകുപ്പിനോടു നിർദേശിച്ചു.

ചൊവ്വാഴ്ചമുതൽ കേരളത്തിലുടനീളം ശക്തമായ എൻഫോഴ്സ്മെന്റ് കാമ്പയിൻ.
മാളുകളും മൾട്ടിപ്ലക്സുകളും തിയേറ്ററുകളും വൈകുന്നേരം 7.30-ഓടെ അടയ്ക്കണം.
ടാക്സികൾ ഉൾപ്പെടെയുള്ള വാഹനങ്ങളിൽ അനുവദനീയമായ യാത്രക്കാരുടെ എണ്ണത്തിൽ നേരത്തേ ഏർപ്പെടുത്തിയ നിയന്ത്രണങ്ങൾ കർശനമാക്കും.

കോവിഡ് മാനദണ്ഡം പാലിക്കാതെ ആളുകൾ കൂട്ടംകൂടുന്ന സ്ഥാപനങ്ങൾ, മാർക്കറ്റുകൾ, മാളുകൾ, സൂപ്പർ മാർക്കറ്റുകൾ എന്നിവ നിശ്ചിത ദിവസങ്ങൾ അടച്ചിടാൻ പോലീസ്, സെക്ടറൽമജിസ്ട്രേറ്റുമാർ എന്നിവർ നടപടിയെടുക്കും.

സാധ്യമായ എല്ലാ മേഖലകളിലും വർക്ക് ഫ്രം ഹോം രീതി പ്രോത്സാഹിപ്പിക്കണം.
കൂടുതൽ സർക്കാർ ഉദ്യോഗസ്ഥരെ കോവിഡുമായി ബന്ധപ്പെട്ട അവശ്യജോലികൾക്ക് കളക്ടർമാർ നിയോഗിക്കും.
സ്വകാര്യ മേഖലയിൽ ട്യൂഷൻ ക്ലാസുകൾ ഓൺലൈനാക്കണം. ഇത് വിദ്യാഭ്യാസവകുപ്പ് ഉറപ്പുവരുത്തും.

സർക്കാർ, സ്വകാര്യ മേഖലയിലെ എല്ലാ യോഗങ്ങളും പരിശീലന പരിപാടികളും മറ്റ് ഒത്തുചേരലുകളും ഓൺലൈനായി മാത്രമേ നടത്താവൂ.

എല്ലാ വകുപ്പുതല പരീക്ഷകളും പി.എസ്.സി. പരീക്ഷകളും മേയിലേക്കു മാറ്റണം.
ആരാധനാലയങ്ങളിൽ ആരാധനകൾ ഓൺലൈനിലൂടെ നടത്തണം.

ഏപ്രിൽ 21, 22 തീയതികളിൽ മൂന്നുലക്ഷംപേരെ കോവിഡ് ടെസ്റ്റ് ചെയ്യാൻ മാസ് ടെസ്റ്റിങ് കാമ്പയിൻ നടത്തും.

ജില്ലാതല നിയന്ത്രണങ്ങൾ ഏർപ്പെടുത്തുമ്പോൾ ജില്ല, നഗര അതിർത്തികളിൽ പ്രവേശനത്തിനായി ആർ.ടി.പി.സി.ആർ. നെഗറ്റീവ് സർട്ടിഫിക്കറ്റുകൾ ആവശ്യപ്പെടരുത്.

ഉയർന്ന ടെസ്റ്റ് പോസിറ്റിവിറ്റി നിരക്കുള്ള തദ്ദേശഭരണ പ്രദേശങ്ങളിലെ രോഗികളുമായി സമ്പർക്കത്തിലേർപ്പെട്ടവരെ കണ്ടെത്താനും അവരെ ടെസ്റ്റ് ചെയ്യാനും ഊന്നൽ നൽകും.
സംസ്ഥാനത്തിന് ആവശ്യമായ ഓക്സിജൻ, ടെസ്റ്റിങ് സാമഗ്രികൾ, അവശ്യ മരുന്നുകൾ, കിടക്കകൾ മുതലായവയുടെ ലഭ്യത ആരോഗ്യവകുപ്പ് ഉറപ്പാക്കും.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

Related Articles

Back to top button