KeralaNews

സംസ്ഥാനത്ത് രാത്രികാല കര്‍ഫ്യൂ നിലവിൽ

തിരുവനന്തപുരം:പൊതുഗതാഗതവും അവശ്യയാത്രകളും അനുവദിക്കും. റംസാന്‍ നോമ്ബുമായി ബന്ധപ്പെട്ട ആവശ്യങ്ങള്‍ക്കും ഇളവ് നല്‍കും. എന്നാല്‍ ദീര്‍ഘദൂര യാത്രകള്‍ ഒഴിവാക്കണമെന്നും ജനങ്ങളു‌ടെ സുരക്ഷയ്ക്കായാണ് നിയന്ത്രണമെന്ന് തിരിച്ചറിഞ്ഞ് സഹകരിക്കണമെന്നും ഡി.ജി.പി ലോക്നാഥ് ബെഹ്റ ആവശ്യപ്പെട്ടു. ബാറുകളും ഹോട്ടലുകളും മാളുകളും തീയറ്ററുകളും രാത്രി ഏഴരയ്ക്ക് അടയ്ക്കണം.

കോവിഡിന്റെ രണ്ടാം തരംഗത്തെ നിയന്ത്രിക്കാന്‍ സംസ്ഥാനം നടപ്പാക്കുന്ന ആദ്യനിയന്ത്രണങ്ങളില്‍ ഏറ്റവും പ്രധാനപ്പെട്ടതാണ് രാത്രികാല കര്‍ഫ്യു. രാത്രി 9 മണി മുതല്‍ പുലര്‍ച്ചെ 5 വരെയാണ് നിയന്ത്രണങ്ങള്‍. ഈ സമയത്ത് വ്യാപാരസ്ഥാപനങ്ങളുടെ പ്രവര്‍ത്തനം, ആഘോഷങ്ങള്‍,ഒത്തുചേരലുകള്‍ ഒന്നും അനുവദിക്കില്ല.

പൊതുഗതാഗതത്തെയും ചരക്ക് ഗതാഗതത്തെയും കർഫ്യൂവിൽ നിന്ന് ഒഴിവാക്കി.കെ.എസ്.ആര്‍.ടി.സി ബസുകളും സര്‍വീസ് തുടരും. ആശുപത്രി, മെഡിക്കല്‍ സ്റ്റോറുകള്‍,പാല്‍, പത്രം, മാധ്യമപ്രവര്‍ത്തകര്‍ എന്നിവരടക്കം അവശ്യസര്‍വീസുകള്‍ക്കും രാത്രികാല ജോലിയിലുള്ളവര്‍ക്കും യാത്രയാകാം. സ്വകാര്യവാഹനങ്ങളിലും അത്യാവശ്യയാത്രകള്‍ അനുവദിക്കുമെങ്കിലും പരമാവധി ഒഴിവാക്കി സഹകരിക്കണമെന്ന് ഡി.ജി.പി അറിയിച്ചു.

രാത്രികാല യാത്രകള്‍ നിരീക്ഷിക്കാന്‍ പൊലീസ് സ്റ്റേഷന്‍ അതിര്‍ത്തികളിലും ജില്ലാ അതിര്‍ത്തികളിലും പരിശോധനയുണ്ടാവും. യാത്ര ചെയ്യുന്നവര്‍ തിരിച്ചറിയല്‍ രേഖകള്‍ കാണിക്കുന്നതിനൊപ്പം യാത്രയുടെ ആവശ്യവും ബോധിപ്പിക്കേണ്ടിവരും. കാറില്‍ യാത്ര ചെയ്യുന്നവര്‍ ഒറ്റക്കായാലും മാസ്ക് ധരിക്കണം. ഡ്രൈവറടക്കം നാല് പേരെയാണ് അനുവദിക്കുന്നത്. റംസാന്‍ നോമ്ബ് കാലമായതിനാല്‍ അതുമായി ബന്ധപ്പെട്ടുള്ള യാത്രകളെ നിയന്ത്രണങ്ങളില്‍ നിന്നൊഴിവാക്കിയിട്ടുണ്ട്.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

Related Articles

Back to top button