ആലപ്പുഴ: പെെലറ്റ് ആണെന്ന് പറഞ്ഞ് വിശ്വസിപ്പിച്ച് ആലപ്പുഴ സ്വദേശിയായ യുവതിയുടെ പക്കൽ നിന്നും പണം തട്ടിയ നെെജീരിയക്കാരൻ അറസ്റ്റിൽ. എനുക അരിൻസി ഇഫെന്ന എന്ന നൈജീരീയൻ പൗരനെയാണ് ആലപ്പുഴ സൈബർ ക്രൈം പോലീസ് ഡൽഹി ഗ്രേറ്റർ നോയിഡയിൽ നിന്നും പിടികൂടിയത്. ഓൺലൈൻ പണം തട്ടിപ്പ് സംഘത്തിലെ പ്രധാനിയാണ് പിടിയിലായ നൈജീരിയൻ പൗരൻ.
ആലപ്പുഴ സ്വദേശിനിയായ യുവതി ഡേറ്റിങ് ആപ്പിലൂടെയാണ് പ്രതിയെ പരിചയപ്പെടുന്നത്. അമേരിക്കയിൽ പൈലറ്റ് ആണെന്നും ഇന്ത്യക്കാരിയായ യുവതിയെ വിവാഹം കഴിക്കാൻ താല്പര്യമുണ്ടെന്നും പറഞ്ഞുവിശ്വസിപ്പിച്ച് പ്രതി യുവതിയുമായി അടുപ്പത്തിലായി. പിന്നീട് ഇന്ത്യയിൽ എത്തിയിട്ടുണ്ടെന്നും കൊണ്ടുവന്ന ഡോളർ എക്സ്ചേഞ്ച് ചെയ്യാനും മറ്റ് ആവശ്യങ്ങൾക്കുമായി യുവതിയിൽ നിന്നും പ്രതി 10ലക്ഷം രൂപ കൈക്കലാക്കി. വീണ്ടും 11ലക്ഷം രൂപ കൂടി ആവശ്യപ്പെട്ടത്തോടെ യുവതി പണം അയയ്ക്കാൻ ബാങ്കിലെത്തിയപ്പോഴാണ് തട്ടിപ്പ് മനസിലായത്.
സൈബർ തട്ടിപ്പിലൂടെ കോടികളാണ് പ്രതിയും കൂട്ടാളികളും ചേർന്ന് തട്ടിയതെന്ന് ചോദ്യം ചെയ്യലിൽ വ്യക്തമായി. വലിയൊരു റാക്കറ്റ് തന്നെ ഇതിന് പിന്നിൽ പ്രവർത്തിക്കുന്നുണ്ടെന്നാണ് പൊലീസ് പറയുന്നത്. മൊബൈൽ ഫോൺ കേന്ദ്രകരിച്ച് നടത്തിയ അന്വേഷണമാണ് പ്രതിയിലേക്ക് എത്താൻ സഹായിച്ചത്. ആലപ്പുഴ സൈബർ സി ഐ എം കെ രാജേഷിന്റെ നേതൃത്വത്തിലുള്ള സംഘം നോയിഡയിൽ എത്തിയാണ് പ്രതിയെ പിടികൂടിയത്. ഇന്ത്യക്കാരുടെ അക്കൗണ്ടുകൾ ഉപയോഗിച്ച് പണം സ്വീകരിച്ച്, ഉടൻ തന്നെ തുക നൈജീരിയൻ അക്കൗണ്ടിലേക്കു മാറ്റുകയായിരുന്നു ഇയാളെന്ന് ജില്ലാ പൊലീസ് മേധാവി ജി ജയ്ദേവ് പറഞ്ഞു. പ്രതിയെ ഇന്ന് ആലപ്പുഴ ചീഫ് ജുഡീഷ്യൽ മജിസ്ട്രേട്ട് കോടതിയിൽ ഹാജരാക്കും.
ഭാര്യയെ കബളിപ്പിച്ച് ജോയിന്റ് അക്കൗണ്ടിൽ നിന്ന് ഒരു കോടി രൂപ തട്ടിയ കേസിൽ ഭർത്താവും പെൺ സുഹൃത്തും പോലീസ് പിടിയിൽ. കോടഞ്ചേരി കാക്കനാട്ട് ഹൗസിൽ സിജു കെ. ജോസിനെയും സുഹൃത്ത് കായംകുളം സ്വദേശി പ്രിയങ്കയേയുമാണ് പോലീസ് അറസ്റ്റ് ചെയ്തത്. ഒളിവിൽ പോയ ഇരുവർക്കുമെതിരെ പോലീസ് ലുക്ക്ഔട്ട് നോട്ടീസ് പുറപ്പെടുവിച്ചിരുന്നു.
പ്രതി സിജു.കെ.ജോസിന്റെയും നഴ്സായ ഭാര്യയുടെയും പേരിൽ ബാങ്ക് ഓഫ് അമേരിക്കയിലും, ക്യാപ്പിറ്റൽ വണ്ണിലുമുള്ള ജോയിന്റ് അക്കൗണ്ടിൽ നിന്നാണ് ഒരു കോടി ഇരുപത് ലക്ഷത്തി നാല്പത്തിയയ്യായിരം രൂപ പെൺ സുഹൃത്തിന്റെ അക്കൗണ്ടിലേക്ക് പ്രതി മാറ്റിയത്. ഇരുവരും ചേർന്ന് , തന്നെ ചതിച്ച് തന്റെ പണം തട്ടിയെടുത്തെന്നായിരുന്നു പ്രതിയുടെ ഭാര്യ നൽകിയ പരാതി.
കേസ് രജിസ്റ്റർ ചെയ്ത ശേഷംപ്രതികൾ നേപ്പാളിലേക്ക് ഒളിവിൽ പോയി. ഒടുവിൽ തിരികെ ഡൽഹി എയർ പോർട്ടിലെത്തിയ പ്രതികളെ ലുക്ക് ഔട്ട് സർക്കുലറിന്റെയടിസ്ഥാനത്തിൽ ഡൽഹി എയർ പോർട്ടിലെ എമിഗ്രേഷൻ വിഭാഗം തടഞ്ഞു.
ഇതിന് പിന്നാലെയാണ് കായംകുളം പോലീസെത്തി പ്രതികളുടെ അറസ്റ്റ് രേഖപ്പെടുത്തിയത്.ആലപ്പുഴ ജില്ലാ പോലീസ് മേധാവി ജെ. ജയ്ദേവ് ഐപിഎസിന്‍റെ നേതൃത്വത്തിൽ കായംകുളം ഡി.വൈ.എസ്.പി അലക്സ് ബേബി, സി.ഐ. മുഹമ്മദ് ഷാഫി എന്നിവരുടെ നേതൃത്വത്തിലാണ് പ്രതികളെ പിടികൂടിയത്.
കരുനാഗപ്പള്ളിയിൽ ഹോം അപ്ലയൻസ് സ്ഥാപനം തല്ലിത്തകർത്തു. ഞായറാഴ്ച പുലർച്ചെ കെട്ടിട ഉടമയുടെ നേതൃത്വത്തിലെത്തിയ നൂറോളം പേരാണ് അക്രമം നടത്തിയതെന്നാണ് പരാതി. കട ഒഴിയാത്തതിനന്റെ പേരിലായിരുന്നു അക്രമം.
ഏഴു വർഷമായി കരുനാഗപ്പള്ളി പുള്ളിമാൻ ജംഗ്ഷനിൽ പ്രവർത്തിക്കുന്ന രശ്മി ഹാപ്പി ഹോമാണ് തല്ലിതകർത്തത്. രാവിലെ മൂന്നു ബസുകളിൽ എത്തിയ സംഘം കടയുടെ ഷട്ടറുകൾ തകർത്ത് സാധനസാമഗ്രികൾ നശിപ്പിച്ചു. ദേശീയ പാത വികസനത്തിന്‍റെ ഭാഗമായി കടയുടെ മുൻഭാഗം പൊളിച്ച് നീക്കേണ്ടതാണ്.
എന്നാൽ കട പൂർണ്ണമായും ഒഴിയണമെന്നായിരുന്നു ഉടമയുടെ ആവശ്യം. ഇതുമായി ബന്ധപ്പെട്ട ചർച്ചകൾ നടക്കുന്നതിനിടെയാണ് അക്രമം. സ്ഥാപനം തല്ലിത്തകർത്ത് ലക്ഷങ്ങളുടെ ഉൽപ്പന്നങ്ങൾ കേടുപാട് വരുത്തിയതായും, സി.സി.ടി.വി യുടെ ഡി.വി.ആർ ഉൾപ്പെടെ കടത്തിക്കൊണ്ട് പോയതായും ഉടമ രവീന്ദ്രൻ പറഞ്ഞു.
വലിയത്ത് ഗ്രൂപ്പിന്റെ ഉടമസ്ഥതയിലുള്ള കെട്ടിടത്തിലാണ് സ്ഥാപനം പ്രവർത്തിച്ചിരുന്നത്. കടമുറി ഒഴിയുന്ന ചർച്ചകൾ നടക്കുകയും, സ്ഥാപനം പുതിയ കെട്ടിടത്തിലേക്ക് മാറ്റുന്നതിന് വേണ്ട നടപടികൾ ആരംഭിച്ചിരുന്നതായും സ്ഥാപന ഉടമ പറയുന്നു.