ന്യൂഡൽഹി :രാത്രി കർഫ്യൂ, വലിയ ജനക്കൂട്ടം ഒഴിവാക്കാനുള്ള കർശന നടപടികൾ, വിവാഹത്തിനും മരണാനന്തര ചടങ്ങിനും പങ്കെടുക്കുന്നവരുടെ എണ്ണം നിയന്ത്രിക്കൽ തുടങ്ങിയ നടപടികൾ പരിഗണിക്കാൻ സംസ്ഥാനങ്ങളോട് കേന്ദ്രസർക്കാർ നിർദേശിച്ചു. ഡെൽറ്റ വകഭേദത്തെക്കാൾ മൂന്നിരട്ടി വ്യാപനശേഷിയുള്ളതാണ് ഒമിക്രോണെന്നും ‘യുദ്ധസജ്ജ’മാകാനും കേന്ദ്ര ആരോഗ്യസെക്രട്ടറി രാജേഷ് ഭൂഷൺ അയച്ച കത്തിൽ വ്യക്തമാക്കിയിട്ടുണ്ട്. ഇന്ത്യയിൽ കോവിഡിന്റെ ഒമിക്രോൺ വകഭേദം ബാധിച്ചവരുടെ എണ്ണം 213 ആയി. ഇതിൽ 77 പേർ രോഗമുക്തി നേടി. തെലങ്കാന (20), കർണാടക (19), രാജസ്ഥാൻ (18), കേരളം (15), ഗുജറാത്ത് (14) എന്നിവിടങ്ങളിലും ഒമിക്രോൺ കേസുകൾ കൂടുതലാണ്.
രാജ്യ തലസ്ഥാനമായ ഡൽഹിയിൽ 24 പേർക്ക് കൂടി കൊവിഡ് ഒമിക്രോൺ വകഭേദം (Omicron) സ്ഥിരീകരിച്ചു. കൊവിഡ് (Covid) മൂന്നാം തരംഗം ഒഴിവാക്കാൻ കഴിയില്ലെന്ന് വിദഗ്ധർ അഭിപ്രായപ്പെട്ടു.
രാജ്യത്താകെ ഒമിക്രോൺ ബാധിതരുടെ എണ്ണം ഇരുന്നൂറു കടന്നിട്ടുണ്ട്. ഏറ്റവും കൂടുതൽ ഒമിക്രോൺ ബാധിതർ ദില്ലിയിലും (Dlehi) മുംബൈയിലും (Mumbai) ആണ്. ഒമിക്രോണിന് ഡെൽട്ട വകഭേദത്തെക്കാൾ മൂന്നിരട്ടി വ്യാപന ശേഷിയുള്ളതായി ആരോഗ്യ മന്ത്രാലയം അറിയിച്ചു. ജില്ലാ പ്രാദേശിക അടിസ്ഥാനത്തിൽ കർശന നിരീക്ഷണവും , പരിശോധനയും ഉറപ്പാക്കണമെന്ന് കേന്ദ്രസർക്കാർ സംസ്ഥാനങ്ങൾക്ക് നിർദേശം നൽകി. 10 ശതമാനത്തിന് മുകളിൽ പോസിറ്റീവിറ്റി നിര്ക്കുള്ള സ്‌ഥലങ്ങളിൽ നിയന്ത്രണങ്ങൾ കർശനമാക്കാനാണ് കേന്ദ്രത്തിന്റെ നിർദേശം.
രാജ്യത്താകെ 137 കോടിപേർക്ക് കൊവിഡ് വാക്സിൻ എത്തിക്കാനായി എന്ന് കഴിഞ്ഞ ദിവസം കേന്ദ്ര ആരോഗ്യമന്ത്രി മൻസൂഖ് മാണ്ഡവ്യ പാർലമെന്റിൽ അറിയിച്ചിരുന്നു. രണ്ട് തദ്ദേശീയ വാക്സിനുകൾക്ക് കൂടി അടിയന്തിര ഉപയോഗത്തിന് ഉടൻ അനുമതി നൽകും. പ്രതിമാസം 45 കോടി വാക്സിൻ ഉല്പാദിപ്പിക്കാനുള്ള ശേഷിയിലേക്കാണ് രാജ്യം എത്തുന്നത്. കൊവിഡ് പ്രതിരോധത്തിനായി അടിസ്ഥാന സൗകര്യം ഒരുക്കാൻ 23,000 കോടി രൂപ സംസ്ഥാനങ്ങൾക്കായി അനുവദിച്ചിട്ടുണ്ട്. ജില്ലാ ആശുപത്രികളിൽ ആവശ്യമായ സൗകര്യങ്ങൾ ഒരിക്കാനും കുട്ടികൾക്കായി പ്രത്യേക വാര്‍ഡുകൾ തയ്യാറാക്കാനുമാണ് ഈ തുക ചിലവിടുകയെന്നും ആരോഗ്യ മന്ത്രി രാജ്യസഭയെ അറിയിച്ചിരുന്നു.
കേരളത്തിലെ കൊവിഡ് വാക്‌സിനേഷന്‍ 75 ശതമാനം കഴിഞ്ഞതായി ആരോഗ്യ വകുപ്പ് അറിയിച്ചു. 97.38 ശതമാനം പേര്‍ക്ക് ആദ്യ ഡോസ് വാക്‌സിനും 75 ശതമാനം പേര്‍ക്ക് രണ്ടു ഡോസ് വാക്‌സിനും നല്‍കി. ഒമിക്രോണ്‍ സാഹചര്യത്തില്‍ പ്രത്യേക കൊവിഡ് വാക്‌സിനേഷന്‍ യജ്ഞങ്ങള്‍ നടക്കുകയാണ്. പത്തു ലക്ഷം ഡോസ് വാക്സീൻ കേരളത്തിൽ സ്റ്റോക്കുണ്ടെന്നും ആരോഗ്യമന്ത്രി വീണാ ജോർജ് അറിയിച്ചു.